സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ചാണകം പെറുക്കിയ കാലം
വന്ന വഴിയിലേക്കൊരു തിരിഞ്ഞ് നോട്ടം
പാര്‍ട്ട് 5
''എബോ എപ്പോളും നിണ്ക്ക് ഓട്ന്നുറ ഇത്ര പൈസ...?'' (അയ്യോ എല്ലാദിവസവും നിനക്കെവിടെന്നടാ ഇത്രയും കാശ്). എന്‍റെ കയ്യില്‍ എപ്പോഴും കാണുന്ന എട്ടാന (എട്ടണ) കളെക്കുറിച്ച് കൂടെ പഠിക്കുന്ന കുട്ടികള്‍ എന്നോട് ചോദിക്കും. ഉപ്പ തര്ന്നേറാ(ഉപ്പ തരുന്നടാ, ഞാന്‍ അഭിമാനത്തോടെ പറയും. കണ്ടത്തിലെയും കാലികളുടെ പണിയെടുത്ത് ഞാന്‍ ഉപ്പാട് അമ്പത് പൈസയും ഒരുരൂപയും വാങ്ങും.
ദിവസവും എനിക്ക് എട്ടാന കിട്ടുന്ന വരുമാന മാര്‍ഗ്ഗമായിരുന്നു ബയണ്ടി പെറുക്കല്‍ അഥവ ചാണകം പെറുക്കല്‍. കൃഷി കഴിഞ്ഞ കണ്ടത്തിലൂടെ ബട്ടിയും( കുട്ടയും) എടുത്ത് ഞങ്ങള്‍ സഹോദരന്‍മാര്‍ ചാണകം പെറുക്കാന്‍ പോകും. ഒരു ബട്ടിക്ക് ഓരോരുത്തറ്ക്കും നാലണ. ഇഷ്ടം പോലെ കന്നുകാലികളുണ്ടായിരുന്ന ആ കാലത്ത് എട്ടണയുണ്ടാക്കാന്‍ വലിയ പാടില്ലായിരുന്നു.
അന്ന് ഞങ്ങളെപ്പോലെ പലരും വയലീന്നും വിട്ടിനടുത്തുള്ള മാര്‍ഗ്ഗത്തിന്‍റെ കരേന്നും (റോഡ് സൈഡില്‍ നിന്നും ) ചാണകം പെറുക്കും. കൊണ്ട് വന്ന് തെങ്ങിന്‍റെ മൊര്‍ട്ടക്കും (തടത്തിലും) , ബായെക്കും(വാഴ) ഇടും. അധികമുള്ളത് ഉണക്കി കൂട്ടിവെച്ച് ചൂട്ടാണി (കൂമ്പാരം) കത്തിച്ച് ബെണ്ണൂറാക്കി(ചാരം) പാടത്ത് കൃഷിക്കുപയോഗിക്കും.
കൃഷി എന്‍റെ ഹരമായത് കൊണ്ട് ഇപ്പോഴും അവധിക്ക് നാട്ടില്‍ പോയാല്‍ എന്തെങ്കിലും പച്ചക്കറിയോ മറ്റ് കൃഷിയോ ചെയ്യല്‍ എന്‍റയൊരു ഹരമാണ്.
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ പച്ചക്കറി ചെടികള്‍ നടാന്‍ വേണ്ടി ഉണക്ക ചാണകത്തിന് ഞാന്‍ വലഞ്ഞു. വീട്ടിലോ അടുത്ത വീടുകളിലെവിടെയും ഇപ്പോള്‍ പശുക്കള്‍ വളര്‍ത്തുന്നില്ല, ആട് പിട്ടയാണെങ്കില്‍ പൊടിക്കാന്‍ പാടാണ്.
അവസാനം രണ്ടും കല്‍പിച്ച് ബട്ടിയും പിടിച്ച് പട്ളായി( തരിശായി ) കിടക്കുന്ന പാടത്തേക്കിറങ്ങി. അങ്ങിങ്ങായി ഓരോന്ന് പശുക്കളെ കാണാം. എവിടെക്കാണെന്ന് ചോദിച്ച് കൂടെ മകനും എന്‍റെ കൈയ്യും പിടിച്ച് വന്നു.
അവിടവിടെ കണ്ട ചാണകം പെറുക്കുമ്പോള്‍ മകനെന്നേ കളിയാക്കും. '' എബേ ബാപ്പാന്‍റെ കൈയ്യില്‍ ചാണകമായി എനി ഞാനി ബാപ്പാന്‍റെ കൈപുടിക്കാല'' അവന്‍ പറഞ്ഞ് കൊണ്ടിരുന്നു. പിന്നെ പിന്നെ അവനെന്നോട് ഇണങ്ങി . അത ബാപ്പ അവ്ടൊരി ചാണം, അവനെനിക്ക് കാണിച്ച് തരാന്‍ തുടങ്ങി.
പ്രതീക്ഷ കൈവിടാതെ പഴയ ഓര്‍മ്മളും അയവിറക്കി ഞാന്‍ ആ വിശാലമായ വയല്‍ മുഴുവനും ഒരു ബട്ടി ബയണ്ടിക്കായി മണിക്കുറുകളോളം അലഞ്ഞു. കുറച്ച് പശുക്കളെ അവിടെയിവിടെയായി കാണാം പക്ഷേ ചാണകമില്ല.ആരോ വന്ന് ചാണകം പെറുക്കുന്നുണ്ട്. അല്ല ഇനിയെങ്ങാനും ന്യൂജനറേഷന്‍ പശുക്കള്‍ തൊഴുത്തില്‍ മാത്രമാണോ അപ്പിയിടുന്നത്. വയലിലിടാറില്ലേ?, എനിക്ക് സംശയമായി.
എന്‍റെ സംശയം ശരിവെക്കുന്ന രീതിയില്‍ കോളനിവാസികളായ രണ്ട് സ്ത്രീകളതാ കുട്ടയും പിടിച്ച് വരുന്നു . അവരെന്നേ സൂക്ഷിച്ച് നോക്കി. പിന്നെ എന്‍റെ കയ്യിലെ ബട്ടിക്കും നോക്കി. എന്നിട്ടെന്നോട് ചോദിച്ചു. ''
ഈറ് അദ്ളഞ്ഞി ബ്യാരിണ മഗെ അസ്സി അത്താ ? (നീ അബ്ദുല്ല കുഞ്ഞി മാപ്ളയുടെ മകന്‍ അസ്സിയല്ലേന്ന്)
അന്ത്..(അതേ) ഞാന്‍ പറഞ്ഞു.
പിന്നേ അവരെന്നോട് തുളുവില്‍ ചോദിച്ചു, ഗള്‍ഫില്‍ പോയി നിന്‍റെ കോലമാകെ മാറിയിട്ടുണ്ട്. എപ്പോഴാ വന്നത് , ഗള്‍ഫീന്ന് വന്നിട്ട് നിനക്കിതാ പണീന്ന്.
അപ്പോള്‍ എന്‍റെ ജാള്യത മറയ്ക്കാന്‍ അവരോട് കാര്യം പറഞ്ഞു.
അപ്പോ അവരെന്നോട് പറഞ്ഞു. അമ്പിക്കാ (ചാണകത്തിനാ )ഞങ്ങളും വന്നത്. ഇപ്പോ കുറേ കാലമായി ഞങ്ങള്‍ക്കും ചാണകം കിട്ടാറില്ല. രാവിലെ ആരോ വന്ന് ചാണകവും പെറുക്കി കാലിയാക്കും. അത് കേട്ടതും കിട്ടിയ ബയണ്ടിയുമായി നിരാശയോടെ ഞാന്‍ തിരിച്ചു.
ഏതായാലും ഞാന്‍ നടാന്‍ വെച്ച പച്ചക്കറി തൈക്കും, വിത്തുകള്‍ക്കും, നട്ട നേന്ത്ര വാഴയ്ക്കും ചാണകം വേണം. ജൈവ വളമല്ലാതെ രാസ വളമിടുന്ന പ്രശ്നമില്ല. ഇനിയൊരു വഴിയേയുള്ളു, അതിരാവിലെ എഴുന്നേറ്റ് ബയണ്ടിക്കായി പോകുക.
നേരം ശരിക്ക് വെളുത്തില്ല. ഞാന്‍ പ്രതീക്ഷയോടെ വയലിലേക്ക് പോയി. വിശാലമായ വയലിലേക്ക് നോക്കുമ്പോളതാ ഒരാള്‍ ഒരു ബക്കറ്റും പിടിച്ച് ചാണകം പെറുക്കുന്നു. മഞ്ഞ് കൊള്ളാതിരിക്കാന്‍ തലയില്‍ തൊപ്പി ധരിച്ചിട്ടുണ്ട്. പ്രകാശം ശരിക്കും പരക്കാത്തത് കൊണ്ട് ആളെ ശരിക്കും മനസ്സിലാകുന്നില്ല. അയാള്‍ ബക്കറ്റ് നിറയേ ചാണകവുമായി ഞാനുള്ള ഭാഗത്തേക്കാണ് വരവ്. അയാള്‍ കാണാതിരിക്കാനായി ഞാന്‍ അടുത്തുള്ള ഞങ്ങളുടെ തെങ്ങിന്‍ തോപ്പിലേക്ക് മറഞ്ഞു.
അടുത്തെത്തിയപ്പോള്‍ അയാളെ കണ്ടതും ഞാന്‍ അത്ഭുതപ്പെട്ട് പോയി കൂടെ അയാളോടെനിക്ക് ബഹുമാനവും തോന്നി. സര്‍ക്കാരുദ്യോഗസ്ഥനും, എന്‍റെ കൂട്ടുകാരനും ഞങ്ങളുടെ വീടിന്‍റെ തൊട്ടയല്‍വാസിയുമായ മൂസബ്ബയായിരുന്നത്.
തന്‍റെ വീടിനോടൊന്നിച്ചുള്ള ചുരുങ്ങിയ സ്ഥലത്ത് നട്ടു പിടിപ്പിച് തെങ്ങിനും വാഴയ്ക്കും,പച്ചക്കറി കൃഷിക്കും ജൈവ വളത്തിനായി അതിരാവിലെ പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞെന്നും അയാള്‍ ഒരുമടിയുമില്ലാതെ ചാണകം പെറുക്കാന്‍ പോകും.
അത് കണ്ടപ്പോള്‍ എന്‍റെ മനസ്സറിയാതെ പറഞ്ഞു. ഇങ്ങനെയും ചിലര്‍ നമ്മുടെ ഗ്രാമീണ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ ബാക്കിയുണ്ടെന്ന്.
Subscribe to:
Post Comments (Atom)
No comments:
Post a Comment