സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Sunday, April 10, 2016
സാഹിബറെ ബസ്സ്
സായിബറെ ബസ്സും, സെട്ട്രേ ബസ്സും
(ಸಾಹಿಬರೆ ಬಸ್ಸು ಮತ್ತು ಸೆಟ್ರೆ ಬಸ್ಸು)
(ഈ ഫോട്ടോ പല സ്ഥലത്തും ഷെയര്‍ ചെയ്യുന്നത് കണ്ടു. അപ്പോള്‍ അതിനെപറ്റി ഒന്ന് എഴുതാമെന്ന് തോന്നി. ഇത് 1978-79 വര്‍ഷങ്ങളില്‍ ആരോ എടുത്ത ഫോട്ടോയാണെന്ന് അറിയാന്‍ കഴിഞ്ഞു. ഈ ചിത്രം പലരുടെയും ഓര്‍മ്മകളെ ഒരുപാട് പിന്നിലേക്ക് നയിക്കും).
ഇത് സങ്കര്‍ വിട്ടല്‍ മോട്ടോര്‍സ് 1950 കാലഘട്ടം മുതല്‍ 1993 വരെ കര്‍ണ്ണാടകയിലെ പൂത്തൂരില്‍ നിന്നും അത്യുത്തര കേരളത്തിലെ കുറിച്ചിപ്പള്ളയിലേക്ക് (ഉപ്പള)
സര്‍വീസ് നടത്തിയിരുന്ന mercedes benz ഇന്‍റര്‍ സ്റ്റേറ്റ് പര്‍മിറ്റ് ബസ്സ്.
ആദ്യം രണ്ടും അതിന് ശേഷം മൂന്നും സങ്കര വിട്ടല്‍ മോട്ടോര്‍സ് ബസ്സ്ുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. മംഗലാപുത്തെക്കാളും ആദ്യകാലങ്ങളില്‍ ഈ പ്രദേശത്തൂകാര്‍ പുത്തൂരിനെ ആശ്രയിച്ചിരുന്നു. ഇതിന്‍റെ റൂട്ട് സമയം കാണാപാഠമായിരുന്ന ഈ പ്രദേശത്തുകാര്‍ ഈ ബസ്സിനെ കാത്ത് നില്‍ക്കും, വളഞ്ഞും പുളഞ്ഞും കിടക്കുന്ന മലയോര പാഥയിലൂടെയും ഫോറസ്റ്റ് റേഞ്ചില്‍ കൂടിയും ഇത് യാത്രക്കാരെയും കൊണ്ട് യാത്രയാവും. എതിര്‍ ദിശയിലൂടെ വേറേ വാഹനം വന്നാല്‍ ആ ഒറ്റവരി പാഥയില്‍ പല സ്ഥലങ്ങളിലും മീറ്ററുകളോളം റിവേഴസ് വന്ന് സൈഡ് കൊടുക്കും.
രാവിലെ ഈ ബസ്സിനകത്തൊരു പ്രത്യേക മണമായിരുന്നു. അഗര്‍ ബത്തിയുടെയും ക്ഷേത്രത്തിലേക്കുള്ള യാത്രക്കാരുടെയും പുതുമണവാട്ടിമാരുടെയും തലയില്‍ ചൂടിയ മൈസൂര്‍ മല്ലികയുടെയും, സെമന്തിക(ജമന്തി)യുടെയും, ചെണ്ടിപ്പൂവിന്‍റെയും, ഗുളാബിയുടെയും മിശ്ര്ദധമായ ഒരു മണം.
ചിലപ്പോള്‍ ദൂരയാത്രയില്‍ ഒരു മനംപുരട്ടലും വരും. ടയപ്പറില്ലാത്ത കാലത്ത് കുഞ്ഞുങ്ങള്‍ അപ്പിയിട്ടതിന്‍റെയും പ്ളാസറ്റിക്ക് കവറിലേക്ക് ചര്‍ദ്ധിച്ചതിന്‍റെയും ഒരു ദുര്‍ഘന്ധം. ചര്‍ദിക്കല്‍ ശീലമുള്ള പലരും പുത്തൂര്‍ ഇട്ടല്‍ യാത്രയില്‍ കാശുമാവിന്‍റെ ഇല കൈയ്യില്‍ കരുതി മണപ്പിച്ച് കൊണ്ടിരിക്കും.
ഉപ്പളയുടെ ഉള്‍ഭാഗങ്ങളിലുള്ളവര്‍ അതികവും വിട്ട്ള ,പുത്തൂര്‍ ഭാഗങ്ങളില്‍ പഠിക്കാനും, ആ ഭാഗങ്ങളില്‍ ബന്ധുക്കള്‍ ഒരുപാട് ഉള്ളത് കൊണ്ടും, പലരുടെയും ഭാര്യ ഭര്‍തൃ വിടുകള്‍ ആ ഭാഗത്ത് ആയത് കൊണ്ടും, പല ക്ഷേത്രങ്ങള്‍ അങ്ങോട്ടായത് കൊണ്ടും, പൂത്തൂരിലും, വിട്ട്ളയിലും ആഴ്ച്ച ചന്തകളുള്ളത് കൊണ്ടും ബസ്സിലെന്നും തിരക്കാണ്. കന്നടയും, മലയാളവും ,തുളുവും അങ്ങനെ വിത്യസ്ഥമായ പല ഭാഷകളിലൂടെ സംസാരവും ബഹളുവുമായി അറബിക്കടലിന്‍റെ തീരത്ത് നിന്ന് കത്തിയുടെയും ചെമ്പ് പാത്രത്തിന്‍റെയും നാടായ പുത്തൂരിലേക്കുള്ള ആ ബസ്സിന്‍റെ പോക്ക് ഇന്ന് പലരുടെയും മനസ്സില്‍ മറക്കാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്നു.
ഇൗ ചിത്രത്തില്‍ കാണുന്ന ഡ്രൈവറാണ് പീര്‍ സാഹിബ് . ഇദ്ദേഹം വളരെ സാവധാനത്തിലാണ് ബസ്സോടിച്ചരുന്നത് . കൂടിപോയാല്‍ മണിക്കൂറില്‍ 15 കിലോമീറ്റര്‍.
ഇദ്ദേഹം ഓടിച്ചിരുന്നത് കൊണ്ട് ഈ ബസ്സ് അറിയപ്പെട്ടിരുന്നത് സായിബറെ ബസ്സ് എന്നാണ് . മറ്റൊരു സങ്കരവിട്ടലിന്‍റെ ഡ്രൈവറാണ് മാഹബല ഷെട്ടി. അത് കൊണ്ട് ആ ബസ്സ് സെട്ട്രേ ബസ്സെന്നും അറിയപ്പെട്ടു. അവസാനം ആരംഭിച്ച ബസ്സില്‍ ഡ്രൈവര്‍ ഗോപാലനായിരുന്നു.
ഇന്ന് ഈ റൂട്ടില്‍ മിനിറ്റുകള്‍ ഇടവിട്ട് ബസ്സ് സര്‍വീസുണ്ട്. എങ്കിലും ആരെങ്കിലും കുട്ടികള്‍ ബസ്സുണ്ടാക്കിയോ വളയം പിടിച്ചോ കളിക്കുമ്പോള്‍ ഈ പ്രദേശത്ത്കാര്‍ ചോദിക്കുന്ന ചോദ്യമുണ്ട്. ''ഇതെന്ത് സായിബറെ ബസ്സാ '' എന്ന്
Subscribe to:
Post Comments (Atom)
No comments:
Post a Comment