Search This Blog

Monday, April 11, 2016

എന്‍റെ ഉമ്മ

എന്നെ വായനശീലമുള്ളതാക്കിയതും, ചരിത്രങ്ങള്‍ വായിക്കാനും പഠിക്കാനുമുള്ള ആവേശം പകര്‍ന്നതും എന്‍റെ ഉമ്മയായിരുന്നു. സ്കൂളില്‍ പോയിട്ടില്ലാത്ത സ്ക്കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്ത ഉമ്മയുടെ പുസ്തക ശേഖരങ്ങളായിരുന്നു എന്നെയൊരു വായനക്കാരനാക്കിയത്. അതായിരുന്നു എന്‍റെ ആദ്യത്തെ ലൈബ്രറിയും. രാവിലെയും വൈകുന്നേരവും ഉപ്പ വാങ്ങുന്ന കന്നട പത്രങ്ങളാണ് എന്നെ കന്നട വായിക്കാന്‍ പഠിപ്പിച്ചതും വര്‍ത്തകള്‍ അറിയാന്‍ സഹായിച്ചതും. ചെറുപ്പത്തില്‍ എപ്പോഴോ ഒന്നോ രണ്ടോ വര്‍ഷം ഓത്ത് പഠിച്ചതാണ് ഉമ്മയ്ക്ക് കിട്ടിയ ആകെയുള്ള വിദ്യാഭ്യാസം. അതിലൂടെ ഉമ്മ അറബിയും, അറബി മലയാളവും വായിക്കാന്‍ പഠിച്ചു. എന്‍റെ കൂടുയുള്ള കൂട്ടുകാരുടെയും, അടുത്ത വീടുകളിലെ ഉമ്മാമാരുടെ പലരുടെയും വിദ്യാഭ്യാസ യോഗ്യതയും ഇത് തന്നെ. കൃഷിയും കാലികളും അതിന്‍റെ കൂടെ ഞങ്ങള്‍ ആറ് മക്കളെയും നോക്കാന്‍ ഉമ്മ വളരെ കഷ്ടപ്പെട്ടു. വേനല്‍കാലത്ത് നെല്‍കൃഷിയില്ലാത്തത് കൊണ്ട് ഒഴിവുനേരങ്ങളില്‍ ഉമ്മ ബീഡി കെട്ടും. അതില്‍ കിട്ടുന്ന കാശ് കൊണ്ട് വീടുകളില്‍ കിത്താബ് വിറ്റ് വരുന്നയാളില്‍ നിന്നും ഉമ്മ അറബിമലായളത്തിലുള്ള ചരിത്ര പുസ്തകങ്ങള്‍ വാങ്ങും . ആദ്യം ഇടയ്ക്കിടക്ക് വാങ്ങിയിരുന്നതെങ്കിലും വായനയിലുള്ള എന്‍റെ താല്‍പര്യം കണ്ട് ഉമ്മ ഒരുപാട് പഴയ മഹാന്മാരുടെയും സംഭവങ്ങളുടെയും ചരിത്രപുസ്തകങ്ങള്‍ തന്നെ വാങ്ങിച്ചു. ആ പുസ്തകങ്ങള്‍ വയ്ക്കാന്‍ കബോര്‍ഡ് തന്നെയുണ്ടായിരുന്നു. അറബിമലയാളത്തിലുള്ള പുസ്തകങ്ങള്‍ ഉമ്മ സ്വയം വായിക്കുമ്പോള്‍ മലയാളം പുസ്തകങ്ങളിലെ ചരിത്രങ്ങള്‍ ഞങ്ങള്‍ വായിച്ച് പറഞ്ഞ് കൊടുക്കും. അത് പോലെ തന്നെ ഉപ്പയും ഒരുപാട് പുസ്തകങ്ങള്‍ കൊണ്ട് വരും രാത്രി അത്താഴ ശേഷം അവരുടെ മുമ്പില്‍ അത് വായിച്ച് കൊടുക്കണം . ഇടയ്ക്ക് സംശയവും ചോദ്യങ്ങളും ചോദിക്കും. മറുപടി അറിഞ്ഞില്ലെങ്കിലോ തെറ്റിച്ച് വായിച്ചാലോ ചീത്ത ഉറപ്പ്. അത് കൊണ്ട് ഉപ്പന്‍റെ മുന്നില്‍ പേടിയോടെയാണ് വായിച്ചിരുന്നത്. അവര്‍ക്ക് മനസ്സിലാവാത്ത കാര്യങ്ങള്‍ വീണ്ടും വായിക്കാന്‍ പറഞ്ഞാല്‍ വിറച്ച് കൊണ്ട് വായിക്കും. അറബിമലയാളം ഭാഷയിലല്ലാതെ ഞാന്‍ ആദ്യമായി പൂര്‍ണ്ണമായി വായിച്ച വലിയ ഗ്രന്ഥം എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്. അന്ന് ഞാന്‍ അഞ്ചാം ക്ളാസിലാണ്. മൊത്തമായി കഥ മനസ്സിലാക്കാന്‍ മൂന്ന് വട്ടം തുടരെ തുടരെ വായിച്ചു. മദ്രസാധ്യാപകനായിരുന്ന അമ്മാവന്‍ ഒരുപാട് പുസ്തകങ്ങള്‍ വാങ്ങും. അദ്ദേഹത്തെക്കുറിച്ച് വീട്ടുകാര്‍ക്കുണ്ടായിരുന്ന പരാതി ശമ്പളം കിട്ടുന്ന കാശ് അയാള്‍ക്ക് പുസ്തകം വാങ്ങാന്‍ മതിയാവുന്നില്ല എന്നാണ്. അങ്ങനെ അദ്ദേഹത്തിന്‍റെ കൈയ്യില്‍ നിന്നും വായനക്കുള്ള ഒരുപാട് മാഗസിനുകള്‍ കിട്ടും. അതൊരു വലിയ പുസ്തക ശേഖരം തന്നെയായി. എനിക്ക് വായനയോടുള്ള കമ്പം പാഠപുസ്തകങ്ങള്‍ വായിക്കുന്നതിലില്ലായിരുന്നു. ആകെ വായിക്കുന്നത് സാമൂഹ്യപാഠവും മലയാള ഉപപാഠ പുസ്തകവും. അത് കൊണ്ട് തന്നെ ആ രണ്ട് വിശയത്തിലൊഴിച്ച് ബാക്കി വിശയങ്ങളില്‍ എന്‍റെ പഠന നിലവാരം വളരെ പരിതാപകരമായിരുന്നു. പതിയെ പതിയെ വീട്ടിലെ ആ വലിയ കബോര്‍ഡിനും അതിലെ പുസ്തകത്തിനും എന്‍റെ വായനശീലത്തിനും ചിതലരിച്ചു. സൂക്ഷിച്ച് വെച്ച പുസ്തകങ്ങള്‍ 2007 ല്‍ വീട് പുതുക്കിപണിയുമ്പോള്‍ നഷ്ടമായി. ഇന്നും ഇത് കുത്തിക്കുറിക്കാന്‍ പ്രചോദനം ഉമ്മ വാങ്ങിതന്ന പുസ്തകങ്ങളും ഉപ്പയുടെ മുന്നില്‍ വിറയലോടെ വായിച്ച അക്ഷരങ്ങളുമാണ്.

No comments:

Post a Comment