Search This Blog

Sunday, April 10, 2016

തുളുനാടന്‍ കര്‍ഷകാചാരങ്ങള്‍

തുളുനാടന്‍ വിശേഷങ്ങളിലൂടെ, ****************************** കണ്ടദകോരിയും, പൊരെ നിറക്കലും , പുതിയരിയും ==============###============= തുളുനാടന്‍ കാര്‍ഷിക സംസ്ക്കാരത്തില്‍ പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളുമുണ്ടായിരുന്നു. ആ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്ക് ജാതിയുടെയോ മതത്തിന്‍റെയോ അതിര്‍ വരമ്പുകളില്ല. നെല്‍ കര്‍ഷകരായ എല്ലാ വിഭാഗം ആളുകളും പല നാട്ടുനടപ്പുകളും പിന്തുടര്‍ന്നിരുന്നു. അത്തരം ചില നാട്ടുനടപ്പിനെ പറ്റിയാണ് ഞാനിവിടെ വിവരിക്കുന്നത്. കണ്ടതകോരി ************** നെല്‍ കര്‍ഷകര്‍ നട്ടി (ഞാര്‍ നടല്‍) പണി പൂര്‍ത്തികരിച്ച് പണിയായുധങ്ങള്‍ എടുത്ത് വെച്ച് ബോരിക്ക് (കാളയ്ക്ക്) കുറച്ച് കാല വിശ്രമം നല്‍കുന്ന ദിവസമാണ് കണ്ടത കോരി. അന്ന് പാടത്തെ ജോലിക്കാര്‍ക്ക് വിഭവ സമൃതമായ സദ്യയും പായസവും മുറുക്കാനും കൂലിയും നല്‍കി യാത്രയാക്കും ഇനി കൊയ്ത്തിന് വരണം എന്ന അഭ്യര്‍ത്ഥനയോടെ. തുളുനാട്ടിലെ പല സ്ഥലങ്ങളിലും ഗുത്തുകാരുടെ വയലുകളിലും (ചൂത്ത്രന്‍മാരുടെ അഥവ ബംട്സ്മാരുടെ വലിയ തറവാട് വീടുകളാണ് ഗുത്തു എന്ന് അറിയപ്പെടുന്നത്) കണ്ടം കോരിക്ക് നാഗബെര്‍മ്മ തെയ്യത്തിന് കോലം കെട്ടിയാടാറുമുണ്ടായിരുന്നു. പുരനിറയ്ക്കല്‍ (ഇല്ല് ദിഞ്ജുണെ) ******************************** നെല്‍ക്കതിര്‍ വിളഞ്ഞുണങ്ങി കൊയ്ത്തിന് പാകമായാല്‍ വിളയെ ആദ്യമായി വീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന നാട്ടുനടപ്പാണ് പുരനിറയ്ക്കല്‍. പുരനിറയ്ക്കലിന് തലേ ദിവസം വീടൂം വീട്ട സാധനങ്ങളും വൃത്തിയാക്കും. പുരനിറയ്ക്കല്‍ ദിവസം വെളുപ്പിന് നെല്‍കതിര്‍ പറിച്ച് കൊണ്ടുവന്ന് മറ്റു വിളകളായ വെള്ളരിക്കയോ അല്ലെങ്കില്‍ കക്കരിക്ക, തേങ്ങ ,വെള്ളം എന്നിവയുടെ കൂടെ വിളക്ക് വെച്ച് മുറിക്കകത്തോ, പൂജാമുറിക്കകത്തോ ബഹുമാനപൂര്‍വ്വം സ്വീകരിച്ച് വെക്കുന്നു. മറ്റു ചിലരാകട്ടെ കതിര് ഉമ്മറത്തോ കോലായിലോ തൂക്കിയിടും. പുതിയരി (പൊസയരി). ********************** ഒരു വിളവില്‍ ലഭിച്ച നെല്ലകുത്തിയോ മില്ലില്‍ കൊടുത്തോ കിട്ടുന്ന അരിയെ ആദ്യമായി പാകം ചെയ്യുന്നതാണ് പുതിയരി. പുതിയരി ദിവസം പലരും ആഘോഷമായി കൊണ്ടാടിയിരുന്നു. അരിയും ശര്‍ക്കരയും ചേര്‍ത്ത് ചോറുണ്ടാക്കും (ഇതിന് ചക്കര ചോറ് എന്നും പറയും ) അടുത്ത ആളുകളെ വിളിച്ച് അവര്‍ക്ക് ഭക്ഷണം നല്‍കും. ഭുരിഭാഗം നെല്‍കര്‍ഷകരും അവരുടെ വീട്ടില്‍ അവര്‍ കൃഷിചെയ്തുണ്ടാക്കിയ പുതിയരി വെച്ച് കഴിച്ചില്ലെങ്കില്‍ മറ്റ് അടുത്ത ബന്ധുക്കളുടെ വീട്ടില്‍ പുതിയരിക്ക് വിളിച്ചാലും പോകില്ലായിരുന്നു. അവര്‍ ഉണ്ടാക്കിയ പുതിയരിയാവണം ആദ്യമായി കഴിക്കണമെന്നത് അവരുടെ നിര്‍ബന്ധമായിരുന്നു. ഇന്ന് നെല്‍കൃഷി അന്യമായി കൂടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ ഓര്‍മ്മകളും. Photo - Kiran Padmanabhan

No comments:

Post a Comment