സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്‍റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ഇവിടെ ഓണമല്ല സോണം
ഇവിടെ ഓണമല്ല സോണം (ഓര്‍മ്മയിലെ ഓണം)
ഞങ്ങള്‍ അത്യുത്തര കേരളത്തിലെ അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവര്‍ക്ക്, ഓര്‍മ്മിക്കാന്‍ വലിയ ഓണാഘോഷമുന്‍ടായിരുന്നില്ല.
ഞങ്ങള്‍ക്ക് ഓണമെന്നാല്‍ ഓണപരീക്ഷയും, ഒണാവധിയും, ടിവിയില്‍ വരുന്ന നല്ല പരിപാടികളും പുതിയ സിനിമകളുമായിരുന്നു. അത് പോലെ അവധിക്ക് നാട്ടില്‍ പോകാതെയിരിക്കുന്ന തെക്കന്‍മാരായ അദ്ധ്യപകരുടെയും, മേസ്ത്രിമ്മാരുടെയും വീട്ടില്‍ നിന്നും ലഭിക്കുന്ന ഓണസദ്യയും പായസവും.
ചെറുപ്പത്തില്‍ എനിക്കുള്ള സംശയമായിരുന്നു നമ്മുടെ നട്ടിലെന്താ ഓണമില്ലാത്തത്, അങ്ങനെ സംശയ നിവാരണത്തിനായി ചിലരോട് ചോദിച്ചു , നിങ്ങള്‍ക്കാര്‍ക്കും ഓണമില്ലെ ? അവരെല്ലാം പറഞ്ഞു ഇവിടെ ഓണമില്ല ഇവിടെ ആട്ടിയും, സോണവുമാണ് (കര്‍ക്കിടകവും, ചിങ്ങവും).
തുളുനാട്ടിലെ പ്രമുഖ ആഘോഷങ്ങള്‍, പെരുന്നാളും, ദീപാവലിയും, മഹാനവമിയും, ജന്മാഷ്ഠമിയും, വിനായക ചതുര്‍ത്ഥിയും, വിഷുവും , നബിദിനവും, ക്രസ്ത്മസും, ഈഷ്‌റ്ററുമായിരുന്നു.
അന്ന് വെള്ള സെറ്റ് സാരി ഉടുത്തവരെ കാണുന്നത് ടീവിയിലായിരുന്നു, പിന്നെ ഏതെന്‍കിലും മലയാളം പടിപ്പിക്കുന്ന ടീച്ചര്‍മാരെയും.
നാട്ടിലെ പെണ്ണുങ്ങള്‍ക്ക് അന്ന് ഒറ്റ കന്‍ടവും റാവുക്കയും, ആണുങ്ങള്‍ക്ക് കഞ്ചിപ്രാക്കും, കമ്പായവും ആയിരുന്നു കമ്പം.
പുലി കളി കാണണമെന്‍കില്‍ നവരാത്രി വരണം, കമ്പ വലിയും, കലമുടയ്ക്കലും കാണണമെന്‍കില്‍ അഷ്ടമി വരണം,
ഇന്ന് പരിഷ്കാരമായി ഓണാഘോഷം വടക്കേ അറ്റം വരെ എത്തി. അങ്ങനെ തുളു നാട്ടുകാര്‍ മലയാളം ഭാഷയോട് അവഗണന തുടര്‍ന്നെന്‍കിലും, മലയാള സംസ്കാരത്തെ ഉള്‍ക്കൊന്‍ടു.
ഇന്ന് ഗഡിനാടന്‍ (അതിര്‍ത്ഥി പ്രദേശം) കലാലയങ്ങളിലും , ക്ളബ്ബുകളിലും ഓഫിസുകളിലും ഓണമാഘോഷിക്കുന്നു.
എല്ലാ ഉത്സവങ്ങള്‍ക്കും കസവ് സാരി ധരിക്കുന്നു. തലയില്‍ വര്‍ണ്ണപൂക്കള്‍ക്ക് പകരം മുല്ലപൂ ചൂടി.'' മാവേലി നാട് വാണിടും കാലം'' എന്ന പാട്ട് മലയാളം മീഡിയം പടിച്ചവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇന്നറിയാം.
കാസറഗോഡിന്‍റെ ഓണത്തിനെ പറ്റി വ്യക്തമായി ഇ പോസ്റ്റിലുടെ പ്രമുഖ എഴുത്തുകാരന്‍ അംബികസുധന്‍ മാങ്ങാടിന്‍റെ വരികള്‍ വായിക്കാം.
''ചിങ്ങമാസത്തിലെ തിരുവോണ നാളിലല്ല മഹാബലി കാസര്‍ഗോഡ് ജില്ലയില്‍ എഴുന്നെള്ളുന്നത്. ദീപാവലി നാളിലാണ്. തുലാം മാസത്തിലെ കറുത്തവാവ് തൊട്ടുള്ള മൂന്ന് ദിവസങ്ങളിലാണ്. ഇതര ജില്ലകളില്‍ നിന്നും പാടേ വിഭിന്നമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് കാസര്‍ഗോഡ് ജില്ലയുള്‍പ്പെടുന്ന തുളുനാട് മഹാബലിയെ എതിരേല്‍ക്കുന്നത്. മൂന്ന് ദിവസങ്ങളിലായി(ചിലയിടങ്ങളീല്‍ ഒരു ദിവസം) പൊലിയന്ത്രം എന്ന പേരില്‍ നടക്കുന്ന ഈ അനുഷ്ഠാനത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയും.
ഏറ്റവും രസകരമായ വസ്തുത, പണ്ടുപണ്ടേ ആചരിച്ചുവരുന്ന ഈ അനുഷ്ഠാനം മഹാബലി പൂജയാണെന്ന് മലയാളികള്‍ക്ക് അറിയില്ല എന്നതാണ്. അതേസമയം ജില്ലയുടെ വടക്കന്‍ ദിക്കിലുള്ള കന്നടക്കാര്‍ക്ക് അതറിയുകയും ചെയ്യാം. പൊലിയുക, ഐശ്വര്യമുണ്ടാവുക എന്നര്‍ഥത്തില്‍ വിളവെടുപ്പിന് ശേഷം നടക്കുന്ന ചടങ്ങായതുകൊണ്ടും ഒരു ഉര്‍വരതാനുഷ്ഠാനമായിട്ടാണ് ഈ ചടങ്ങ് ആള്‍ക്കാര്‍ കരുതിപ്പോന്നത്.
പതുക്കെ ഈ അനുഷ്ഠാനം അപ്രത്യക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ജില്ലയില്‍ പല ഭാഗങ്ങളിലും ഈ ചടങ്ങ് ഇപ്പോഴും നടക്കുന്നുണ്ട്. ജാതിഭേദമില്ലാതെ പണ്ഡിത-പാമര ഭേദമില്ലാതെ ആളുകള്‍ ഈ ചടങ്ങില്‍ ഭാഗഭാക്കാകുന്നുണ്ട്. വീടുകള്‍ക്ക് പുറമെ തെയ്യക്കാവുകളിലും മറ്റു പല ആരാധാനാലയങ്ങളിലും പൊലിയന്ത്രം വിളി മുടങ്ങാതെ നടക്കുന്നുണ്ട്.
തുലാമാസത്തിലെ അമാവാസി ദീപാവലി ദിവസം ഏഴിലംപാലയുടെ മുമ്മൂന്ന് ശിഖിരങ്ങളുള്ള കൊമ്പുകള്‍ ശേഖരിച്ച് മര്‍മപ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നു. വീട്ടിലാണെങ്കില്‍ മുറ്റത്തും കിണറ്റിന്‍ കരയിലും തൊഴുത്തിലും മറ്റുമാണ് പൂക്കളെകൊണ്ട് അലങ്കരിച്ച പാലക്കൊമ്പുകള്‍ സ്ഥാപിക്കുന്നത്. അതിന്റെ കവരങ്ങളില്‍ ചിരട്ടത്തുണ്ടുകള്‍ ഇറക്കിവയ്ക്കുന്നു. സന്ധ്യാനാമത്തിനു ശേഷം പടിഞ്ഞാറ്റയില്‍ നിന്നും വിളക്കും തളികയുമേന്തി കുടുംബാംഗങ്ങള്‍ വീട്ടുമുറ്റത്തേക്ക് വരുന്നു. തളികയില്‍ അരിയും തിരിയുമുണ്ടാകും. (കാഞ്ഞങ്ങാട്ടിന് തെക്കുള്ള പ്രദേശങ്ങളില്‍ അരിവറുത്ത് ചെറിയ കിഴികെട്ടി എണ്ണയില്‍ മുക്കി ചിരട്ടയില്‍ വച്ച് കത്തിക്കുന്ന സമ്പ്രദായമാണ് ഉള്ളത്).
തിരി എണ്ണയില്‍ മുക്കി കത്തിച്ചതിന് ശേഷം ചിരട്ടയിലേക്ക് ഇറക്കിവച്ച് പൊലിയന്ത്രാ, പൊലിയന്ത്രാ അരിയോ അരി(ഹരി ഓം ഹരി) എന്ന് മൂന്ന് പ്രാവശ്യം ഉറക്കെ വിളിക്കുന്നു. കന്നട സംസാരിക്കുന്ന ചില പ്രദേശങ്ങളില്‍ ഹരി ഓം എന്നതിന് പകരം ‘ക്ര’ എന്ന് കൂവുന്ന പതിവാണുള്ളത്. മൂന്നാം ദിവസം പൊലിയന്ത്രയെ(ബലീന്ദ്രന്‍) വിളിച്ച ശേഷം മേപ്പട്ട് കാലത്ത് നേരത്തെ വാ എന്ന് കൂടി പറയും. തുളുഭാഷ സംസാരിക്കുന്നവര്‍ പൊസവര്‍പ്പട്ട് ബേക്ക ബല്ല(പുതുവര്‍ഷത്തില്‍ വേഗം വാ) എന്നാണ് പറയുന്നത്. ഈ അഭ്യര്‍ഥന കാഞ്ഞങ്ങാടിന് തെക്ക് കാണുന്നില്ല.''
Subscribe to:
Post Comments (Atom)
No comments:
Post a Comment