Search This Blog

Thursday, July 28, 2016

വടക്കനിലെ അനുഭവക്കുറിപ്പുകള്‍

വടക്കന്‍ കേരളത്തിലെ കര്‍ണ്ണാടകയുടെ ഏറ്റവും അടുത്ത അതിര്‍ത്തി പ്രദേശമായ പൈവളികെ എന്ന സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതും, ആ പ്രദേശവും തൊട്ടടുത്തുള്ള പ്രദേശങ്ങളും മലയാളത്തിനെക്കാളും തുളു സംസ്ക്കാരവുമായാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഞങ്ങളുടെതാകട്ടെ മാപ്പിളയും തുളുവും കലര്‍ന്ന സംസ്ക്കാരം. പരമ്പരാഗതമായി കര്‍ഷകരായിരുന്നു ഞങ്ങളുടെ കാരണവന്‍മാര്‍ പിന്തുടരുന്നതും ആദി ദ്രാവിഡ സംസ്ക്കാരമായ തുളനാടന്‍ സംസ്ക്കാരവും ആചാര അനുഷ്ഠാനങ്ങളുമായിരുന്നു. മാസക്കണക്ക്ക്കുകള്‍ കൂട്ടിയിരുന്നത് അറബിമാസക്കണക്കും കൃഷിയോടനുബന്ധിച്ചാണെങ്കില്‍ തുളുമാസക്കണക്കുമായിരുന്നു. ഇംഗ്ളീഷ് മാസക്കണക്കിനെ അവയാശ്രയിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ കേട്ടവളര്‍ന്നതും കര്‍ക്കടവും, ചോണവും (ആട്ടിയും, ചിങ്ങവും)പോലുള്ള മാസക്കണക്കുകളും, അമാവസിയും സംക്രാന്തിയും പോലുള്ള ദിവസങ്ങളുടെ പ്രത്യേകതകള്‍ അറിഞ്ഞ് കൊണ്ടായിരുന്നു. ദേവന്‍മാരില്ലാത്ത ഊര് അതായിരുന്നു ഞങ്ങളുടെ നാടിന്‍റെ പ്രത്യേകത, അപ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ വിചാരിക്കും ഈ നാട്ടുകാരൊക്കേ നാസ്തികരാണോ എന്ന്. അല്ല ഈ നാട്ടുകാര്‍ ഗ്രാമത്തിന്‍റെ കാവല്‍ക്കാരായി വിശ്വസിച്ച് ആരാധിച്ച പോന്നിരുന്നത് മുന്ന് തെയ്യങ്ങളെയായിരുന്നു. ശ്രീ ഉള്ളള്‍ത്തി തെയ്യവും രണ്ടു സഹോദര തെയ്യങ്ങളുമായിരുന്നു അവര്‍. ദ്രാവിഡതയിലേക്ക് അര്യ സംസ്ക്കാരം കലര്‍ന്നെങ്കിലും ഈ ഗ്രാമത്തില്‍ ദേവപ്രതിഷ്ഠകള്‍ ചെയ്യാതേ വിശ്വാസികള്‍ ദൈവങ്ങളെ മാത്രം കുടിയിരുത്തി. എന്‍റെ കുട്ടിക്കാലത്ത് നാല്മണിക്ക് വിടുന്ന സ്ക്കൂള്‍ എല്ലാ വര്‍ഷത്തിലും ഒരു ദിവസം ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിടും കാരണം അന്നാണ് ഇളയ സഹോദര തെയ്യത്തിനെ ബോളംഗള എന്ന സ്ഥലത്ത് കോലം കെട്ടിയാടുന്നത്. ആ തെയ്യം കെട്ടിയാടുന്ന സമയത്ത് ആ പരിസരത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിശിദ്ധമായിരുന്നു. അത് കൊണ്ട് ആ വഴി കടന്ന് പോകുന്ന പെണ്‍കുട്ടികള്‍ കോലം കെട്ടിയാടുന്നതിന് മുമ്പ് തന്നെ കടന്ന് പോകാനായിരുന്നു പണ്ട് മുതലേ സ്ക്കൂള്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിട്ടിരുന്നത്. സ്ക്കൂള്‍ വിട്ടാല്‍ ഞങ്ങള്‍ ഒറ്റ ഓട്ടമാണ് തെയ്യം കാണാനായി. ഗ്രാമത്തിലെ മൂന്ന് തെയ്യക്കോലങ്ങള്‍ ധരിക്കുന്നത് പമ്പദാര്‍ സമുദായക്കരാണ്. തെയ്യത്തോടൊപ്പം അതിന് നേര്‍ച്ചയായി നേരുന്ന തുളുനാടന്‍ സംസ്ക്കാര പോരാട്ടമായ കോഴിക്കെട്ടും ഒരു ഭാഗത്ത് അരങ്ങേറും . കോലത്തിന് കൊട്ടുന്നവരുടെ താളം കൂടുന്നതിനനുസരിച്ച് അങ്ക കോഴികളുടെ ശൗര്യം കൂടും. ഓരോരോ ഭാഗത്തായി വെവ്വേറേ അങ്കത്തട്ടുകളിലായി അവര്‍ തമ്മില്‍ പൊരുതും. കോലം അവസാനിച്ച് താളം നില്‍ക്കുന്നതോടെ അങ്കവും അവസാനിക്കും. മൂന്ന് തെയ്യങ്ങള്‍ക്കും കോലം കെട്ടാനുള്ള നാളുകള്‍ ഒന്നിച്ചായിരുന്നു കുറിച്ചിരുന്നത്. അന്ന് മുതല്‍ ആ ഗ്രാമത്തില്‍ വേട്ട നിശിദ്ധമായിരുന്നു. തുളു സംസ്ക്കാരത്തില്‍ ഭൂമിക്ക് വിശ്രമം നല്‍കി ഭൂമിയെ ആരാധിക്കുന്ന പ്രത്യേക ദിവസമായ ''കെഡ്ഡാസ'' യോടനുബന്ധിച്ചാണ് ഇളയ സഹോദര തെയ്യത്തിന് കോലം കെട്ടിയാടുന്നത്. തെയ്യംകെട്ട് അവസാനിക്കുന്നതോടെ തെയ്യം വേട്ടയ്ക്ക് അരുള്‍പാട് ചെയ്യും. അന്ന് രാത്രി ആ ഗ്രാമത്തിലൂള്ള തുളുവര്‍ വേട്ടയ്ക്കിറങ്ങും. ഇന്ന് സര്‍ക്കാര്‍ കോഴിക്കെട്ടും വേട്ടയും നിരോധിച്ചത് കൊണ്ട് തെയ്യത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഓര്‍മ്മകള്‍ മാത്രമായി തീരുന്നു. മുമ്പ് ബല്ലാള രാജക്കന്‍മാരുടെ കീഴിലായിരുന്ന ഈ പ്രദേശം . രാജാക്കന്‍മാരുടെ അരമനയോട് ചേര്‍ന്നാണ് ഉള്ളാള്‍ത്തി തെയ്യം കൊട്ടിയാടുന്നത്. അരമനയ്ക്ക് നെരേ എതിര്‍ഭാഗത്തായാണ് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഗ്രാമധികാരികളുടെ സഹായത്തോടെയാണ് അവിടെ പള്ളി നിര്‍മ്മിച്ചതും. ആ പള്ളിക്ക് കീഴിലുള്ള മദ്രസയില്‍ പഠിക്കുമ്പോള്‍ ഉള്ളള്ത്തി നെയമദിവസം മദ്രസവിട്ടാല്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തക സഞ്ചിയുമായി നേരെ തെയ്യം കെട്ട് സ്ഥലത്തേക്ക് പോകും. മുഖ്യ നേര്‍ച്ച വസ്തു മുല്ലയും ഇളനീരുമായത് കൊണ്ട് മുല്ലപൂവ് വില്‍പനയുമായി ഇക്കാമ്മാര്‍ വഴിയരികില്‍ തന്നെയുണ്ടാവും. ഉള്ളാള്‍ത്തി തെയ്യക്കോലം കാണാന്‍ വളരെ ഭംഗിയാണ് . ആയിരത്തൊന്ന് പവനെക്കാളും കൂടുതല്‍ തൂക്കമുള്ള സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഉടയാടകളും മുഖവുമണിഞ്ഞ തെയ്യത്തിന്‍റെ പാട്താന കേള്‍ക്കാനും അരുള്‍പാട് കേള്‍ക്കാനും മുമ്പില്‍ തന്നെ നില്‍ക്കും. മദ്രസയിലേക്ക് അണിഞ്ഞ് പോയ തൊപ്പിയും തലയില്‍ വെച്ച് കൂട്ടൂകാരും മുമ്പിലുണ്ടാകും. തെയ്യവും കണ്ട് വീട്ടില്‍ നിന്ന് പറഞ്ഞേല്‍പിച്ച കടലമിഠായിയും വാങ്ങിയാണ് വീട്ടില്‍ പോക്ക്. എന്‍റെ കുടുംബ വീടിന്‍റെ നേര്‍ എതിര്‍ വശത്താണ് അണ്ണന്‍ തെയ്യത്തിന് കോലം കെട്ടിയാടുന്നത്. പുഴയ്ക്കിക്കരെ പള്ളിയും അക്കരെ ദൈവസ്ഥാനവുമായിരുന്നു. വര്‍ഷക്കാലത്ത് രണ്ട് സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങും. രണ്ട് സ്ഥലങ്ങളും അവിടത്തേയാളുകളും തമ്മില്‍ പ്രത്യേക ബന്ധമുണ്ടായിരുന്നു. ഈ മൂന്ന് തെയ്യങ്ങള്‍ക്ക് പുറമേ ഗ്രാമത്തില്‍ തീയ സമുദായക്കാര്‍ ആരാധിച്ചിരുന്നു വിഷ്ണുമൂര്‍ത്തി വയനാട്ട് കുലവന്‍ തെയ്യത്തിനും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കോലം കെട്ടിയാടിയിരുന്നു. മറ്റു തെയ്യങ്ങള്‍ തുളു തെയ്യം എന്നും മലയ സമുദായക്കാര് കെട്ടിയാടുന്ന തെയ്യത്തേ മലയാള തെയ്യം എന്നും അറിയപ്പെട്ടിരുന്നു. ആ ഗ്രാമത്തിലെവിടെയും മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടിയിരുന്നില്ല എങ്കിലും എല്ലാ ഗ്രാമ തെയ്യോത്സവങ്ങളിലും മാപ്പിളമ്മാരുടെ നിറ സാനിധ്യമുണ്ടായിരുന്നു. അത് കൂടാതെ ഓരോരോ സമുദായക്കാരുടെയും കുടുംബ തെയ്യങ്ങളുമുണ്ടായിരുന്നു. കുടുംബ തെയ്യങ്ങള്‍ കെട്ടിയാടുന്നതാകട്ടെ കോപാളര്‍ എന്ന നളിക്കെ സമുദായക്കാരും. ഇത്തരം ഒരു സംസ്ക്കാരത്തില്‍ വളര്‍ന്നത് കൊണ്ടാവാം അദിദ്രാവിഡ സംസ്ക്കാര വിശ്വാസങ്ങളായ ഓരോരോ തെയ്യങ്ങളെക്കുറിച്ച് അറിയാനും അതിന്‍റെ ആചാരനുഷ്ഠാനങ്ങളെ മനസ്സിലാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്‍റെ താത്പര്യം മനസ്സിലാക്കി കൂട്ടുകാര്‍ അവരുടെ കുടുംബ തെയ്യകെട്ടലിന് എന്നെ ക്ഷണിക്കും. ആദ്യമാദ്യം തെയ്യത്തിന് മുമ്പുള്ള പാട്തന എനിക്ക് ശരിക്കും മനസ്സിലാവില്ലായിരുന്നു. പിന്നെയത് മനസ്സിലാക്കി. ഇന്ന് വാദ്യാഘോഷങ്ങള്‍ കൂടി തോറ്റം പറച്ചില്‍ കുറഞ്ഞോ എന്നൊരു ചെറിയ സംശയമില്ലാതില്ല. പലരും പറയുന്നത് പൂര്‍ണ്ണമല്ല പറച്ചിലുകള്‍ വാദ്യം കൊണ്ട് മറയ്ക്കുന്നത് പോലെ തോന്നിയിട്ടുണ്ട് --------------------------------------------------------------------------------- അസ്സീസ്, നമ്മുടെ നാട്ടിൻറ്റെ സംസ്കാരത്തെ അന്വേഷിച്ചു ഒരുപാട് കാര്യങ്ങൾ നമുക്ക് മുന്നിലേക്ക് പകർന്ന ഒരു വ്യക്തിത്വം. പലരും പഴമയിലെ തനിമ മറക്കുമ്പോൾ അസീസ് പഴമ അന്വേഷിച്ചു പോകുന്നു... അറ്റു പോകുന്ന ഏടുകൾ കൂട്ടിചേർക്കുന്നു Profile : Asees Katta ©Vadakkante Theyyangal Facebook Page All rights reserved https://www.facebook.com/vadakkantetheyyangal/

No comments:

Post a Comment