Search This Blog

Monday, April 11, 2016

സൊബ്ബൈക്കത്തേ അരിക്കച്ചി (എന്‍റെ ഇന്നലകള്‍)

വന്ന വഴിയിലേക്കൊരു എത്തിനോട്ടം ########################### രാവിലെ ഉപ്പ സുബഹി നിസ്ക്കരിക്കാന്‍ എഴുന്നേല്‍പ്പിക്കും. നിസ്ക്കാരവും കഴിഞ്ഞ് ഖുര്‍ഹാന്‍ പരായണം ചെയ്യുമ്പോളായിരിക്കും പൊണ്ണമ്മന്‍റെ കടന്ന് വരവ്. അതിനിടയ്ക്ക് ഉമ്മ രാവിലത്തെ അപ്പവും ചായയും റെഡിയാക്കീ വെച്ചിട്ടുണ്ടാവും. ഉപ്പ വിളിച്ച് പറയും ''പൊണ്ണമ്മന് അപ്പവും ചായയും എടുക്ക്' അപ്പോള്‍ അയാള്‍ വിളിച്ച് പറയും ''ചെട്ത്ത്ളേ കാലിചായ മതി ഞാനി പൊരേലി കഞ്ഞികുട്ച്ചിറ്റി ബന്നെ, എറ്ദ്ന് അരിക്കച്ചി കൊട്ത്താ..?'' ഇല്ലാ...അതാ ബാള്‍ദീലി പുണ്ണാക്ക് പൊവുത്തീറ്റി ബെച്ചിനി, ചെമ്പാല്‍ത്തിലി മഡ്ഡിന്‍റരി ബെയ്ച്ചതും ഗോണീലി തൗടും ഉണ്ട്. കന്ന് കാലിക്ക് തീറ്റ കൊട്ത്തതിന് ശേഷമാണ് പൊണ്ണമ്മന്‍റെ ചായ കുടി. അതിനിടയ്ക്ക് ഞാനും ഒരിചായയും റസ്ക്കും കഴിക്കും. ആട്ടി (കര്‍ക്കിടം) മാസമാണെങ്കില്‍ ഉപ്പ പറയും ''വെള്ളരിക്ക അട്ടത്ത് (തട്ടിന്‍പുറത്ത്) തുക്കിയിട്ടിട്ടുണ്ട് , നീ അത് ചെര്ച്ച് (ചിരകി) പഞ്ചാര കൂട്ടി കാലിവയറ്റില്‍ തിന്ന്, തടിക്ക് നല്ലത് മോനേ...'' കഴിഞ്ഞ വിളവിനുണ്ടായ വെള്ളരിക്ക നിലം തോടാതെ വാഴ നാര് കൊണ്ട് കെട്ടി വെച്ചിട്ടുണ്ടാവും അത് ചിരകി അതില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കാന്‍ വളരെ രസമാണ്. എന്‍റെ ചെറു പ്രാതല്‍ കഴിഞ്ഞു ഞാനും തൊഴുത്തിനടുത്തെത്തും. അപ്പോള്‍ അയാളെന്നോട് വിളിച്ച് പറയും ''മയ വരുന്നത് പോലെയുണ്ട് കുഞ്ഞി തലക്കൊരു പ്ളാസ്റ്റിക്ക് തൊട്ടേ കൊട്ടിക്കോ...'' ആലയുടെ മാടിനിയിലൊളിപ്പിച്ച കാഞ്ഞിരാത്തിന്‍റെ ചൂരല്‍ പിടിച്ച് അയാളെന്നോട് പറയും '' അപ്പോ ഞമ്മോ പോയിയല്ലേ..? നീ ഈ എര്‍ദിനെ (കാളയെ) പിടിച്ചോ..'' നേരം ശരിക്ക് വെളുത്തിട്ട് പോലുമില്ലാ...ആ പൂര്‍ണ്ണമായുദിക്കാത്ത സൂര്യ വെളിച്ചത്തില്‍ ഞങ്ങള്‍ രണ്ടുപേരും വയലിലേക്ക് പോകും. പാടത്തെത്തിയാല്‍ അയാള്‍ രണ്ട് ബോരികളെയും (കാള) എന്നെയേല്‍പിച്ച് തലേദിവസം അടന്ന് (നിലമുഴുത്) മരത്തിനടിയില്‍ വെച്ച നയറും(കലപ്പ) നുകവും കൊണ്ട് വരും.( കാളപൂട്ടിയ ശേഷം എനിക്കുള്ള പണി പാടത്ത് അവിടവിടെയിട്ട ചാണക വളത്തെ വാരി വിതറലാണ്. അപ്പോള്‍ എന്നെ കത്ത് കുറേ കാക്കകളുണ്ടാവും, വളത്തിനടിയിലുള്ള മണ്ടപുതുവിലാണ് (വെളുത്ത പുഴു) അതിന്‍റെ നോട്ടം. (ഈ പുഴു കൊമ്പന്‍ ചെല്ലി എന്ന വണ്ടിന്‍റെ ലാര്‍വ്വകളാണെന്ന് ഈയടുത്ത കാലത്താണ് എനിക്ക് മനസ്സിലായത്). അന്ന് ഞാന്‍ പ്രൈമറിയില്‍ പഠിക്കുന്നത് കൊണ്ട് 8.30 നാണെനിക്ക് സ്കൂള്‍ ആരംഭിക്കുന്നത്. വിശാലമായ ആ പടത്ത് ഇരുന്നാല്‍ സമയം എത്രയാണെന്ന് അറിയാന്‍ വഴിയില്ല. റോഡിലൂടെ പോകുന്ന ബസ്സിന്‍റെ ഹോര്‍ണ്ണിന്‍റെ ശബ്ദം കേട്ട് അതേത് ബസ്സാണെന്നും അത് പോകുന്ന സമയവും മനസ്സിലാകും എന്‍റെ പണികള്‍ തീര്‍ന്നാല്‍ ഒറ്റയോട്ടമാണ് വീട്ടിലേക്ക് പൊണ്ണമ്മന് അപ്പവും ചായയും കൊണ്ട് വരാന്‍, കീജിന്‍റെ പോഞ്ചിയില്‍ (അലുമീനിയം ഫ്ളാസ്ക്ക്) ചായയും, കാസയില്‍ (കുഴിയുള്ള സ്റ്റീല്‍ പാത്രം) അപ്പവുമായി ഞാന്‍ അയാള്‍ക്കുള്ള നാസ്തയുമായി വയലില്‍ വീണ്ടുമെത്തും. അപ്പോഴേക്കും കുട്ടികള്‍ വയലിലൂടെ സ്ക്കൂളിലേക്ക് പോകുന്നത് കാണാം. അയാള്‍ നാസ്ത കഴിക്കാന്‍ അടക്കുന്നത് (ഉഴുതല്‍) നിര്‍ത്തിയാല്‍ ആയാള്‍ ചായ കുടിച്ച് തീരു വരെ എനിക്കാണ് ആ ജോലി. കഴിച്ച് കഴിഞ്ഞാല്‍ പാത്രവും കൊണ്ട് വീണ്ടും വീട്ടിലേക്കോടും. അതിനിടയ്ക്ക് പാടത്ത് തന്നെയുള്ള തോട്ടില്‍ ഒന്ന് മുങ്ങിയെഴുന്നേല്‍ക്കും. വീട്ടിലെത്തിയാല്‍ മറയിലേ ചെമ്പാല്‍ത്തിലുള്ള ചുട്ടാണിയും (കുളിമുറിയിലെ ചെമ്പ് പാത്രത്തിലുള്ള ചൂടു വെള്ളം) ഹമാമ് സോപും കൊണ്ടൊരു കുളി. എത്രയോടിയാലും സ്കൂളിലെത്തുമ്പോള്‍ സെക്കന്‍റ് ബെല്ലൊക്കേ കഴിഞ്ഞിട്ടുണ്ടാകും. ടീച്ചര്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഞാന്‍ പുറത്ത് നിന്ന് കൈകാട്ടി പറയും ഹജര്‍ സര്‍... മസൂന ബീവിയാണ് ക്ളാസ് ടീച്ചര്‍ അവര് പറയും ''അവിടെ തന്നെ നില്ല് ക്ളാസില്‍ കേറണ്ട..'' നിന്നോടല്ലേ എന്നും ഞാന്‍ പറയുന്നത് ഫസ്റ്റ് ബെല്ലിന് മുമ്പ് വന്ന് അസംബ്ളിയില്‍ ചേരണമെന്ന് നീ ഒരു ദിവസമെങ്കിലും അസംബ്ളി കണ്ടിട്ടുണ്ടോ...? അങ്ങനെ ഒരു പിരിയേഡ് കഴിയും വരെ ചാണകം നിറഞ്ഞ ആ വരാന്തയില്‍ ഞാനും കുറേ കൊതുകുകളും ഈച്ചയുമുണ്ടാവും. എന്ത് കൊണ്ട് നീ താമസിക്കുന്നു എന്ന് ടീച്ചര്‍ ചോദിച്ച ചോദ്യത്തിന് ഞാനൊരിക്കലും ഉത്തരം പറഞ്ഞിട്ടില്ല.അന്ന് പറയാന്‍ എന്‍റെ അപകര്‍ശാ ബോധം എന്നെ അനുവധിച്ചിട്ടുമില്ല

No comments:

Post a Comment