Search This Blog

Monday, April 11, 2016

പൂള്ളറെ പുടിക്കുന്നോറും പുള്ളറും

വന്ന വഴിയിലേക്കൊരു എത്തി നോട്ടം **************************************** Part IV ''പുള്ളറേ പുടിക്കന്നോറേ കാറ് പായിറ'' (കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നവരുടെ കാറ്, ഓടടാ). സ്കൂളില്‍ നിന്നോ മദ്രസയില്‍ നിന്നോ വരുമ്പോള്‍ അപൂര്‍വ്വമായി ആ റോഡില്‍ കാണുന്ന വെള്ള അമ്പാസഡര്‍ കാര്‍ കണ്ടാല്‍ ഒന്നിച്ചുള്ള മൂത്ത കുട്ടി വിളിച്ച് പറയും. അത് കേട്ട് ഞങ്ങള്‍ ചിതറിയോടും. കുട്ടികളായ ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന ഒരു കിംവതന്തിയായാരുന്നു ഈ ഓട്ടത്തിന് കാരണം അതിങ്ങനെയായിരുന്നു. പുതിയ ചങ്കം (പാലം) പണിയണമെങ്കില്‍ അതിനാദ്യം കുട്ടികളുടെ തലയറുത്ത് ചോര കാണിക്കണം ഇല്ലെങ്കില്‍ ചങ്കം നിലനില്‍ക്കില്ല. ഈ വാര്‍ത്ത കൂട്ടികളുടെ ഇടയില്‍ കാട്ട് തീ പോലെ പടര്‍ന്നു. പല സ്ഥലത്തും ഇങ്ങനെ കുട്ടികളെ പിടിച്ച് കൊണ്ട് പോയി ബലികൊടുത്തിട്ടുണ്ട് എന്ന് പലരും തേങ്ങലോടെ കഥ പറഞ്ഞു. വെള്ള അമ്പാസഡര്‍ കാറിലാണ് അവര്‍ വരുന്നതെന്നും ആരോ കാച്ചിവിട്ടു. അതിന് ശേഷം ഒറ്റയ്ക്കോ രണ്ട്മൂന്ന് പേരോ മാത്രം നടന്ന് പോകുമ്പോള്‍ അത് പോലുള്ള കാറ് വരുമ്പോ റോഡിനരികില്‍ നിന്നും ദൂരേയ്ക്കൊടും. കുറെ പേരുണ്ടെങ്കില്‍ പലരും ദൈര്യത്തിന് കല്ലുകളെടുത്ത് കയ്യില്‍ പിടിക്കും. അങ്ങനെ കാലം കുറച്ച് കഴിഞ്ഞപ്പോള്‍ പലരും ആ കഥ മറന്നു. ഓരോ കാലങ്ങളിലും ഇങ്ങനെ ഭയപ്പെടുത്തുന്ന കഥകള്‍ മാറി മറിഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ പേടിച്ചത് പിരാന്തന്‍ നായയുടെ കഥ കേട്ടാണ്. അപ്പപ്പോള്‍ കുട്ടികളുടെ ഇടയില്‍ ന്യൂസെത്തും പിരാന്തന്‍ നായി കടിച്ച് രണ്ട് പശുക്കള്‍ക്കും പിരാന്തായി. അതോടെ പശുവിനേയും പട്ടിയേയും പേടിക്കേണ്ടവസ്ഥയായി. അതിന്‍റെ കടിയേറ്റാല്‍ പൊക്കിളിന് ചുറ്റും തൂസി(സൂചി) വെക്കുന്ന കാര്യമോര്‍ത്ത് ഞങ്ങളറിയാതേ ഞങ്ങളുടെ പൊക്കിളുകള്‍ തടവി. ഞങ്ങളുടെ പൊളിഞ്ഞ പഴയ തറവാട് വീടിന്‍റെ കിണറ്റില്‍ ഒരാളെ കൊന്ന തള്ളിയിരുന്നു. അതിന് ശേഷം കുട്ടികളാരും പകല്‍ പോലും ആ സ്ഥലത്തൂടെ പോകാതായി അവിടെ കൊലയുണ്ടെന്നും (പ്രേതം) പലര്‍ക്കും ഒറ്റക്ക് സഞ്ചരിക്കുമ്പോള്‍ പല സമയത്തും കണ്ടീട്ടുണ്ടെന്നും പറഞ്ഞ് പേടിപ്പിച്ച് അവിടേക്കുള്ള കുട്ടികളായ ഞങ്ങളുടെ പോക്ക് നിര്‍ത്തി. ആ സ്ഥലത്ത് കുറച്ച് പറങ്ങട്ട (കശുമാവ് ) മരമുണ്ടായിരുന്നു. അതില്‍ നിന്നും പറങ്ങട്ട വലിക്കാന്‍ ഉപ്പ ഞങ്ങളെയയക്കും. ആ പൊട്ടകിണറിനടുത്ത് എത്താറാവുമ്പോള്‍ ഞങ്ങള്‍ വെച്ചും സ്വലാത്തും ചെല്ലി ഫാത്തിഹയും ഓതി ദുഹാ ചെയ്തോണ്ടാ പോകുന്നത്. അങ്ങനെ ചെയ്താല്‍ സൈത്താന്‍ വരില്ലാന്നാണ് വിശ്വാസമെങ്കിലും അടുത്തെത്താറാവുമ്പോള്‍ സ്വലാത്ത് പറച്ചിലിനൊക്കേ വിറയല്‍ വരും. ഞങ്ങളുടെ വീടിനടുത്ത് ചെറിയൊരു പള്ളിയുണ്ടായിരുന്നു. കോടിയട്ക്ക പള്ളി. മുന്നുറോളം വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്ന ആ പള്ളി മരങ്ങള്‍ നിറഞ്ഞ് കാട് പിടിച്ച സ്ഥലത്താണ് .പകല്‍ പോലും ആ പള്ളി വളപ്പിലേക്ക് ഒറ്റയ്ക്ക് പോകാന്‍ പേടിയാണ്. റംസാന്‍ ഒഴിച്ചുള്ള കാലങ്ങളില്‍ അവിടെ നിസ്ക്കരിക്കാന്‍ ആളുകള്‍ വരാറില്ല. മൂക്രിക്കയും ഞങ്ങള്‍ കുറച്ച് പിള്ളേരും ഇടക്കിടക്ക് വരുന്ന അടുത്ത വീട്ടിലെ ആള്‍ക്കാറും. മുക്രിക്കയ്ക്ക് എവിടെങ്കിലും പോകാനുണ്ടെങ്കില്‍ എന്നോട് വന്ന് പറയും രാത്രി ഞാനില്ല നീ ബാങ്ക് കൊട്ത്ത്റ് . ബാങ്കിന്‍റെ സമയവും പറയും. പള്ളിക്ക് കറന്‍റ് കണക്ഷനുണ്ടെങ്കിലും അതിക സമയവും കറന്‍റുണ്ടാവാറില്ല. മഗ്രിബ് ബാങ്കിന്‍റെ സമയത്ത് ആരെങ്കിലും ഉണ്ടാവും ദൈര്യത്തോടെ കൊടുക്കും. ഇശാഹിന് ചിലപ്പോ ഞാനൊറ്റയ്ക്കാവും എവരടി ബാറ്ററി ടോര്‍ച്ചും പിടിച്ച് ഉള്ളില്‍ വിറയലും പുറത്ത് ധൈര്യവും കാട്ടി ആ കാടിനിടയിലൂടെ പള്ളിയിലേക്ക് പോകും. എന്‍റെ കഷ്ടകാലത്തിന് അന്ന് കറന്‍റുമുണ്ടാവില്ല. നല്ല കാറ്റില്‍ മണ്ണെണ്ണ ല്യാംപ് കെട്ടിരിക്കും. ഇടക്ക് കാറ്റിന്‍റെ വികൃതമായ ശബ്ദവും , എന്നെ ഞെട്ടീച്ച് കൊണ്ട് മരത്തിന്‍റെ ഉണങ്ങിയ ഗെള്ളുകള്‍ (ചില്ലകള്‍) വീഴും. ഞാനാകെ പേടിച്ച് വിറക്കും. വിളക്ക് കത്തിക്കാനായി അത്യാവശ്യ സമയത്ത് തീപെട്ടി തിരഞ്ഞാലും കിട്ടില്ല. തീപട്ടിക്കായി ദാരന്തത്തിന്‍റെ (കട്ടിലയുടെ) അകത്ത് കയ്യിട്ടാല്‍ പല്ലികളാവും ചിലപ്പോള്‍ കയ്യില്‍ തട്ടുന്നത്. പേടിച്ച് വിറച്ച് പലപ്പോഴും എന്‍റെ ബാങ്കു വിളിക്ക് ശബ്ദമുണ്ടാവില്ല. ശബ്ദം വന്നാലോ അത് വിറയലോടെയായിരിക്കും. മൈക്കില്ലാത്തത്കൊണ്ട് ആ ശബ്ദം എനിക്കും പടച്ചോനും അവിടെയുണ്ടെന്ന് പറയപ്പെടുന്ന ജിന്നുകള്‍ക്കും മാത്രമേ കേള്‍ക്കു. പിന്നെ എങ്ങനെയങ്കും നിസ്ക്കരിച്ച് ഒറ്റ പാച്ചില്‍. വീട്ടിലെത്തുമ്പോളാണ് സമാധാനം കിട്ടുന്നത് തൊട്ടടുത്ത വീട്ടിലെ പൊടിഞ്ഞ പിറ്റേന്ന് മുക്രിക്കയോട് ചോദിക്കും ''ഇന്നലേ ബാങ്ക് കൊട്ത്തിറ്റലേ. ഞാനിന്നലേ നിക്കാര കുപ്പായമിട്ട് പായില്‍ ഇരുന്ന് ബാങ്ക് കേക്കന്നാന്ന് കാത്ത് കേട്ടിറ്റല''. മുക്രിക്ക എന്നോട് ചോദിക്കും നീ ബാങ്ക് കൊട്ത്തില്ലേ. കൊട്ത്തിന് ഞാന്‍ പറയും. ആരും കേട്ടിറ്റ്ലാലാ. കേട്ടങ്ക് ആരെങ്ക് ബെര്ന്നാ ഞാനും ചോദിക്കും. സത്യം പറഞ്ഞാല്‍ ഞാനൊരു പേടിത്തൂറിയാണെന്ന് അയാള്‍ക്ക് മനസ്സിലാകുമെന്നത് കൊണ്ട് എന്‍റെ പേടിന്‍റെ കഥ അയാളോടൊരിക്കലും പറഞ്ഞിട്ടില്ല . തുടരും.......

No comments:

Post a Comment