സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, July 18, 2016
ഗുംപെ മഹാത്മ്യം
ഗുംപെ മഹാത്മ്യം...... രണ്ടാം ഭാഗം
ഒരു മലയുടെ ചുറ്റിലുമായി രണ്ടായിരത്തിലതികം തെളിനീരൊഴുകുന്ന തുരങ്കങ്ങള്‍, ഒരുപാട് ഗുഹകള്‍, കാന്തിക ശക്തിയുള്ള മലനിരകള്‍, സ്വര്‍ണ്ണ നിറത്തിലുള്ള പുല്‍തട്ടുകള്‍ കേട്ടിട്ട് അല്‍ഭുതം തോന്നുന്നില്ലെ അതാണ് സുവര്‍ണ്ണ നദിയുടെ ഉല്‍ഭവസ്ഥാനമായ പൊസഡി ഗുംപെ. കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെട്ടിട്ടും, അടിസ്ഥാന സൗകര്യമില്ലാത്തത് കൊണ്ട് മാത്രം ആരുമറിയാതെ പോയ വടക്കന്‍ കേരളത്തിലെ പൊന്‍മുടി.ഒരുപാട് ഓര്‍മ്മളിലൂടെ ഞാന്‍ നിങ്ങളെ ഗുംപെയിലേക്ക് കൊണ്ട് പോകാം.
കുട്ടിക്കാലത്ത് രാവിലെ പാടത്ത് നിന്ന്കൊണ്ട് സൂര്യോദയം കാണുമ്പോള്‍ എന്‍റെ വിചാരം സൂര്യന്‍ ഉദിക്കുന്നത് അടുത്തുള്ള ആ മലയില്‍ നിന്നായിരുന്നു എന്നാണ്. സൂര്യന്‍ ഒളിച്ചിരിക്കുന്ന ആ മലനിരകളെ വ്യക്തമായി കാണാനുള്ളാഗ്രഹം കൊണ്ട് ഞാന്‍ വീടിന് മുമ്പിലുള്ള കണ്ണെത്ത ദൂരെത്തോളം പരന്ന് കിടക്കുന്ന കരിമ്പാറയില്‍ കയറി നിന്ന് ആ മലനിരകളെ വീക്ഷിക്കും. പിന്നെയാരോ പറഞ്ഞ് തന്നു ആ മലയുടെ പേരാണ് ''പൊസഡി ഗുമ്പെ'' എന്ന്.
അഞ്ചാം ക്ളാസില്‍ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത കന്നട ക്ളാസും ഞങ്ങളുടെ ക്ളാസും തമ്മില്‍ ചുമരിന്‍റെ വേര്‍തിരിവില്ലാതിരുന്നത് കൊണ്ട് അവിടെ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു. കയ്യാര്‍ കിഞ്ഞണ്ണ റൈയ്യുടെ ''പൊസഡി ഗുംപെ'' എന്ന കവിതയിലൂടെ ഗുംപെയുടെ സൗന്ദര്യം കന്നടാധ്യപകന്‍ വിദ്യാര്‍ത്ഥികളോട് വര്‍ണ്ണിക്കുന്നത് കേട്ട എന്‍റെ മനസ്സിലില്‍ ആഗ്രഹമുദിച്ചു ആ മലമുകളില്‍ പോകണമെന്നും അതിനെ പറ്റി കൂടുതല്‍ അറിയണമെന്നും.
എന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരമായി ആ മലയെപറ്റി പലരും പല കഥകള്‍ പറഞ്ഞ് തന്നു. ആ മലയെ ചുറ്റിപറ്റിയുള്ള പല സംഭവങ്ങളും കെട്ട് കഥകളും കേട്ട് അറിയാതെ എന്‍റെ മനസ്സില്‍ ചെറിയ ഭയം കന്ന് കൂടി. ആ മലയ്ക്കടുത്ത് താമസിക്കുന്നത് ഒരു മന്ത്രവാദി മാത്രമാണെന്നും ആ മന്ത്രവാദി മന്ത്രശക്തിയാല്‍ തളച്ച ആത്മാക്കളെ അഴിച്ച് വിടുന്നതും ആ മലമുകളിലേക്കാണെന്നും ആരോ തട്ടിവിട്ടു. ഗുംപെയില്‍ ശാപമെറ്റ രണ്ട് സ്ത്രീകള്‍ വിവസ്ത്രരായി അലഞ്ഞ് തിരിഞ്ഞിരുന്നുവത്രേ. ആ കഥയുടെ പൊരുള്‍ ഒരുപാട് അന്വേശിച്ചിട്ടും എനിക്ക് ഇന്നും പിടികിട്ടിയില്ല. പക്ഷേ പലരും ഇന്നും വിശ്വസിക്കുന്നത് അങ്ങിനെയൊരു സംഭവം ഉണ്ടായിരുന്നു എന്നാണ്.
എന്‍റെ നാടായ പൈവളികെയില്‍ നിന്നും എട്ട് കിലോമീറ്റര്‍ മത്രം ദൂരമുണ്ടായിട്ടും ഞാന്‍ ഗുംപെയെ അടുത്ത് നിന്നും ദര്‍ശിച്ചത് ആ മലയ്ക്ക് കീഴില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മത്തട്ക്ക സ്ക്കൂളില്‍ നടന്ന സ്ക്കൂള്‍ യുവജനോല്‍സവത്തിന് പോയപ്പോഴാണ്. അന്ന് ആ മലമുകളില്‍ കയറാന്‍ ഒരുപാട് ആഗ്രഹിച്ചെങ്കിലും എന്‍റെ ശ്രമങ്ങളെ കൂട്ടൂകാര്‍ നിരുത്സാഹപ്പെടുത്തി. അതിന് ശേഷം ആ മലയുടെ പകുതി വരെ കയറാനായത് വിനയന്‍ സംവിധാനം ചെയ്ത ദിലീപ് നായകനായ വാര്‍ ആന്‍റ് ലൗ എന്ന സിനിമ ആ മലയുടെ അടിവാരത്ത് വെച്ച് ഷൂട്ടിംഗ് ചെയ്ത സമയത്താണ്. ആ സിനിമയുടെ ഷൂട്ടിംഗോടെ ഗുംപെയുടെ സൗന്ദര്യം പുറം ലോകമറിഞ്ഞു. പലര്‍ക്കുമത് കാര്‍ഗില്‍ താഴ്വര പോലെ തോന്നിച്ചു. അന്നാണ് എനിക്ക് മനസ്സിലായത് പൊസടി ഗുംപെ എന്നാല്‍ ഒരുമലയല്ല മൂന്ന് മലകളാണെന്ന്.
2002 ല്‍ ഒരു ട്രക്കിംഗിലൂടെയാണ് ഞാനാദ്യം ഗുംപെയുടെ നെറുകയിലെത്തിയത് ചേവാറില്‍ നിന്നും കയറി ധര്‍മ്മത്തട്ക്കയിലിറങ്ങിയ ആ യാത്രയിലാണ് അതിന്‍റെ സൗന്ദര്യം ശരിക്കും ഞിനറിഞ്ഞത്.
ഗുംപെയില്‍ എന്നേ വിസ്മയപ്പെടുത്തിയത് രണ്ട് കിണറുകളായിരുന്നു. ആ കിണറുകള്‍ പാണ്ഡവന്‍ കിണര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് . ഒരു കിണറില്‍ നാമൊരു കല്ലെടുത്തിട്ടാല്‍ കുറച്ച് ദൂരെ സ്ഥിതി ചെയ്യുന്ന മറ്റൊരു കിണറിനകത്തും കല്ല് വീണ ശബ്ദം കേള്‍ക്കാം. അകത്തൂടെ രണ്ട് കിണറിനെയും ബന്ധിപ്പിക്കുന്ന ഒരു തുരംഗമുണ്ടത്രേ അത് കൊണ്ടാണ് രണ്ട് ഒരു കിണറിനകത്തേ ശബ്ദം മറ്റൊരു കിണറിലും പ്രതിഫലിക്കുന്നത്.
ഗുംപെയെക്കുറിച്ചുള്ള അന്വേശണത്തില്‍ ഗുംപെയ്ക്ക് കീഴില്‍ സ്തിതി ചെയ്യുന്ന രണ്ട് ഗുഹകളെ പറ്റി കേള്‍ക്കാനിടയായി. അതിനെക്കുറിച്ച് പലരോടും അന്വോശിച്ചപ്പോള്‍ ആര്‍ക്കും വ്യക്തമായ വിവരമോ അറിയില്ല.
അങ്ങനെയിരിക്കേ ഒരു ദിവസം എതോ ഒരു അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് ഗുംപെ നിവാസിയായ ഒരു നയക്കര്‍ എന്‍റെയടുത്ത് വന്നു. അദ്ദേഹത്തോട് ഞാന്‍ ആ ഗുഹയെക്കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ആ ഗുഹകളുടെ പേരുകള്‍ പറഞ്ഞ് തന്നത്. ഒന്നാമത്തേത് ''തീര്‍ത്ഥ ഗുഹ'', രണ്ടാമത്തേത് ''വിഭൂതി ഗുഹ''. വിശ്വാസപരമായി വളരെ പ്രത്യേകതയുള്ള ഗുഹയാണതെന്നും , തീര്‍ത്ഥ അമാവാസി ദിനത്തില്‍ അതിരാവിലെ ആ ഗുഹയ്ക്കകത്ത് കയറുന്ന പതിവുണ്ടെന്നും പറഞ്ഞു.
അതിനെപറ്റി കൂടുതല്‍ അറിയണമെങ്കിലും കാണണമെങ്കിലും തീര്‍ത്ഥ അമാവാസി ദിവസം ഗുംപെയിലെ കൃഷ്ണ ഭട്ടരുടെ വീട്ടിനടുത്ത് വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങിനെ കത്തിരിപ്പിനൊടുവില്‍ അടുത്ത തീര്‍ത്ഥ അമാവാസി ദിനത്തില്‍ അതി രാവിലെ ഞാന്‍ സ്ക്കൂട്ടറില്‍ ഗുംപെയിലെ കൃഷ്ണ ഭട്ടറുടെ വീട്ടിനടുത്തെത്തി. ആവള മഠ ക്ഷേത്ര പരിസരത്ത് നിന്നുള്ള ഒരു സംഘവും, പരിസര വാസികളായ ചിലരും അവിടെയുണ്ടായിരുന്നു.
നായക്കര്‍ പരിചയപ്പെടുത്തിയ ഭട്ടരുടെ ക്ഷണ പ്രകാരം ആ സംഘങ്ങളുടെ പിറകെ തോട്ടത്തിനുള്ളിലൂടെ ഞാനും നടന്ന് ആ ഗുഹക്ക മുന്നിലെത്തി. ആദ്യമായി ആ സംഘം തീര്‍ത്ഥ ഗുഹയ്ക്കരികിലെത്തി. അതില്‍ എല്ലാവരും സ്നാനം ചെയ്ത തൊട്ടടുത്ത വിഭൂതി ഗുഹയിലേക്ക്. ആ ഗുഹയുടെ ചെറിയ കവാടത്തിലൂടെ ഓരോരുത്തരായി അകത്ത് പോയി അകത്ത് നിന്നും പ്രത്യേകമായ ഒരു മണ്ണ് കൊണ്ട് വരുന്ന. വെള്ള നിറമുള്ള ഭരണി നിര്‍മ്മിക്കുന്നത് പോലുള്ള പ്രത്യേക തരം ഒരു മണ്ണ്. ഇരുട്ടില്‍ അകത്ത് കടന്ന് പോകുന്നവര്‍ക്ക് വിഭൂതി എന്നറിയപ്പെടുന്ന ആ മണ്ണാണ് കിട്ടിയതെങ്കില്‍ ആ വര്‍ഷം ഭാഗ്യത്തിന്‍റെതാണെന്നും, വെളിയില്‍ കണുന്നത് പോലുള്ള കറുത്ത മണ്ണാണെങ്കില്‍ നിര്‍ഭാഗ്യകരമായ വര്‍ഷമാണെന്നുമാണ് അവരുടെ വിശ്വാസം. അങ്ങനെ ഗുഹയെ കണ്ടും അവയെ അറിഞ്ഞും അവിടെ നിന്നും ഗുംപെയുടെ മുകള്‍ തട്ടിലേക്ക് തിരിച്ചു. മുകളില്‍ നിന്നും കുതിരമുഖം കാണാനും മറ്റ് ദൃശ്യങ്ങള്‍ കാണാനും.
Subscribe to:
Post Comments (Atom)
No comments:
Post a Comment