Search This Blog

Tuesday, April 12, 2016

സുന്നത്ത് മങ്ങാലം

ഇന്ന് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഭാര്യ വീണ്ടും ആ കാര്യം ഓര്‍മ്മിപ്പിച്ചത്, മോന് ബയസ്സ് നാലായി സുന്നത്ത് ഇരുത്തണ്ടേ...? ഹും പതിവ് പോലെ ഞാന് മൂളി ഫോണ്‍ കട്ട് ചെയ്തു. മസ്ക്കറ്റിലെ താമസ മുറിയുടെ വെളിയിലെ വരാന്തയിലിരുന്ന് പലതും ഞാന്‍ ഓര്‍ത്തു . ഇവിടെ ഒറ്റയ്ക്കിരുന്നാല്‍ ഞാന്‍ പഴയകാര്യങ്ങള്‍ പലതും ഓര്‍ക്കും എന്തെങ്കിലും കുത്തിക്കുറിക്കും. എന്‍റെ ഈ അസുഖമറിയാവുന്നത് കൊണ്ട് കൂട്ടുകാരാരും ശല്യം ചെയ്യാന്‍ വരില്ല. പണി കഴിഞ്ഞ് വന്നാല്‍ ഈ കസേര എനിക്കായി ഒഴിഞ്ഞ് കിടക്കും. എന്‍റെ ഓര്‍മ്മകള്‍ ഇരുപത് വര്‍ഷം പിന്നിലോട്ട് പോയി. നാളെയാണെന്നെയും രണ്ട് അനിയന്‍മാരെയും സുന്നത്ത ചെയ്യുന്നത്. അടുത്ത ബന്ധുക്കള്‍ തലേദിവസം തന്നെ വീട്ടിലെത്തിയിട്ടുണ്ട്. ഇനി കുറേ ദിവസം കിടന്നവിടെ നിന്ന് എഴുനേല്‍ക്കാന്‍ പറ്റില്ല. അത് കൊണ്ട് ഞങ്ങളോടി കളിക്കൂകയാണ്. 'ഇന്ന് കളിച്ചോ, നാളെ നിന്‍റെ കൊക്കിഞ്ഞി മുറിച്ചാല്‍ കളിക്കോനി കയ്യാല'' അപ്പുറത്ത് വീട്ടിലെ പെണ്ണുങ്ങള്‍ വിളിച്ച് പറഞ്ഞു. എനിക്ക് നാണമായി. എന്‍റെ കൂട്ടുകാരായ അമ്മായിന്‍റെ മക്കളുടെ സുന്നത്ത് ആദ്യമേ ചെയ്തിരുന്നു. വേദനയെപറ്റിയറിയാന്‍ അവരോട് ഞാന്‍ ചോദിച്ചു, കൊറേ നൊമ്പലാന്നാ.?. ആസത്രേല്‍ അത്ര അറീന്നില്ല പൊരേല്‍ ഇര്ത്തിയങ്ക് കൊറച്ച നൊമ്പലം അറീന്ന് അവര് പറഞ്ഞു. എന്നേ ആശുപത്രിയില്‍ ചെയ്താല്‍ മതിയായിരുന്നു ഞാന്‍ വേദനയോടെയോര്‍ത്തു. രാത്രിയെനിക്ക് ഉറക്കം വന്നില്ല. രാവിലെ അയല്‍വാസികളക്കേ വീട്ടിലെത്തി. ഞങ്ങളോട് കുളിച്ച് വരാന്‍ പറഞ്ഞു. കുളിച്ച് കൈലിയുടുത്ത് വെളിയില്‍ വന്നു. വെളിയില്‍ ആളുകള്‍ക്ക് നടുവില്‍ പരിചയമില്ലാത്ത ഒരാള്‍ ഇരുന്നിട്ടുണ്ട്. അയാളാണ് വസാവ് എന്ന് ആരോ എന്‍റെ കാതില്‍ പറഞ്ഞു. അറുക്കാന്‍ കൊണ്ട് പോകുന്ന പോത്തുകള്‍ അറവുകാരനേ നോക്കുന്നത് പോലെ ഞാന്‍ ദയനീയതയോടെ അയാളുടെ മുഖത്ത് നോക്കി. ഞാനിതെത്ര കണ്ടതാ എന്ന ഭാവത്തോടെ അയാളെന്‍റെ മുഖത്ത് നോക്കി ചിരിച്ചു. സമയമായല്ലേ തുടങ്ങാം അയാളുടെ പറച്ചില്‍ കേട്ട് എന്‍റെ ഉള്ള് നടുങ്ങി . വീട്ടിനടുത്തുള്ള അബ്ബച്ച എന്നയാളും അയാളുമെന്‍റെ അടുത്ത് വന്നു. എന്നും ചിരിച്ച് വരുന്ന അബ്ബച്ച ഒരു ദാക്ഷ്യണ്യയവുമില്ലാതെ എന്‍റെ കൈലി ഊരി. രണ്ട് തുടകള്‍ളെയും ബലമായി അകത്തിപിടിച്ചു. എന്നിട്ടെന്നേ നോക്കി ചിരിച്ചു. അതൊരു കൊലചിരിയായി എനിക്ക് തോന്നി. വസാവു ഒരു കട്ടര്‍ എടുത്ത് എന്‍റെ കൊക്കിഞ്ഞിയെ പിടിച്ചു. ഇപ്പോളെനിക്ക് കൊക്കിഞ്ഞി കാണാന്‍ വയ്യ എന്‍റെ തലയും ഉയര്‍ത്തിപിടിച്ചിട്ടുണ്ട്. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു. അബ്ബച്ചയുടെ പിടിയും മുറുകി. എല്ലാം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കൊക്കിഞ്ഞിക്ക് വെള്ളതുണി ചുറ്റിയിട്ടുണ്ട്. അതില്‍ ചോരയുടെ പാടും കാണാം. നിലത്ത് പിരിച്ച ഓലപായയില്‍ നടുഭാഗം അരക്കയര്‍ കൊണ്ട് പക്കാസില്‍ (കഴുക്കോലില്‍) വലിച്ച് കെട്ടിയ പുതപ്പിനടിയില്‍ എന്നെ കിടത്തി. കൂടെ തൊട്ടപ്പുറത്ത് അനുജന്‍മാരെയും. പലരും വന്ന് സമ്മാനങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. പലരും കൊണ്ട് വന്ന പലഹാരങ്ങള്‍ വീട്ടില്‍ കുന്നുകൂടി. കാണാന്‍ വന്ന പലരും ഞങ്ങളുടെ പുതപ്പ് പൊക്കി നോക്കി എനിക്ക് വേദനയുടെ കൂടെ നാണവുമായി. കാല് അനക്കാന്‍ പാടില്ല എന്ന് പലരും ആജ്ഞാപിച്ചു. കാല് അനക്കിയാല്‍ ചോര പൊട്ടുമെന്ന് പറഞ്ഞ് പേടിപ്പിച്ചു. മൂന്ന് ദിവസം അനങ്ങാതെ കിടക്കണമെന്ന ഉപദേശവും. രാത്രി ഞങ്ങള്‍ ഉറക്കത്തില്‍ അനങ്ങാതിരിക്കാന്‍ കാക്കയും നെരഗരെ(അയല്‍)ക്കാരനും കാവല്‍ നിന്നു. ഇനിയാര്‍ക്കും കൊക്കി കാണിക്കില്ല എന്ന് വിചാരിച്ചു. അപ്പോഴുണ്ട് അടുത്ത വീട്ടിലെ പെണ്ണുങ്ങള്‍ ലഡുവുമായി വരുന്നു. പുള്ളിക്കാരത്തിക്കും കാണണം. ഞാന്‍ നാണത്തോടെ പറഞ്ഞു പറ്റില്ല. അപ്പോളവര് പറയുകയാണ് '' ആയി പുത്തുകട്ടെ ഒരിക്കോ പെമ്മിഞ്ഞി കാണിച്ചിറ്'', എനിക്കാണെങ്കില്‍ ദേശ്യവും വന്നു. അവര് എന്‍റെ എതിര്‍പ്പിനെ വകവെക്കാതെ പുതപ്പ് പൊക്കി നോക്കി. അവിടെയുള്ളവരൊക്കേ ചിരിച്ചു. അവര് പറഞ്ഞു ''പുണ്ണ് ഒണങ്ങോളം തേങ്ങയിട്ട കറി കൊട്ക്കണ്ട, മൊളവുച്ചാര്‍ കൊടുത്തങ്ക് മതി. മൂന്നാം ദിവസം പുണ്ണ് കഴുകാന്‍ തുടങ്ങും, അണുനാശിനി പൊടിയിട്ട വെള്ളത്തില്‍ കഴുകി കെട്ടഴിച്ചു. ധാരധാരയായി വെള്ളമൊഴിച്ച് തുണിയഴിക്കുമ്പോഴും നല്ല വേദന തോന്നി. പിന്നെ ഞങ്ങളുടെ നടത്തം കൈലിയുടെ തുമ്പ് കഴുത്തില്‍ കെട്ടി കൊക്കിഞ്ഞിക്ക് തുണി മുട്ടാതിരിക്കാന്‍ കാലും അകഴിത്തി പിടിച്ചാണ്. ഏഴാം നാള്‍ രാത്രി കുറച്ച് പേര് വീട്ടില്‍ വന്നു കൈമുട്ടും പാട്ടും പാടി ഭക്ഷണവും കഴിച്ച് പോയി. സുന്നത്തിരുത്തിയ സമയത്താണ് പല കുട്ടികളും തടി വയ്ക്കുന്നത്. വീട്ടിലും ബന്ധു വീടുകളിലെയും കൂട്ടിലെ കോഴികളൊക്കേ ഞങ്ങള്‍ക്ക് കറിയായി വന്നിട്ടും ഞങ്ങള്‍ തടി വച്ചില്ല. വന്നവര്‍ പറഞ്ഞു ഈ പുള്ളര്‍ ദാത്താന്നില്ല. അങ്ങന്നെയുണ്ട്. അങ്ങനെ ഞങ്ങളുടെ കല്യാണ നാള്‍ തീരുമാനിച്ചു. പല സ്ഥലങ്ങളിലും സുന്നത്ത് കല്യാണം എന്ന് പറയുന്നത് സുന്നത്തിരുത്തുന്ന ദിവസത്തേയാണ്. അന്ന് വിഭവ സമൃദമായ സദ്യനല്‍കും. ഞങ്ങള്‍ കാസറഗോഡ്കാര്‍ അങ്ങനെയല്ല . കുളിപ്പിക്കാനും, പള്ളിയിലും കൊണ്ട് പോകുന്ന ദിവസത്തേയാണ് സുന്നത്ത് കല്യാണം എന്ന് പറയുന്നത്. അത് ആഘോഷത്തോടെ കൊണ്ടാടും. വീട്ടില്‍ കവുങ്ങും മുളയും കെട്ടി ഓലപന്തലൊരുങ്ങി. നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു. തലേന്ന് രാത്രി വീട്ടില്‍ പെട്രോമാക്സ് വെളിച്ചത്തില്‍ ഞങ്ങളുടെ കൈയ്യില്‍ മൈലാഞ്ചി വച്ചു. ചുറ്റുമിരുന്ന് കൈമുട്ടും പാട്ടും തുടങ്ങി മാണിക്ക മാണിമുത്തു മുഹമ്മദിനേയാ..... കൂടെയുള്ളവര്‍ ഏറ്റുപാടി, താളം മുറുകി. പഴയ പാട്ടുകാര്‍ അവരുടെ കഴിവുകള്‍ പുറത്തെടുത്തു. പാതിരാത്രി വരെ പാട്ട് നീണ്ടു. ഞങ്ങളുടെ കണ്ണില്‍ ഉറക്കം വന്നു. അത് കണ്ട് ഒരു കാരണവര്‍ പറഞ്ഞു കിടാക്കോ ഒര്‍ക്ക് തൂങ്ങ്ന്ന് എനി ബാക്കി നാളെ. അങ്ങനെ അന്നത്തെ ബഹളം കഴിഞ്ഞു. സഭയെല്ലാം നവരോടും സകലരനുവാദം തരൂവീന് സഭാ വീട്ടിലേ പുതുമാരന്‍ കുളിക്കാന്‍ പോന്നേ... കൈകൊട്ടി പാട്ടുകാര്‍ പാട്ട് പാടുന്നു. കൂടെയുള്ളവര്‍ ഏറ്റ് പാടുന്നു. മഞ്ഞവെളളവും തേച്ച് കൈലിയും ബനിയനും ധരിച്ച് പുതിയാപ്പളമ്മാരായ ഞങ്ങളെ കുളിക്കാന്‍ കൊണ്ട് പോകുകയാണ്. അടുത്തുള്ള പൊതു കിണറിന്‍റെയോ ബന്ധു വീട്ടിലെ കിണറിന്‍റെയോ അരികിലാണ് കൊണ്ട് പോകുന്നത് . ഞങ്ങളെ കൊണ്ട് പോയത് പൈവളികെ ബജാറിലെ സര്‍ക്കാര്‍ കിണറ്റിനടുത്താണ്. കൂടെ വരുന്നവരുടെ കൈയ്യില്‍ കുളിച്ച് കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ധരിക്കാനുള്ള പുതിയ വെള്ള തുണിയും, ബനിയനും തൊപ്പിയുമുണ്ട്. കുളിപ്പിച്ച് കഴിഞ്ഞ് പുതിയ തുണിയുടുത്ത് പാട്ടിന്‍റെ അകമ്പടിയോടെ ഞങ്ങള്‍ തിരിച്ച് യാത്രയായി. കുളിച്ച് കഴിഞ്ഞപ്പോള്‍ തന്നെ കിണറിനടുത്ത് ഗരീബ് നവാസ് ഹോട്ടലുള്ള ഖാദര്‍ച്ച ഞങ്ങള്‍ മൂന്നുപേര്‍ക്കും ഓരോരോ ഗ്ളാസ് പാല്‍ നല്‍കി. തിരിച്ച് യാത്ര അല്‍ ബുഷ്റ എന്ന വീടിന്‍റെ മുമ്പിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും അവരുടെ വകയായി കുടിക്കാന്‍ സര്‍ബത്തും ലഭിച്ചു. വീട്ടിലെത്തിയപ്പോള്‍ ചുറ്റും കസേരകള്‍ വച്ച് അതിന് നടുവിലിരുത്തീ . ആ ചമയ്ക്കാന്‍ തൊട്ങ്ങാല്ലേ ആരോ വിളിച്ച് ചോദിച്ചു. ഞങ്ങള്‍ക്ക് വാങ്ങിയ പുതു വസ്ത്രങ്ങള്‍ അണീച്ചു. ചുറ്റുമിരുന്നവര്‍ കൈമുട്ടും പാട്ടും കൊഴുപ്പിച്ചു. ഇതിനിടെ പലരും ഞങ്ങളുടെ കഴുത്തില്‍ നോട്ട്മാലയിട്ടു. മറ്റു പലരും നോട്ട് വെച്ച് പേരെഴുതിയ കവറുകള്‍ ഞങ്ങളുടെ പോക്കറ്റില്‍ തിരുകി.അങ്ങിനെ ആ സുധിനം അവസാനിച്ചു. അതിന് ശേഷം പുതിയാപ്പിളന്‍മാരായ ഞങ്ങളെ പല കുടുംബവീട്ടുകാരും വിളിച്ചു വിരുന്നു നല്‍കി. ഇന്ന് വളരെ അപൂര്‍വമായാണ് ഇത്തരം സുന്നത്ത് കല്യാണങ്ങള്‍ നടത്തുന്നത്. ഇന്ന് ഓസനില്ല. ആശുപത്രിയില്‍ കൊണ്ട് പോയി ഓപറേഷന്‍ ചെയ്യും. എങ്കിലും പലരും ഇന്നും പാരമ്പര്യമായ ശൈലി കൊണ്ട് വരാന്‍ സുന്നത്ത് കല്യാണത്തിന്,കൈകൊട്ടിപ്പാട്ടുകാരെ വിളിക്കുന്നു.

No comments:

Post a Comment