സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Wednesday, April 13, 2016
ബിസു പര്‍ബ
പൊലിക പൊലിക ദൈവമേ
തന്‍ നെല്‍ പൊലിക .....
മലയാളക്കരയുടെ കാര്‍ഷികവര്‍ഷാരംഭമാണ് വിഷു. കൊല്ലം രാജ്യതലസ്ഥാനമായിരുന്ന സമയത്ത് അതുവരെ ഉണ്ടായിരുന്ന ചന്ദ്രമാസപഞ്ചാംഗത്തെ മാറ്റി സൌരമാസത്തെ അടിസ്ഥാനപ്പെടുത്തി വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നത്. കൊല്ലവര്‍ഷാരംഭമായി കണക്കാക്കുന്നത് മേടം 1നെയാണ്. സമൃദ്ധിയുടെ വിഷുക്കണികണ്ട് മലയാളി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങാ ,നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങ്ങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുനതാണ് കണി . കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വര്ഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം
ആദിമ ദ്രാവിഡ കര്‍ഷകാഘോഷങ്ങളില്‍ പെട്ട വിഷു തുളു നാട്ടില്‍ അറിയപ്പെടുന്നത് ബിസു എന്ന പേരിലാണ്. തുളുമാസമായ 'പഗ്ഗു' വിലെ ആദ്യദിവസമാണ് ബിസു പര്‍ബ കൊണ്ടാടുന്നത്. സുഗ്ഗി മാസം അവസാനദിനം അഥവ സംക്രാന്തിക്ക് കണി വെയ്ക്കും,
ബിസു ഒരു പ്രകൃതിയുമായി ബന്ധമുള്ള ആഘോഷമാണ്, തൊടിയില്‍ ചക്കയും മാങ്ങയും നിറഞ്ഞ് നില്‍ക്കുന്ന കാലം, വര്‍ഷകാലം ആരംഭിക്കാറായി, കര്‍ഷകര്‍ കൃഷിക്ക് തയ്യാറായി സൂചിപ്പിക്കുന്ന ആഘോഷം.
തുളുനാട്ടിലെ വിഷുക്കണിയെന്നാല്‍ കുടുംബത്തിലെ കാരണവര്‍ അതിരാവിലെ സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് തറവാടിലെ ചാവടിയില്‍ ഇരിക്കാനുപയോഗിക്കുന്ന പലക വെച്ച് അതിന് മുകളില്‍ വാഴയില വെച്ച് വീട്ടിലെഓരോ വിളകളുടെ കൂടെ അരിയോ, നെല്ലോ വച്ച് അതിന് മുകളില്‍ കണ്ണാടിയും വെച്ച് കാണി സമര്‍പ്പിക്കും. വിഷുക്കണിക്ക് ശേഷം കുടുംബംഗങ്ങള്‍ മൊത്തം ചൊക്കിപൂവോ, ചെണ്ടിപൂവോ കയ്യില്‍ പിടിച്ച് പുതിയ വര്‍ഷത്തില്‍ എെശ്വര്യം വരണമെന്ന് പ്രാര്‍ത്തിക്കും.
അതിന് ശേഷമുള്ള ചടങ്ങാണ് കാള് പത്തുനി അഥവ കാല്‍ പിടിക്കല്‍. ഇളയവര്‍ കാരണവന്‍മാരില്‍ നിന്നും, അച്ഛനമ്മാരില്‍ നിന്നും ആശിര്‍വാദം വാങ്ങുന്ന ചടങ്ങ്. അന്നേരം മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് കൈനീട്ടം നല്‍കും.
ബിസു ദിവസം കാളകളെ കുളിപ്പിച്ച് കൊമ്പില്‍ പൂവ് കെട്ടി പാടത്ത് കൊണ്ട് പോയി ഉഴുതും , കഴുകി പൂവ് ചൂടിയ കൈകൊട്ട് കൊണ്ട് കൃഷി സ്ഥലങ്ങളില്‍ കിളയ്ക്കും . അങ്ങനെ ചെയ്താല്‍ ആ വര്‍ഷം നല്ല വിളകളുണ്ടാകുമെന്നാണ് വിശ്വാസം.
എല്ലാവര്‍ക്കും വിഷു ആശംസകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment