സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Tuesday, April 12, 2016
ബാലകൃഷ്ണന്‍റെ തുളുനാടന്‍ യാത്ര
മാതൃഭൂമിയിലെ യാത്രയില്‍ കെ. ബാലകൃഷ്ണന്‍റെ തുളുനാടന്‍ വിവരണം
ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, രുചികളുടെ വൈവിധ്യമാണ് കാസര്‍കോടിന്റെ സവിശേഷത. കേരള-കൊങ്കണപാതയിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ നേത്രാവതിപാലം കടന്ന,് മഞ്ചേശ്വരവും ഉപ്പളയും കുമ്പളയും ഹൊസ്സങ്കടിയുമെല്ലാം കടന്ന് കാസര്‍കോട്ടെത്തുമ്പോഴേക്കും കണ്ണും കാതും നിറയും. വൈവിധ്യത്തിന്റെയും പാരസ്പര്യത്തിന്റെയും നിറവുകള്‍. കന്നടയും തുളുവും ഉറുദുവും ഹിന്ദിയും തെലുഗും മറാത്തിയും മലയാളവും മൊഴികള്‍ ഏറിയും കുറഞ്ഞും കാതില്‍ പതിയും.
ജൈനരും ബുദ്ധമതക്കാരും ബ്രാഹ്മണരും മാത്രമല്ല മധ്യേഷ്യക്കാരുമെല്ലാം കടന്നുവന്നത് നേത്രാവതി തീരത്തുകൂടി, അഥവാ നേത്രാവതിയിലൂടെയാവണം. ചന്ദ്രഗുപ്തമൗര്യന്‍ ഭദ്രബാഹുവിനോടും അനവധി അനുയായികളോടുമൊപ്പം ജൈനമത പ്രചാരണത്തിനായി തെക്കോട്ടു സഞ്ചരിച്ച് എത്തിയത് സൗത്ത് കനറാമേഖലയിലാണ്. മഞ്ചേശ്വരത്തുനിന്നും ജൈനര്‍ മഹാഭൂരിപക്ഷവും കര്‍ണാടകത്തിലേക്ക് കുടിയേറിയെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ട് ജൈനബസതികള്‍ - പത്മാവതിയെയും വര്‍ധമാന മഹാവീരനെയും പ്രതിഷ്ഠിച്ച ചതുര്‍മുഖ ജൈനബസതി ഉള്‍പ്പെടെ - മഞ്ചേശ്വരത്തുണ്ട്. ഏതാനും ജൈനകുടുംബങ്ങളും. ഉദ്യാവരയിലെ തമ്മദൈവഗലുവിന്റെയും അണ്ണദൈവഗലുവിന്റെയും ക്ഷേത്രം മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്തതയെ വിളംബരം ചെയ്തു നില്‍ക്കുന്നു. അവിടുത്തെ ദൈവംകെട്ടിന് മുസ്ലീങ്ങളെ ഉദ്യാവരപള്ളിയില്‍ ചെന്ന് ക്ഷണിക്കണം. പഞ്ചാരക്കലവുമായി മുസ്ലീങ്ങള്‍ സ്വീകരിക്കും. ദൈവഗലുവിനെ കാണാന്‍ വിശിഷ്ടമായ ഇരിപ്പിടത്തില്‍ 'സിംഹാസനകട്ട'യില്‍ത്തന്നെ സ്ഥാനവും കിട്ടും. ഉദ്യാവര ജമാ അത്ത് പള്ളിയിലെ ചടങ്ങുകള്‍ക്ക് തിരിച്ചും ക്ഷണവും ആതിഥ്യവും...
ബങ്കര മഞ്ചേശ്വരത്തെ കമ്പളക്കൂട്ടം ഇരു സംസ്ഥാനത്തെയും ആയിരങ്ങളെ ആകര്‍ഷിക്കുന്നു. ഒന്നാം വിളവെടുപ്പിനും രണ്ടാം വിള ഇറക്കലിനും ഇടയിലാണ് മഞ്ചേശ്വരത്തിന്റെ കാര്‍ഷിക ഉത്സവം- പോത്തോട്ടം....
പിന്നെ അനന്തപുരത്തെ അനന്തപത്മനാഭ ക്ഷേത്രം. കുമ്പളയില്‍ നിന്നും നായ്ക്കാപ്പിലെത്തിയാല്‍പ്പിന്നെ അനന്തേശ്വരത്തെത്താന്‍ അധികം ദൂരമില്ല. തടാകത്തിനു നടുവില്‍ ഒരു ക്ഷേത്രം. തടാകവുമായി ചേര്‍ന്ന് ഒരു ഗുഹ. ആ ഗുഹയിലൂടെയാണ് പണ്ട് ഉണ്ണിക്കണ്ണന്‍ രക്ഷപ്പെട്ടത്. തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന വില്വമംഗലം സ്വാമിയാര്‍ വഴക്ക് പറഞ്ഞപ്പോള്‍ അന്തര്‍ധാനം ചെയ്ത ആ പയ്യനത്രേ തെക്ക് ദേശത്ത് കൊടുംകാട്ടില്‍ പ്രത്യക്ഷനായത്. അതോടെ കാട് അനന്തന്‍കാടും പിന്നെ തിരുവനന്തപുരവുമായി എന്ന് ഐതിഹ്യം. തെക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രംപോലെ വടക്കനതിര്‍ത്തിയില്‍ അനന്തപത്മനാഭ ക്ഷേത്രം.
കുമ്പളയില്‍ നിന്ന് ബന്ദിയോട് വഴി നയാ ബസാറിലും അവിടെനിന്ന് കൈക്കമ്പ, ബേക്കൂര്‍ വഴി ജോഡ്ക്കല്ലിലുമെത്താം. അവിടെയാണ് നരസണ്ണന്മാര്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എങ്ങുനിന്നോ എത്തിയ 'പ്രവാചക'ന്മാര്‍. ജോഡ്കല്‍ കോളനിയില്‍ കഴിയുന്ന നരസണ്ണന്മാര്‍ വ്യത്യസ്ത ഭാഷക്കാരാണ്. മറാത്തിയും തെലുഗും തുളുവും കന്നടയും കൊങ്കിണിയും മലയാളവും... വ്യത്യസ്ത ഭാഷക്കാരാണെങ്കിലും അവര്‍ക്കിപ്പോള്‍ കല്ലുരുട്ടിയും പഞ്ചുരുളിയും ഗുളികനും ഭൈരവനുമെല്ലാം ദൈവങ്ങളായുണ്ട്. ദൈവംകെട്ടുമുണ്ട്. വീടുകള്‍തോറും നടന്ന് ഫലപ്രവചനം നടത്തുന്നവര്‍...
ദക്ഷിണ കാനറയിലെ പ്രധാന ആദിവാസിഗോത്രമായിരുന്ന കൊറഗരുടെ കോളനികള്‍ ബദിയഡുക്കയിലാണ്. അത്യന്തം ദയനീയമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന മണ്ണിന്റെ മക്കള്‍....
എല്ലാം പിന്നിട്ട് കാസര്‍ക്കോട്ടെത്തുമ്പോള്‍ മാലിക് ദിനാര്‍ പള്ളിയാണ് പ്രധാന ആകര്‍ഷണം. മക്കത്ത്‌പോയ പെരുമാള്‍ അയച്ച ഇസ്ലാമിക് മിഷന്‍. മാലിക് ദിനാര്‍ കൊടുങ്ങല്ലൂരില്‍ പള്ളി പണിതശേഷം എത്തിയത് കാസര്‍കോട്ടാണ്. അവിടെവെച്ചുതന്നെ അന്ത്യവും സംഭവിച്ചു. പള്ളിയോടനുബന്ധിച്ച് മാലിക് ദിനാറിന്റെ മഖാം.നൂറ്റാണ്ടുകള്‍പ്പുറത്തെ മണ്‍മറഞ്ഞുപോയവരുടെ കുഴിമാടങ്ങള്‍; അവയ്ക്കുമേല്‍ മീസാന്‍ കല്ലുകള്‍....
പിന്നെ ഉരുവിന്റെയും (മഞ്ചു) 'ബ്ലേക്കി'ന്റെയും മാപ്പിളത്തൊപ്പിയുടെയും സ്മൃതിയലകളുയരുന്ന മനോഹരിയായ ചന്ദ്രഗിരിപ്പുഴ.... കോട്ടകളും കോട്ടയോന്മാരും കോട്ടച്ചേരികളും....
കാസര്‍കോട് ഒരു കവാടമാണ്. കടന്നുവരവിന്റെ കവാടം; കടന്നുപോക്കിന്റെ കവാടമല്ല. കടന്നുവന്നവരും അവരുടെ സംസ്‌കാരവും ഏറെക്കുറെ അവിടെത്തന്നെ സ്ഥായി നേടിയ നാട്. വിജയനഗരസാമ്രാജ്യം, ഇക്കേരി നായ്ക്കന്മാര്‍, ബേഡന്നൂര്‍ നായ്ക്കന്മാര്‍, ഹൈദരാലി- ടിപ്പുസുല്‍ത്താന്‍-ഇവരുടെ പടയോട്ടങ്ങളും അധിനിവേശവുമാണ് കന്നട, തുളു, മലയാളം, ഭാഷകള്‍ക്ക് പുറമെയുള്ള ഭാഷകളെ ഇവിടെ കൊണ്ടുവന്നതും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാക്കിയതും. തെയ്യങ്ങള്‍ കടന്നുവന്നതും ഈ കവാടത്തിലൂടെ തന്നെ.
തുളുനാട് പണ്ട് ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന സൗത്ത്കാനറാ ജില്ലയിലെ ബേക്കലം താലൂക്കായിരുന്നു. ബേക്കല്‍ എന്ന തുളുനാടന്‍ റവന്യൂ മേഖലയിലെ ഒരു ഗ്രാമമത്രേ കാഞ്ഞിര എന്ന കാസര്‍ക്കോട്. 1972ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ശ്രീരംഗപട്ടണം ഉടമ്പടിയുണ്ടാക്കിയപ്പോഴും മൈസൂര്‍ സുല്‍ത്താന്‍ തുളുനാട് കൈവിട്ടില്ല. 1799ല്‍ ടിപ്പു മരിച്ചശേഷം മാത്രമാണ് തുളുനാട് കമ്പനിക്ക് അധീനമായത്.
കോലത്തിരികള്‍, കുമ്പള രാജവംശം എന്നിവരുടെ ഭരണം, വിജയനഗര-ഇക്കേരി-ബേഡന്നൂര്‍, മൈസൂര്‍ സുല്‍ത്താന്മാര്‍, ഈസ്റ്റിന്ത്യാ കമ്പനി എന്നിവരുടെ അധിനിവേശം - ഈ കുടിയേറ്റങ്ങളും പടയോട്ടങ്ങളുമാണ് തുളുനാടിനെ സംസ്‌ക്കാര സങ്കരഭൂമിയായി മാറ്റിയത്. മഞ്ചേശ്വരത്തുനിന്ന് കാസര്‍കോട്ടേക്കുള്ള വഴിയില്‍ ഉപ്പളയിലെത്തിയാല്‍ ഹനഫികളെ കാണാം. ടിപ്പുവിന്റെ പടക്കൊപ്പം എത്തിയവരാണ് ഹനഫികള്‍ അഥവാ തുല്‍ക്കന്മാര്‍. ലോകത്തെവിടെ ഒരു ഉരു മുങ്ങിയാലും ഉപ്പള നടുങ്ങും. ഏതെങ്കിലും ഉപ്പളക്കാരന്‍ ആ ഉരുവില്‍ പണിക്കാരനായി ഉണ്ടായേക്കാം. ഉരുവില്‍ അല്ലെങ്കില്‍ കപ്പലില്‍ പണി. പേരുകേട്ട തുഴച്ചില്‍ക്കാരുമാണവര്‍. ഹിന്ദുസ്ഥാനി മുസ്ലീങ്ങളായ അവര്‍ എസ്.എസ്.എല്‍.സി. തോറ്റ സര്‍ട്ടിഫിക്കറ്റുംകൊണ്ട് മുംെബെക്ക് കടക്കും. എളുപ്പം ജോലി സമ്പാദിക്കും. ഉപ്പളയിലെ ചെറുപ്പക്കാരില്‍ അധികവും ആ തൊഴിലിലായിരുന്നു മുമ്പ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment