Search This Blog

Monday, April 11, 2016

മാര്‍ണെണമിക്കൊരു കാത്ത്നില്‍പ്

വന്ന വഴിയിലോക്കൊരു എത്തി നോട്ടം ***************************************** Part II ചെറുപ്പത്തില്‍ അമ്യൂസ്മെന്‍റ് പാര്‍ക്കും , തൊട്ടിലാട്ടവും കാണാത്ത കൃഷിക്കാരുടെ മക്കളായ ഞങ്ങളുടെ ഏറ്റവും വലിയ സാഹസിക ഉല്ലാസമായിരുന്നു വയലില്‍ കാളയ്ക്ക് പിറകില്‍ പടി ചവിട്ടുമ്പോള്‍ അതില്‍ കയറിയിരിക്കലും ഗോളിന്‍റെ (ആല്‍) മരത്തിലെ തുങ്ങിയുള്ള ഊഞ്ഞാലാടലും. പാടത്തെ ചെളിയിലൂടെ പടി (പലക) കെട്ടി അതിലിരിക്കല്‍ വളരെ രസമാണ്. ദേഹം മൊത്തം ചെളിയാകും. കാളയുടെ ബിംബ് (വാല്)മടക്കുന്നതിനനുസരിച്ച് സ്പീടും കൂടും, അതിനിടയ്ക്ക് പൊണ്ണമ്മന്‍റെ ബഹളവും '' ഒട്ദ ബോരി ഒട്ദ ഹോ ഹോ ഹോ...... '' , മ്..മ്....മ് എന്ന പറയുമ്പോഴേക്കും ആ ഓട്ടം പതുക്കെയാക്കി സാവദാനം നില്‍ക്കും, ചെളി തെറിച്ച് കാതിനകത്ത് വരെയുണ്ടാകും. ഞങ്ങള്‍ പുള്ളരൊക്കെ ആകാംശയോടെ കാത്തിരിക്കുന്നത് മാര്‍ണ്ണമി (മഹാനവമി) വരാനാണ്. പാടത്ത് കൊയ്ത്തിന്‍റെ സമയമാകുമ്പോളാണ് മാര്‍ണ്ണമി ആവാറ്. ചെണ്ടയുടെ താളത്തിന് തുള്ളുന്ന കരടി വേഷക്കാരും, പീപിയൂതി വരുന്ന കൊറഗ വേഷക്കാരും, മറ്റ് പല കോമാളി വേഷക്കാരും വീട് വീടുകളില്‍ കയറിയിറങ്ങും. ആ ഒമ്പത് ദിവസം ഗ്രാമത്തിലെ കുട്ടികള്‍ക്ക് കണ്ട വേഷത്തിന്‍റെ കഥകള്‍ പരസ്പരം പങ്ക് വയ്ക്കാനുണ്ടാകും. കാലികള്‍ നിറഞ്ഞ തൊഴുത്തായിരുന്നു ഞങ്ങളുടെതായത്കൊണ്ട് ഉച്ചവരെയുള്ള സ്ക്കൂളും ഉച്ചയ്ക്ക് ശേഷമുള്ള മദ്രസയും കഴിഞ്ഞാല്‍ രാവിലെ മേയാന്‍ വിട്ട കാലികളെ തിരിച്ച് കൊണ്ട് വരേണ്ട പണി എനിക്കും സഹോദരന്‍മാര്‍ക്കുമായിരുന്നു. ഒഴിഞ്ഞ പാടത്തും , പറമ്പിലും കുട്ടികള്‍ കബടിയും, മടല്‍ കൊണ്ടൂണ്ടാക്കിയ ബാറ്റ് കൊണ്ട് ക്രിക്കറ്റും കളിക്കുന്നത് കാണാം, ചിലപ്പോള്‍ കാലികള്‍ നേരത്തെ തിരിച്ച് വന്നാല്‍ അവരുടെ കൂടെ കളിക്കാനും അവസരം കിട്ടും. വയലിലും പള്ളത്തിനടുത്തും കാലികളെ തിരഞ്ഞ് പോകും, ഞങ്ങളെ പോലെ വടിയും പിടിച്ച് കാലിയും തിരഞ്ഞ് നടക്കുന്ന പലരേയും കാണാം. ഞങ്ങളുടെ കാലികളെ വഴിയില്‍ വച്ചെവിടെയും കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ സൂചന തരും, പിന്നെ നടത്തം ആ വഴിക്കാണ്. മൂരിക്കുട്ടന്‍മാരെ തിരിച്ച് കൊണ്ട് വരാന്‍ പാടാണ് പ്രത്യേകിച്ച് സുര്‍ക്കളത്തിന്‍റെ (പ്രചനനം) കാലത്ത്. പശുവിന്‍റെ പിന്നാലെയുള്ള അവരുടെ ഓട്ടത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ച് കൊണ്ട് വരാന്‍ ഒത്തിരി സാഹസമൊക്കേ വേണം. ചിലപ്പോള്‍ രണ്ട് ദിവസമൊക്കേ അന്വേഷിച്ചാലും അവറ്കളെ കാണൂലാ, പിന്നെ നേരെ ദൊഡ്ഡിയില്‍ പോയി അന്വേഷിക്കും ആരെങ്കിലും കൊണ്ട്പോയി കെട്ടിയിട്ടുണ്ടോ എന്ന് നോക്കാന്‍. തുടരും......

No comments:

Post a Comment