Search This Blog

Monday, April 11, 2016

റാണി അബ്ബക്ക

റാണി അബ്ബക്ക- തുളുനാടിന്റെ ഝാന്‍സി റാണി *** ഉള്ളാളിലെ റാണിയും, കോളനി കാലഘട്ടത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പൊരുതിയ ധീര വനിതയുമായിരുന്നു അബ്ബക്കാ റാണി. പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയായിരുന്നു അവരുടെ കാലഘട്ടം. തുളുനാട് എന്നറിയപ്പെട്ടിരുന്ന കര്‍ണ്ണാടകയുടെ തീരദേശം ഭരിച്ചിരുന്ന ചൗത വംശജയായിരുന്നു അബ്ബക്കാ റാണി. ജൈനമത വിശ്വാസിയായിരുന്നു അവര്‍. തുളുനാടിന്റെ തുറമുഖമായിരുന്നു ഉള്ളാള്‍. വളരെ പ്രധാനപ്പെട്ട ഈ പ്രദേശം പിടിച്ചെടുക്കാന്‍ പോര്‍ച്ചുഗീസുകാര്‍ വളരെയധികം ശ്രമിച്ചുവെങ്കിലും വിജയിക്കുവാന്‍ കഴിഞ്ഞില്ല. അബ്ബക്കാ റാണിയുടെ ധീരമായ ചെറുത്തു നില്‍പ്പുകാരണം, പോര്‍ച്ചുഗീസുകാര്‍ക്ക് ഈ പ്രദേശം അപ്രാപ്യമായി തീര്‍ന്നു. കോളനിവാഴ്ചക്കെതിരേ പോരാടിയ ആദ്യ കാല ഭാരതീയരില്‍ ഒരാളായിരുന്നു അബ്ബക്കാ റാണി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ വനിതയായും ഇവരെ വിശേഷിപ്പിക്കുന്നു. തായ് വഴി സമ്പ്രദായം പിന്തുടര്‍ന്നു വന്ന ഒരു രാജവംശമായിരുന്നു ചൗത രാജവംശം. അബ്ബക്കയുടെ അമ്മാവനായിരുന്ന തിരുമാല രായന്‍ അബ്ബക്കയെ അടുത്ത കിരീടാവകാശിയായി വാഴിക്കുകയായിരുന്നു. ബൈന്ദൂരിലെ ശക്തനായ രാജാവായിരുന്ന ലക്ഷ്മപ്പ ബംഗാര അരസയെക്കൊണ്ട് അബ്ബക്കയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ശക്തമായ ഈ രണ്ടു രാജവംശങ്ങള്‍ തമ്മിലുള്ള ഈ ബന്ധം പോര്‍ച്ചുഗീസുകാരെ വല്ലാതെ നിരാശരാക്കി. യുദ്ധതന്ത്രങ്ങളും, രാഷ്ട്രതന്ത്രവും തിരുമലരായന്‍ അബ്ബക്കയെ പരിശീലിപ്പിച്ചു. വളരെ ഹ്രസ്വമായിരുന്നു ഇവരുടെ വിവാഹ ജീവിതം. അബ്ബക്ക തിരികെ ഉള്ളാളിലേക്കു പോന്നു. ലക്ഷ്മപ്പ പിന്നീട് അബ്ബക്കയോടുള്ള പ്രതികാരം തീര്‍ക്കാന്‍ പോര്‍ച്ചുഗീസുകാരുടെ കൂടെ ചേര്‍ന്നു. ഗോവയെ കീഴടക്കിയശേഷം, പോര്‍ച്ചുഗീസുകാര്‍ പിന്നീട് ലക്ഷ്യമാക്കിയത് കര്‍ണ്ണാടകയുടെ തീരപ്രദേശമായിരുന്നു. വ്യാപാരത്തിനു, സുരക്ഷക്കും വളരെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു കര്‍ണ്ണാടകയുടെ തീരപ്രദേശം. അറേബ്യന്‍ രാജ്യങ്ങളും മറ്റ് പാശ്ചാത്യരാജ്യങ്ങളുമായി സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിനു പേരുകേട്ട തുറമുഖമായിരുന്നു ഉള്ളാള്‍. പ്രാദേശികമായ ചെറുത്തു നില്പുകാരണം ആ പ്രദേശം കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല. ജൈനമതക്കാരിയായ അബ്ബക്ക റാണിക്കു ഹൈന്ദവരില്‍ നിന്നും, മുസ്ലിം സമുദായത്തിലുള്ളവരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. അബ്ബക്ക റാണിയുടെ സൈന്യത്തില്‍ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു. വിദേശികളായ ശത്രുക്കള്‍ക്കെതിരേ പൊരുതാന്‍ കോഴിക്കോട് സാമൂതിരിയുടെ പിന്തുണയും അബ്ബക്ക തേടിയിരുന്നു. വിവാഹത്തിലൂടെ അയല്‍ രാജ്യമായ ബൈന്ദൂരിന്റെ പിന്തുണയും അബ്ബക്കു ലഭിച്ചിരുന്നു. ഈ സഖ്യം, തീരപ്രദേശത്തുവെച്ച് പോര്‍ച്ചുഗീസ് സൈന്യത്തെ നേരിട്ടു. പോര്‍ച്ചുഗീസുകാര്‍ അബ്ബക്ക റാണിയോട് കപ്പം നല്‍കണം എന്നാവശ്യപ്പെട്ടെങ്കിലും റാണി അത് നിരസിച്ചു. 1555 റാണിയെ പരാജയപ്പെടുത്താന്‍ അഡ്മിറല്‍ ഡോം അല്‍വാറോയുടെ നേതൃത്വത്തില്‍ ഒരു സൈന്യം തുളുനാട്ടിലേക്കു വന്നുവെങ്കിലും റാണി അവരെ പരാജയപ്പെടുത്തി. 1557 ല്‍ പോര്‍ച്ചുഗീസുകാര്‍ മംഗലാപുരം കീഴടക്കി. ഉള്ളാള്‍ കീഴടക്കാന്‍ ഒരു സൈന്യം പുറപ്പെട്ടു. അവര്‍ കൊട്ടാരത്തിലെത്തിയപ്പോഴേക്കും റാണി അവിടെ നിന്നും രക്ഷപ്പെട്ടു ഒരു പള്ളിയില്‍ അഭയം തേടി. അന്നത്തെ രാത്രിയില്‍ 200 ഓളം സൈനികരെ സംഘടിപ്പിച്ച റാണി പോര്‍ച്ചുഗീസ് സേനക്കെതിരേ ആക്രമണം അഴിച്ചു വിട്ടു. പോര്‍ച്ചുഗീസ് സൈന്യത്തലവനായിരുന്ന ജനറല്‍ പൈക്‌സിയോട്ടോ കൊല്ലപ്പെട്ടു. എഴുപതോളം പോര്‍ച്ചുഗീസ് സൈനികരെ റാണിയുടെ സേന തടവുകാരായി പിടിച്ചു. തുടര്‍ന്നു നടന്ന യുദ്ധത്തില്‍ പോര്‍ച്ചുഗീസ് ജനറലായിരുന്ന മസ്‌കരാസ് കൊല്ലപ്പെടുകയും, മംഗലാപുരം കോട്ട ഉപേക്ഷിച്ചു പോവാന്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. 1969 ല്‍ പോര്‍ച്ചുഗീസുകാര്‍ മംഗലാപുരം കോട്ട പിടിച്ചെടുക്കുകയും, നിര്‍ണ്ണായകമായ കുന്താപുരയില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. കുന്താപുരയിലെ ശത്രു സാന്നിദ്ധ്യം റാണിക്കു അസ്വസ്ഥതയായി മാറി. കൂടാതെ, റാണിയുടെ മുന്‍ ഭര്‍ത്താവ്, ലക്ഷ്മപ്പ പോര്‍ച്ചുഗീസുകാരുടെ കൂടെ കൂടി റാണിക്കെതിരേ യുദ്ധത്തിനിറങ്ങുകയും ചെയ്തു. 1570 ല്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പടനയിക്കാനായി റാണി, ബിജാപൂര്‍ സുല്‍ത്താനുമായും, കോഴിക്കോടു സാമൂതിരിയുമായും കരാറിലേര്‍പ്പെട്ടു. ഇരു ഭരണാധികാരികളും, പോര്‍ച്ചുഗീസുകാരുടെ ആധിപത്യം അവസാനിപ്പിക്കണം എന്ന ലക്ഷ്യക്കാരായിരുന്നു. കോഴിക്കോടു സാമൂതിരിയുടെ നാവികസേനാ തലവനായിരുന്ന കുട്ടി പോക്കര്‍ മരക്കാര്‍ റാണിക്കു വേണ്ടി, പോര്‍ച്ചുഗീസുകാര്‍ക്കെതിരേ യുദ്ധം നയിക്കുകയും, മംഗലാപുരം കോട്ട നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മരക്കാരെ പോര്‍ച്ചുഗീസുകാര്‍ പിടികൂടുകയും വധിക്കുകയും ചെയ്തു. സഖ്യത്തിനു വല്ലാത്തൊരു നഷ്ടമായിരുന്നു മരക്കാരുടെ മരണം. കൂടാതെ, ഭര്‍ത്താവിന്റെ വഞ്ചന കൂടിയായപ്പോള്‍ റാണി വല്ലാതെ തളര്‍ന്നു. പോര്‍ച്ചുഗീസുകാര്‍ റാണിയെ അറസ്റ്റു ചെയ്യുകയും തടവിലാക്കുകയും ചെയ്തു. *** (*വിക്കീ പീഡിയയില്‍ നിന്നു പകര്‍ത്തിയതാണിത്. റാണിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇതില്‍ അടങ്ങുന്നില്ല. പുരുഷ വേഷം ധരിച്ചാണ് റാണി ആളുകള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നു ചരിത്ര രേഖകളില്‍ പരാമര്‍ശമുണ്ട്. റാണിയുടെ മരണം, അനന്തരാവകാശികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ഈ ലേഖകന്‍ ആ വഴിക്കുള്ള അന്വേഷണത്തിലാണ്). കടപ്പാട് ഃ പാടി രവീന്ദ്രന്‍

No comments:

Post a Comment