Search This Blog

Sunday, April 24, 2016

ഞാനാദ്യം

ഞാനാദ്യം ********* കബഡി കളിക്കിടെ വീണ് മുട്ടില്‍ നിന്നും ചോര വന്നപ്പോള്‍ കൂട്ടുകാരന്‍ മുറിവില്‍ ഒഴിച്ചു തന്ന കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയാണ് ഞാനാദ്യം കണ്ട വലിയ മരുന്ന് ഉണങ്ങാത്ത മുറിവ് നോക്കി ആവണിക്കയുടെ പാല് കൊണ്ട് വന്ന് ഒഴിച്ച ഉമ്മുമ്മയാണ് ഞാനാദ്യം കണ്ട വലിയ വൈദ്യര്‍. കാലില്‍ കുപ്പിച്ചില്ല് കയറിയപ്പോള്‍ സൂചി കൊണ്ടതെടുത്ത് മുറിവില്‍ വെള്ളം കയറാതിരിക്കാന്‍ കശുവണ്ടിയുടെ തോട് പൊളിച്ച് തീയില്‍ ചുട്ട് അതിന്‍റെ ചൂടു കറ കാലില്‍ ഒഴിച്ച് തന്ന ഉമ്മ ചെയ്ത ചികിത്സയാണ് ഞാനാദ്യം കണ്ട വലിയ ശാസ്ത്രക്രിയ. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ പദ്യം പഠിക്കാത്ത കാരണത്താല്‍ ടീച്ചര്‍ കൊണ്ട് പോയി പെണ്‍കുട്ടികളുടെ ബെഞ്ചില്‍ അവരുടെ ഇടയില്‍ ഇരുത്തിയാതാണ് എനിക്കാദ്യം കിട്ടിയ വല്യശിക്ഷ. ഓട്ടത്തിനിടെ റബ്ബര്‍ ചെരുപ്പിന്‍റെ ചുണ്ട പൊട്ടിയപ്പോള്‍ ഷര്‍ട്ടിന്‍റെ കീഴിലെ അഗ്രം ചെരുപ്പിലെ ദ്വാരത്തിനകത്തിട്ട് ചുണ്ട അതില്‍ കോര്‍ത്ത് വലിച്ച് തന്നും, മഴക്കാലത്ത് റബ്ബര്‍ ചൊരുപ്പിട്ട് നടക്കുമ്പോള്‍ ചെളി തെറിക്കാതിരിക്കാന്‍ ബാറില്‍ റിബണ്‍ കെട്ടിയും തന്ന എന്‍റെ സഹോദരനാണ് ഞാനാദ്യം കണ്ട വലിയ എഞ്ചിനിയര്‍. സൈക്കിളിന്‍റെ മുന്‍ വശത്തെ കമ്പിയില്‍ ഇരുത്തി സവാരി കൊണ്ട് പോയ ഇളയുപ്പയും, നിലത്ത് കാലെത്താത്ത സൈക്കിളില്‍ സീറ്റില്‍ ഇരിക്കാതെ കമ്പിക്കിടയില്‍ കാലിട്ട് ചവിട്ടിയ കൊച്ചു മാമനുമാണ് ഞാനാദ്യം കണ്ട ഹെവി ഡ്രൈവര്‍മാര്‍. അടുക്കളയിലെ അലമാരയില്‍ വച്ച അമുല്‍ സ്പ്രേയുടെ പാല്‍പൊടി ഉമ്മ കാണാതെ എടുത്ത് തിന്നതാണ് ഞാന്‍ ചെയ്ത വലിയ മോഷണം. ബോംബെയില്‍ നിന്നും വരുമ്പോള്‍ അമ്മാവന്‍ കൊണ്ട് വന്നിരുന്ന വലിയ ടബ്ബയ്ക്കകത്തേ പാര്‍ലെജി ബിസ്ക്കറ്റാണ് ഞാനാദ്യം തിന്ന രുചിയേറിയ ബിസ്ക്കറ്റ്. പെരുന്നാളിന്‍റെ തലേരാത്രി അടുത്ത വീട്ടിലെ കൂട്ടുകാരന്‍ അവരുടെ വീട്ടില്‍ പൊട്ടിച്ച ബീഡി പട്ടാക്കിയുടെ ശബ്ദവും മഴ പട്ടാക്കിയുടെ ദൃശ്യവുമാണ് ഞാനാദ്യം കണ്ട വലിയ വെടിക്കെട്ട്. അധ്യാപകനില്ലത്ത സമയത്ത് ക്ളാസില്‍ സംസരിക്കുന്നവരുടെ പേരെഴുതാന്‍ എന്നെ ഏല്‍പിച്ചപ്പോള്‍ പലപ്രാവശ്യം സംസാരിച്ചിട്ടും അവളുടെ പേരെഴുതാതെ വിട്ടതാണ് ഞാന്‍ ഒരു പെണ്ണിന് നല്‍കിയ വലിയ സമ്മാനം. വേറേ കുട്ടിയോട് പെന്‍സില്‍ ചോദിക്കാന്‍ മാത്രം സംസാരിക്കേണ്ടി വന്ന കൂട്ടുകാരന്‍റെ പേരെഴുതി ടീച്ചറിന് നല്‍കി അവനെ അടി കൊള്ളിച്ചതാണ് ഞാനാദ്യം ചെയ്ത ദ്രോഹം വീട്ടിന്‍റെ മുന്നിലെ മാവിന്‍ ചുവട്ടില്‍ വേനലവധിക്കാലത്ത് പറങ്ങട്ടക്ക് (കശുവണ്ടിക്ക് ) പകരം മിഠായിയുടെ സോള്‍ത്തി (നറുക്ക് ) വച്ചതാണ് ഞാനാദ്യം ചെയ്ത വലിയ വ്യാപാരം.

No comments:

Post a Comment