സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
പള്ളത്തിലെ എര്‍ദ് കുളിപ്പിക്കല്‍
വന്ന വഴിയിലേക്കൊരു എത്തി നോട്ടം
***************************************
Part III
''കുഞ്ഞി ഇന്ന് നീ സാലക്ക് (സ്ക്കൂളില്‍ )പോണ്ട, ഇന്ന് അട്ന്നിറ്റ് തീര്‍ത്ത് പലയിടണം , നാളെ നട്ടിന്‍റെ (ഞാര്‍ നടാന്‍) പെണ്ണുങ്ങ വരും '' പൊണ്ണമ്മന്‍റെ ഈ വാക്ക് കേട്ടാല്‍ പിന്നെ ഞാനന്ന് സ്ക്കൂളില്‍ പോകലില്ല
അന്ന് പാടത്തെ ചെളിയില്‍ മുങ്ങി നേരം പോകുന്നതറിയില്ല. അവിടെ നിന്നും കാലികളെ കുളിപ്പിക്കാനായി പൈവളികെ പള്ളത്തിലേക്ക് കൊണ്ട് വരും.
അന്ന് പൈവളികെ പാടത്തേക്ക് ജലസേജനം നടത്തിയിരുന്നത് പൈവളികെ ടൗണിലുള്ള പള്ളത്തില്‍ നിന്നാണ്. അത് കൊണ്ടാണ് ആ പള്ളത്തിന് ''പൈവളികെ ബയലുപള്ള '' എന്ന് പേര് വന്നത് ,ആ പള്ളത്തിന്‍റെ കരയോട് ചേര്‍ന്നുള്ള പിണിയിലൂടെ (വരമ്പിലൂടെ) യാണ് ഞങ്ങള്‍ മദ്രസയിലേക്ക് പോകുന്നത്. പള്ളത്തിന്‍റെയും വയലിന്‍റെയും പിണിയിലൂടെ കുടയും പിടിച്ച് കാറ്റത്തും മഴയത്തും മദ്രസയിലേക്കും സ്ക്കൂളിലേക്കും പോയ ഓര്‍മ്മകള്‍ പലരുടെയും മനസ്സിലിന്നും മായാതെ കിടക്കുന്നുണ്ടാവും. പലപ്പോഴും തെന്നിവീണ ഓര്‍മ്മകളും .
തൊട്ടടുത്ത് പൈവളികെ നഗര്‍ സ്ക്കൂളിന്‍റെ മതിലിനോട് ചേര്‍ന്നും ചെറിയൊരു പള്ളമുണ്ടായിരുന്നു.
ചെറിയപള്ളം നികത്തി, വലിയ പള്ളം സ്വകാര്യവ്യക്തികള്‍ കൈയ്യടക്കി അതും നികത്തി . പൈവളികെ പള്ളം ഇന്ന് ഓര്‍മ്മ മാത്രമായി.
വലിയപള്ളത്തല്‍ വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുന്നത് കൊണ്ട് കാലിയെ കുളിപ്പിക്കാന്‍ കൊണ്ട് പോകുന്നത് ചെറിയ പള്ളത്തിലേക്കാണ്.
പക്ഷേ എനിക്കവിടെ പോകാന്‍ മടിയാണ് കാരണം വേറൊന്നുമല്ല. ആ പള്ളത്തോട് ചേര്‍ന്നാണ് എന്‍റെ ക്ളാസ്മുറി. ഞാങ്ങള്‍ അവിടെ കാലികളെ കുളിപ്പിക്കുന്നത് ക്ളാസിലെ കുട്ടികള്‍ക്ക് ജനലിലൂടെ കാണാം. അവര്‍ കളിയാക്കി ബഹളം വയ്ക്കും ടീച്ചററിയും അത് കൊണ്ട് ഞാന്‍ പൊണ്ണമ്മനോട് കാര്യം പറയും അവിടെ വേണ്ടാന്ന്.
അപ്പോള്‍ അയാളെന്നോട് പറയും ടീച്ചറോട് ചെല്ല് ''ഞമ്മോ ചേറില്‍ കുളിച്ചങ്കിലേ അവര്‍ക്ക് ബെയിക്കാന്‍ ചോറു കിട്ടൂന്ന്'' .അയാളോട് തര്‍ക്കിച്ചിട്ട് കാര്യമില്ലന്നറിയാവുന്നത് കൊണ്ട് എര്‍ദുകളെ അഡ്ഡാക്കി (കാളകളെ മറയാക്കി) നിന്ന് ഞാന്‍ വൈക്കോല്‍ കൊണ്ട് എര്‍ദിന്‍റെ മേല്‍ ഉര്‍ദി (തേച്) കഴുകും.
തുടരും....
Subscribe to:
Post Comments (Atom)
No comments:
Post a Comment