Search This Blog

Tuesday, April 12, 2016

മലബാറിലെ മാപ്പിള തെയ്യങ്ങള്‍

മലബാറിലെ മാപ്പിള തെയ്യങ്ങള്‍ ******************************* ഓരോ തെയ്യത്തിനും തനതായ പുരാവൃത്തമുണ്ട്. ഇത്തരം പുരാവൃത്തങ്ങളില്‍ മാപ്പിളകഥാപാത്രങ്ങളും ഉണ്ടായിരുന്നുവെന്നത് വളരെ അത്ഭുതകരമായി തോന്നാം. ആലിച്ചാമുണ്ഡി, ആര്യപ്പൂങ്കന്നി എന്നീ തെയ്യങ്ങള്‍ മാപ്പിള സമുദായക്കാരാണത്രെ. കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ പുരാവൃത്തത്തിലും മാപ്പിള കഥാപാത്രങ്ങളെ കാണാം. ഉഗ്രമാന്ത്രികനായിരുന്ന ആലിയെ നാട്ടുകാര്‍ ചതിച്ചു കൊന്നുവെന്നും, അതിനുശേഷം നാട്ടില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടുതുടങ്ങിയെന്നും, അതേതുടര്‍ന്ന മാന്ത്രികനായ ആലിക്ക് കോലം കല്‍പ്പിച്ച് കെട്ടിയാടിച്ചുവെന്നുമാണ് വിശ്വസിച്ചു വരുന്നത്. ആര്യപ്പൂങ്കന്നി ഭഗവതി മരക്കലത്തില്‍ വന്ന മുസ്ലീം കന്യകയാണെന്നാണ് വിശ്വസിക്കുന്നത്. ഈ തെയ്യത്തിന്റെ പുറപ്പാട് പര്‍ദ്ദപോലെയുള്ള തുണി ധരിച്ചാണ്. ഭഗവതിയെ കൊണ്ടുവന്ന കപ്പിത്താനാണ് ബപ്പൂരാന്‍. ബപ്പൂരാനും മാപ്പിള സമുദായത്തില്‍ പെട്ടയാളത്രെ. അണ്ടലൂര്‍ കാവിലെ ബപ്പൂരാനല്ല, ആ ബപ്പുരാന്‍ ഹനുമാന്‍ ആണെന്നാണ് വിശ്വാസം. ചില തെയ്യക്കോലങ്ങളുടെ ഒപ്പം മാപ്പിളപൊറാട്ടും പതിവുള്ളതാണ് കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ ഇതിവൃത്തവും ഒരു മാപ്പിളകുടുംബവുമായി ബന്ധപ്പെട്ടതാണ്. പായ്യത്തുമലയില്‍ താമസിച്ചിരുന്ന ഒരു മാപ്പിളയുടെ ഭാര്യക്ക് പേറ്റുനോവുണ്ടാവുകയും, പോറ്റിച്ചിയെ തേടി പോയപ്പോള്‍ കാട്ടില്‍ വെച്ച് കണ്ടു മുട്ടിയ സുന്ദരി പേറെടുക്കാന്‍ തയ്യാറായി കൂടെ വരികയും ചെയ്തു. എന്നാല്‍ സമയമേറെ കഴിഞ്ഞിട്ടും ഈറ്റില്ലത്തില്‍ നിന്നും യാതൊരു ശബ്ദവും കേള്‍ക്കാത്തതിനാല്‍ അകത്തു ചെന്നു നോക്കിയപ്പോള്‍ ചോരവാര്‍ന്നു മരിച്ചുകിടക്കുന്ന പ്രിയതമയെയാണ്. ഉടന്‍ കയ്യില്‍ കിട്ടിയ ഉലക്കയുമായി പോറ്റിച്ചിയെ തേടി കാട്ടില്‍ പോവുകയപ്പോള്‍ വള്ളിയിലിരുന്നാടുന്ന സുന്ദരിയെയാണ്. തന്റെ കോപം തീര്‍ക്കാന്‍ ഉലക്കകൊണ്ട് ആഞ്ഞടിച്ചപ്പോള്‍ നടുവൊടിയുകയും ആ സുന്ദരി ഭയങ്കര രൂപം പ്രാപിച്ച് മാപ്പിളയെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ആ കാട്ടുമൂര്‍ത്തിയാണ് കരിഞ്ചാമുണ്ഡി. പണ്ടുകാലത്ത് ഈ തെയ്യം മാപ്പിളമാരും, സ്ത്രീകളും കാണാറില്ലായിരുന്നു. തെയ്യങ്ങള്‍ ഓരോരോ സമുദായക്കാരെയും അഭിസംബോധന ചെയ്യുന്നത് പ്രത്യേക നാമത്തിലാണ്. ഉയര്‍ന്ന സമുദായക്കാരായ നായന്മാര്‍ അകമ്പടികളാണെങ്കില്‍, തീയ്യര്‍ എട്ടില്ലം കരുമനയും, മാപ്പിളമാര്‍ മാടായി നഗരവുമാണ്. ഇപ്പോഴും തെയ്യം കാണാന്‍ വരുന്ന മാപ്പിളമാരോട് ഉരിയാടുന്നത് ഇപ്രകാരമത്രെ. “ചേരമാന്‍ പെരുമാള് കൊടുങ്ങല്ലൂര്‍ത്തുറമുഖത്തു നിന്ന് ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടിക്കൊല്ലത്തെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മ്മപട്ടണത്തെത്തി. ധര്‍മ്മപട്ടണത്തു കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി വളരെ യുദ്ധമുണ്ടാക്കി. വീടുകൂടാതെ സഹര്‍ മുക്കല്‍ ഹയാബന്തറില്‍ ചെന്നിറങ്ങുകയും ചെയ്തു. അപ്പോള്‍ മുഹമ്മദ്നബി ജിദ്ദയെന്ന നാട്ടില്‍ പാര്‍ത്തു വരുന്നു. അവിടെ ചെന്നു കണ്ട് മാര്‍ഗ്ഗം വിശ്വസിച്ചു. താജുദീന്‍ എന്നു പേരായി മാലിക്കഹബിയാറെ എന്ന അറബിയില്‍ രാജാവിന്റെ പെങ്ങളായ റീജിയത്ത് എന്നവളെ കെട്ടി അഞ്ചുവര്‍ഷം പാര്‍ത്തു. താജുദീന്‍ കഴിഞ്ഞ് മലയാളത്തില്‍ വന്ന് ദീന്‍ നടത്തേണ്ടുന്നതിനു യാത്ര ഒരുങ്ങിയിരിക്കുമ്പോള്‍ ദീനം പിടിച്ചു കഴിഞ്ഞു. താനുണ്ടാക്കിയതായ പള്ളിയില്‍ത്തന്നെ മറയുകയും ചെയ്തു. അപ്പോള്‍ പെരുമാളുടെ എഴുത്തും മുദ്രയും പുറപ്പെടുവിച്ചു. രണ്ട് കപ്പലിലായിക്കയറി അവിടുന്ന് പതിനൊന്ന് തങ്ങമ്മാര് കൊടുങ്ങല്ലൂര്‍ വന്നു. രാജസമ്മതത്താലെ ഒരു പള്ളിയുണ്ടാക്കി. മാടായിപ്പള്ളി, അബ്ദുറഹിമാന്‍ പള്ളി, മുട്ടത്തുപ്പള്ളി, പന്തലായിനിപള്ളി, സെയിനുദ്ദീന്‍ ഖാദി.. ഇങ്ങനെ പതിനൊന്നു കരിങ്കല്ലുകൊണ്ടു വന്ന് പതിനൊന്നു പള്ളികളുണ്ടാക്കി. അപ്രകാരമല്ലെ എന്റെ മാടായി നഗരേ??“ ഏകദൈവ വിശ്വാസികളായ മാപ്പിളമാര്‍ തെയ്യങ്ങളെ ആരാധിക്കാറില്ലെങ്കിലും, ഗ്രാമോത്സവമായ കളിയാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു പോന്നിരുന്നു. മുന്‍‌കാലങ്ങളില്‍ നില നിന്നിരുന്ന ജാതി മതങ്ങള്‍ക്കതീതമായ വിശ്വാസങ്ങളുടെയും, കൂട്ടായ്മയുടെയും ഉത്തമോദാഹരണമായി ഇതിനെ കാണാം. റഫ: കളിയാട്ടം, സി.എം.എസ്.ചന്തേര

No comments:

Post a Comment