സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Sunday, April 10, 2016
പഞ്ചുരുളി
തുളുനാടന്‍ തെയ്യങ്ങള്‍
**********************
#പഞ്ചുരുളി #
തുളുനാട്ടിലെ പ്രധാന തെയ്യമാണ് പഞ്ചുരുളി
തുളുഭാഷയില്‍ പഞ്ചി എന്നാല്‍ പന്നിയാണ്.ഈ തെയ്യം ശാന്തതയും രൌദ്രഭാവവും ഒരേ പോലെ പ്രകടിപ്പിക്കുന്ന തെയ്യമാണ്. ശാന്ത രൂപത്തില്‍ നൃത്തം തുടങ്ങി രൌദ്ര ഭാവം കൈക്കൊള്ളുകയാണ് ചെയ്യുക. നൃത്തത്തിന്റെ മൂര്ദ്ദന്യത്തില്‍ ഭക്തരുടെ നേര്‍ക്ക് ഓടി അടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും. ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന്‍ ഭക്തര്‍ക്ക് അനുഗ്രഹം കൊടുക്കുകയും ചെയ്യും.
വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി. പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ് മനിപ്പനതെയ്യം. കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ് വരാഹി രൂപത്തിലുള്ള പഞ്ചുരുളി എന്നാണ് വിശ്വാസം. പഞ്ചിയുരുകാളിയാണ് പഞ്ചുരുളിയായി മാറിയതത്രെ!. വേറൊന്ന് പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില്‍ ഐശ്വര്യം വിതയക്കാന്‍ അവതരിച്ച കാളി പന്നി രൂപമെടുത്ത കാളിയാണ്. തുളു നാട്ടില്‍ നിന്നെത്തിയ ദേവി കുളൂര്‍ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചതിനാല്‍ വാഗ്ദാന പ്രകാരം പട്ടുവം കടവില്‍ ഇടം നേടിയ ഐതിഹ്യമുണ്ട്.
വേലന്‍, മാവിലന്‍, മലയന്‍, കോപ്പാളന്‍,പമ്പത്താര്‍ എന്നീ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്. ചില കാവുകളില്‍ ദേവിക്ക് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്. രുദ്ര മിനുക്ക് എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment