Search This Blog

Thursday, July 28, 2016

വടക്കനിലെ അനുഭവക്കുറിപ്പുകള്‍

വടക്കന്‍ കേരളത്തിലെ കര്‍ണ്ണാടകയുടെ ഏറ്റവും അടുത്ത അതിര്‍ത്തി പ്രദേശമായ പൈവളികെ എന്ന സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതും, ആ പ്രദേശവും തൊട്ടടുത്തുള്ള പ്രദേശങ്ങളും മലയാളത്തിനെക്കാളും തുളു സംസ്ക്കാരവുമായാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഞങ്ങളുടെതാകട്ടെ മാപ്പിളയും തുളുവും കലര്‍ന്ന സംസ്ക്കാരം. പരമ്പരാഗതമായി കര്‍ഷകരായിരുന്നു ഞങ്ങളുടെ കാരണവന്‍മാര്‍ പിന്തുടരുന്നതും ആദി ദ്രാവിഡ സംസ്ക്കാരമായ തുളനാടന്‍ സംസ്ക്കാരവും ആചാര അനുഷ്ഠാനങ്ങളുമായിരുന്നു. മാസക്കണക്ക്ക്കുകള്‍ കൂട്ടിയിരുന്നത് അറബിമാസക്കണക്കും കൃഷിയോടനുബന്ധിച്ചാണെങ്കില്‍ തുളുമാസക്കണക്കുമായിരുന്നു. ഇംഗ്ളീഷ് മാസക്കണക്കിനെ അവയാശ്രയിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ കേട്ടവളര്‍ന്നതും കര്‍ക്കടവും, ചോണവും (ആട്ടിയും, ചിങ്ങവും)പോലുള്ള മാസക്കണക്കുകളും, അമാവസിയും സംക്രാന്തിയും പോലുള്ള ദിവസങ്ങളുടെ പ്രത്യേകതകള്‍ അറിഞ്ഞ് കൊണ്ടായിരുന്നു. ദേവന്‍മാരില്ലാത്ത ഊര് അതായിരുന്നു ഞങ്ങളുടെ നാടിന്‍റെ പ്രത്യേകത, അപ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ വിചാരിക്കും ഈ നാട്ടുകാരൊക്കേ നാസ്തികരാണോ എന്ന്. അല്ല ഈ നാട്ടുകാര്‍ ഗ്രാമത്തിന്‍റെ കാവല്‍ക്കാരായി വിശ്വസിച്ച് ആരാധിച്ച പോന്നിരുന്നത് മുന്ന് തെയ്യങ്ങളെയായിരുന്നു. ശ്രീ ഉള്ളള്‍ത്തി തെയ്യവും രണ്ടു സഹോദര തെയ്യങ്ങളുമായിരുന്നു അവര്‍. ദ്രാവിഡതയിലേക്ക് അര്യ സംസ്ക്കാരം കലര്‍ന്നെങ്കിലും ഈ ഗ്രാമത്തില്‍ ദേവപ്രതിഷ്ഠകള്‍ ചെയ്യാതേ വിശ്വാസികള്‍ ദൈവങ്ങളെ മാത്രം കുടിയിരുത്തി. എന്‍റെ കുട്ടിക്കാലത്ത് നാല്മണിക്ക് വിടുന്ന സ്ക്കൂള്‍ എല്ലാ വര്‍ഷത്തിലും ഒരു ദിവസം ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിടും കാരണം അന്നാണ് ഇളയ സഹോദര തെയ്യത്തിനെ ബോളംഗള എന്ന സ്ഥലത്ത് കോലം കെട്ടിയാടുന്നത്. ആ തെയ്യം കെട്ടിയാടുന്ന സമയത്ത് ആ പരിസരത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിശിദ്ധമായിരുന്നു. അത് കൊണ്ട് ആ വഴി കടന്ന് പോകുന്ന പെണ്‍കുട്ടികള്‍ കോലം കെട്ടിയാടുന്നതിന് മുമ്പ് തന്നെ കടന്ന് പോകാനായിരുന്നു പണ്ട് മുതലേ സ്ക്കൂള്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിട്ടിരുന്നത്. സ്ക്കൂള്‍ വിട്ടാല്‍ ഞങ്ങള്‍ ഒറ്റ ഓട്ടമാണ് തെയ്യം കാണാനായി. ഗ്രാമത്തിലെ മൂന്ന് തെയ്യക്കോലങ്ങള്‍ ധരിക്കുന്നത് പമ്പദാര്‍ സമുദായക്കരാണ്. തെയ്യത്തോടൊപ്പം അതിന് നേര്‍ച്ചയായി നേരുന്ന തുളുനാടന്‍ സംസ്ക്കാര പോരാട്ടമായ കോഴിക്കെട്ടും ഒരു ഭാഗത്ത് അരങ്ങേറും . കോലത്തിന് കൊട്ടുന്നവരുടെ താളം കൂടുന്നതിനനുസരിച്ച് അങ്ക കോഴികളുടെ ശൗര്യം കൂടും. ഓരോരോ ഭാഗത്തായി വെവ്വേറേ അങ്കത്തട്ടുകളിലായി അവര്‍ തമ്മില്‍ പൊരുതും. കോലം അവസാനിച്ച് താളം നില്‍ക്കുന്നതോടെ അങ്കവും അവസാനിക്കും. മൂന്ന് തെയ്യങ്ങള്‍ക്കും കോലം കെട്ടാനുള്ള നാളുകള്‍ ഒന്നിച്ചായിരുന്നു കുറിച്ചിരുന്നത്. അന്ന് മുതല്‍ ആ ഗ്രാമത്തില്‍ വേട്ട നിശിദ്ധമായിരുന്നു. തുളു സംസ്ക്കാരത്തില്‍ ഭൂമിക്ക് വിശ്രമം നല്‍കി ഭൂമിയെ ആരാധിക്കുന്ന പ്രത്യേക ദിവസമായ ''കെഡ്ഡാസ'' യോടനുബന്ധിച്ചാണ് ഇളയ സഹോദര തെയ്യത്തിന് കോലം കെട്ടിയാടുന്നത്. തെയ്യംകെട്ട് അവസാനിക്കുന്നതോടെ തെയ്യം വേട്ടയ്ക്ക് അരുള്‍പാട് ചെയ്യും. അന്ന് രാത്രി ആ ഗ്രാമത്തിലൂള്ള തുളുവര്‍ വേട്ടയ്ക്കിറങ്ങും. ഇന്ന് സര്‍ക്കാര്‍ കോഴിക്കെട്ടും വേട്ടയും നിരോധിച്ചത് കൊണ്ട് തെയ്യത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഓര്‍മ്മകള്‍ മാത്രമായി തീരുന്നു. മുമ്പ് ബല്ലാള രാജക്കന്‍മാരുടെ കീഴിലായിരുന്ന ഈ പ്രദേശം . രാജാക്കന്‍മാരുടെ അരമനയോട് ചേര്‍ന്നാണ് ഉള്ളാള്‍ത്തി തെയ്യം കൊട്ടിയാടുന്നത്. അരമനയ്ക്ക് നെരേ എതിര്‍ഭാഗത്തായാണ് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഗ്രാമധികാരികളുടെ സഹായത്തോടെയാണ് അവിടെ പള്ളി നിര്‍മ്മിച്ചതും. ആ പള്ളിക്ക് കീഴിലുള്ള മദ്രസയില്‍ പഠിക്കുമ്പോള്‍ ഉള്ളള്ത്തി നെയമദിവസം മദ്രസവിട്ടാല്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തക സഞ്ചിയുമായി നേരെ തെയ്യം കെട്ട് സ്ഥലത്തേക്ക് പോകും. മുഖ്യ നേര്‍ച്ച വസ്തു മുല്ലയും ഇളനീരുമായത് കൊണ്ട് മുല്ലപൂവ് വില്‍പനയുമായി ഇക്കാമ്മാര്‍ വഴിയരികില്‍ തന്നെയുണ്ടാവും. ഉള്ളാള്‍ത്തി തെയ്യക്കോലം കാണാന്‍ വളരെ ഭംഗിയാണ് . ആയിരത്തൊന്ന് പവനെക്കാളും കൂടുതല്‍ തൂക്കമുള്ള സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഉടയാടകളും മുഖവുമണിഞ്ഞ തെയ്യത്തിന്‍റെ പാട്താന കേള്‍ക്കാനും അരുള്‍പാട് കേള്‍ക്കാനും മുമ്പില്‍ തന്നെ നില്‍ക്കും. മദ്രസയിലേക്ക് അണിഞ്ഞ് പോയ തൊപ്പിയും തലയില്‍ വെച്ച് കൂട്ടൂകാരും മുമ്പിലുണ്ടാകും. തെയ്യവും കണ്ട് വീട്ടില്‍ നിന്ന് പറഞ്ഞേല്‍പിച്ച കടലമിഠായിയും വാങ്ങിയാണ് വീട്ടില്‍ പോക്ക്. എന്‍റെ കുടുംബ വീടിന്‍റെ നേര്‍ എതിര്‍ വശത്താണ് അണ്ണന്‍ തെയ്യത്തിന് കോലം കെട്ടിയാടുന്നത്. പുഴയ്ക്കിക്കരെ പള്ളിയും അക്കരെ ദൈവസ്ഥാനവുമായിരുന്നു. വര്‍ഷക്കാലത്ത് രണ്ട് സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങും. രണ്ട് സ്ഥലങ്ങളും അവിടത്തേയാളുകളും തമ്മില്‍ പ്രത്യേക ബന്ധമുണ്ടായിരുന്നു. ഈ മൂന്ന് തെയ്യങ്ങള്‍ക്ക് പുറമേ ഗ്രാമത്തില്‍ തീയ സമുദായക്കാര്‍ ആരാധിച്ചിരുന്നു വിഷ്ണുമൂര്‍ത്തി വയനാട്ട് കുലവന്‍ തെയ്യത്തിനും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കോലം കെട്ടിയാടിയിരുന്നു. മറ്റു തെയ്യങ്ങള്‍ തുളു തെയ്യം എന്നും മലയ സമുദായക്കാര് കെട്ടിയാടുന്ന തെയ്യത്തേ മലയാള തെയ്യം എന്നും അറിയപ്പെട്ടിരുന്നു. ആ ഗ്രാമത്തിലെവിടെയും മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടിയിരുന്നില്ല എങ്കിലും എല്ലാ ഗ്രാമ തെയ്യോത്സവങ്ങളിലും മാപ്പിളമ്മാരുടെ നിറ സാനിധ്യമുണ്ടായിരുന്നു. അത് കൂടാതെ ഓരോരോ സമുദായക്കാരുടെയും കുടുംബ തെയ്യങ്ങളുമുണ്ടായിരുന്നു. കുടുംബ തെയ്യങ്ങള്‍ കെട്ടിയാടുന്നതാകട്ടെ കോപാളര്‍ എന്ന നളിക്കെ സമുദായക്കാരും. ഇത്തരം ഒരു സംസ്ക്കാരത്തില്‍ വളര്‍ന്നത് കൊണ്ടാവാം അദിദ്രാവിഡ സംസ്ക്കാര വിശ്വാസങ്ങളായ ഓരോരോ തെയ്യങ്ങളെക്കുറിച്ച് അറിയാനും അതിന്‍റെ ആചാരനുഷ്ഠാനങ്ങളെ മനസ്സിലാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്‍റെ താത്പര്യം മനസ്സിലാക്കി കൂട്ടുകാര്‍ അവരുടെ കുടുംബ തെയ്യകെട്ടലിന് എന്നെ ക്ഷണിക്കും. ആദ്യമാദ്യം തെയ്യത്തിന് മുമ്പുള്ള പാട്തന എനിക്ക് ശരിക്കും മനസ്സിലാവില്ലായിരുന്നു. പിന്നെയത് മനസ്സിലാക്കി. ഇന്ന് വാദ്യാഘോഷങ്ങള്‍ കൂടി തോറ്റം പറച്ചില്‍ കുറഞ്ഞോ എന്നൊരു ചെറിയ സംശയമില്ലാതില്ല. പലരും പറയുന്നത് പൂര്‍ണ്ണമല്ല പറച്ചിലുകള്‍ വാദ്യം കൊണ്ട് മറയ്ക്കുന്നത് പോലെ തോന്നിയിട്ടുണ്ട് --------------------------------------------------------------------------------- അസ്സീസ്, നമ്മുടെ നാട്ടിൻറ്റെ സംസ്കാരത്തെ അന്വേഷിച്ചു ഒരുപാട് കാര്യങ്ങൾ നമുക്ക് മുന്നിലേക്ക് പകർന്ന ഒരു വ്യക്തിത്വം. പലരും പഴമയിലെ തനിമ മറക്കുമ്പോൾ അസീസ് പഴമ അന്വേഷിച്ചു പോകുന്നു... അറ്റു പോകുന്ന ഏടുകൾ കൂട്ടിചേർക്കുന്നു Profile : Asees Katta ©Vadakkante Theyyangal Facebook Page All rights reserved https://www.facebook.com/vadakkantetheyyangal/

ബിഡ്ഡും ഗുഡുഗുഡുവും

''ഇന്ന് ഓപ്പണ്‍ എത്രേ, ക്ളോസ് ബന്നാ'' ഗ്രാമത്തിലെ കവലകളില്‍ ഇരുന്ന് ആളുകള്‍ തമ്മില്‍ അടക്കം പറയുന്നത് കേട്ടപ്പോള്‍ ആ ഗ്രാമത്തിലേക്ക് പുതുതായി വന്ന ഒരു കെഎസ്ഇബി ജീവനക്കാരന്‍ കണ്ണ് മിഴിച്ച് നോക്കി. അപ്പോള്‍ ബസ്സിലെ ചെക്കറെ പോലെ ഒരാള്‍ കൈയ്യിലൊരു കടലാസ് പട്ടിയുമായി വന്നു അവരോട് പറഞ്ഞു. ''ഓപ്പണ്‍ സീറോ ആരെങ്കിലും ക്ളോസ് കളിക്കുന്നാ, ഇനി പത്ത് മിനിറ്റ് ഉള്ളത് ക്ളോസ് വരാന്‍'' പറഞ്ഞതും ആളുകള്‍ ഓരോരുത്തരായി സീറോ മുതല്‍ ഒമ്പത് നമ്പര് പറഞ്ഞു പത്തും ഇരുപതും കൊടുക്കാന്‍ തുടങ്ങി. സംഭവം മനസ്സിലാവാതെ പുള്ളിഎന്നോട് ചോദിച്ചു ഇതെന്താ പരിപാടി . ഞാന്‍ പറഞ്ഞു ഇതാണ് ബിഡ്ഡ് കളി, ബിഡ്ഡ് കളിയോ..? പുള്ളിക്ക് വീണ്ടും സംശയം. അതേ ബിഡ്ഡ് എന്നാല്‍ മഡ്ക്ക. മഡ്ക്ക എന്നാല്‍ ....? പുള്ളി വിടുന്ന മട്ടില്ല , മഡ്ക്കാന്ന് ഹിന്ദിയില്‍ പറഞ്ഞാല്‍ കുടം. മഡ്ക്ക കളിയെ എന്നിന്‍റെ ഈ തെക്കര്‍ ചെല്ല്ന്നേ എനിക്കും അറിയില്ല. Google എടുത്ത് ''മഡ്ക്ക കളി'' എന്ന് സെര്‍ച്ച് ചെയ്തു. ജില്ലയുടെ ഓരോ ഭാഗങ്ങളില്‍ നിന്നുമായി പോലീസ് പിടിച്ച ആളുകളുടെ ന്യൂസുകള്‍ മാത്രം ഗൂഗിളില്‍ തെളിയുന്നു. മഡ്ക്ക, ബിഡ്ഡ് വേറെ പേരെനിക്കറിയില്ല. ഞാന്‍ ഒഴിയാന്‍ നോക്കി. ഈ കളി എങ്ങിനെയാണെന്ന് പറഞ്ഞ് തരോ ... വീണ്ടും അയാളുടെ ചോദ്യം, ഞാനീ കളിയുടെ കോച്ചറല്ല ചേട്ടാ, പോരാത്തതിന് ജീവിതത്തിലിത് വരെ ഈ കളി കളിച്ചിട്ടുമില്ല, ഞാനൊഴിയാന്‍ നോക്കി. പക്ഷേ ആ ബാധയുണ്ടടോ എന്നെ വിടൂന്നു. അങ്ങിനെ ആ കളിയെകുറിച്ച് ഞാന്‍ വിവരിച്ചു. ഈ മേഖലയിലെ കൂലിപണിക്കാരന്‍റെയും, പാവപ്പെട്ടവന്‍റെയും ചൂതാട്ടമാണ് ബിഡ്ഡ്, ഒരു തരത്തില്‍ പറഞ്ഞാല്‍ അനധികൃത ദിവസ ലോട്ടറി, ദിവസം രണ്ട് നേരം നറുക്കെടുപ്പ , 00 മുതല്‍ 99 വരെയുള്ള നമ്പരുകളില്‍ ഏതെങ്കിലും നമ്പരില്‍ ആളുകള്‍ക്ക് ഭാഗ്യം പരീക്ഷിക്കാം, അതേ നമ്പരാണ് നറുക്കെടുക്കുന്നതെങ്കില്‍ ഒരു രൂപയ്ക്ക് എഴുപത് മുതല്‍ എഴുപത്തി ഏഴ്രൂപ വരെ ലഭിക്കും. എല്ലാ ഗ്രാമങ്ങളിലും ഇതിന് നമ്പറുകള്‍ കലക്ട് ചെയ്യുന്ന കമ്മീഷന്‍ ഏജന്‍റുമ്മാര്‍ ഉണ്ടെങ്കിലും നറുക്കെടുപ്പ നടക്കുന്നത് ടൗണുകളിലാണ്. സീറോ മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ രേഖപ്പെടുത്തിയ പന്തുകള്‍ കുടത്തിലിട്ട് കറക്കി അതില്‍ നിന്നും ഒന്നെടുക്കും, ഓപ്പണ്‍ നമ്പര്‍ റെഡി , അര മണിക്കൂറിന് ശേഷം രണ്ടാമതും ഇങ്ങനെ എടുക്കും ക്ളോസും റെഡി. കുടം അഥവ മട്ക്കയില്‍ നിന്നും ഭാഗ്യവാന്‍മാരെ തിരഞ്ഞെടുക്കുന്നത് കൊണ്ടാവാം ഇതിന് മഡ്ക്ക എന്ന പേര് വന്നത്. ബിഡ്ഡ് എന്ന പേര് വരാനുള്ള പേരെനിക്കറിയില്ലാ. ഒാപ്പണിലെയോ ക്ളോസിലെയോ ഒറ്റ സംഖ്യയില്‍ മാത്രം ഭാഗ്യം പരീക്ഷിക്കുകയാണെങ്കില്‍ ഒന്നിന് ഏഴ് മാത്രമേ ലഭിക്കൂ. ഇവിടത്തേ സാദാരണക്കാര്‍ക്കിടയില്‍ ചൂതാട്ടം നടത്തി ഏജന്‍റുമ്മാരും മുതലാളിയും വീര്‍ത്തു. ഭാഗ്യാന്വേശികളില്‍ ചിലര്‍ നല്‍കുന്ന നമ്പരിനും പ്രത്യേകതയുണ്ടാകു. രാവിലെ നാല്‍ക്കാലിയെയാണ് കണി കാണുന്നതെങ്കില്‍ നാല് എന്ന സംഖ്യ അവര്‍ തിരഞ്ഞെടുക്കുന്ന നമ്പരില്‍ ഉണ്ടാകും. ഉദാഹരണത്തിന് ഒരു പശുവിന്‍റെ പുറത്ത് ഒരു കാക്കയെ കണ്ടാല്‍ നാലും, രണ്ടും നാല്‍പത്തി രണ്ടാവും സംഖ്യ. അങ്ങിനെ അവര്‍ക്കെന്തൊക്കേ പ്രത്യേകതകള്‍ കണുന്നു അതിനനുസരിച്ചാകും പരീക്ഷണം, എന്തിനേറേ പറയണം ദിവസത്തിന്‍റെ പ്രത്യേകതയ്ക്കനുസരിച്ചു, അന്ന് ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ ഇഷ്ട താരത്തിന്‍റെ സ്ക്കോറിനനുസരിച്ചും ജേഴ്‌സി നമ്പരിനനുസരിച്ചും വരെ സംഖ്യ കണ്ട് പിടിച്ച് നമ്പര്‍ പരീക്ഷിക്കും. ഇങ്ങിനെ ഒരുപാട് ചൂതാട്ടങ്ങള്‍ ഉണ്ട് വല്യ കളികളായ ജുഗാരിയില്‍പെട്ട ഉളായിപിതായി (അന്തര്‍ ബാര്‍) ഉത്സവ പറമ്പിലേയും കളിസ്ഥലങ്ങളിലെയും ചൂതാട്ടമായ ഗുഡു-ഗുഡു ( flower dice-rolling) അങ്ങിനെ ഒരുപാട് ഇനങ്ങളുണ്ട്. പലരും ഉല്‍സവ പറമ്പിലും, കളി സ്ഥലങ്ങളിലും വരുന്നത് വരെ ഇത്തരം ചൂതാട്ടങ്ങള്‍ക്കായിരിക്കും. നിരോധിച്ച ഇത്തരം ചൂതാട്ടങ്ങള്‍ ക്രിമിനല്‍ സംഘങ്ങളുടെ കാവലിലും നേതൃത്വത്തിലും മതിലുകളുടെയും ഇരുട്ടിന്‍റെയും മറവില്‍ സജീവമാണ്. അങ്ങിനെ അതിനെ പറ്റി പറഞ്ഞ് നിര്‍ത്തി അയാളുടെ കയ്യിലുള്ള സായഹ്ന പത്രം ടോര്‍ച്ച് വെളിച്ചത്തിലൂടെ വായിക്കുമ്പോള്‍ എവിടെയോ മഡ്ക്കകളിയിലേര്‍പ്പെട്ടവരെ പോലീസ് പിടിച്ച വാര്‍ത്ത ആപത്രത്തിലുണ്ടായിരുന്നു.

ഒരു ജിഹാദി പോരാട്ടം

ഈ കാലഘട്ടത്തിന് ആവശ്യമായി എനിക്ക് തോന്നിയ ജിഹാദ്. ***************************************** ദുബായില്‍ കൂടെ ജോലി ചെയ്യുന്ന ബംഗാളികളുടെയും ഹൈദരബാദിയുടെയും ജിഹാദി കഥകള്‍ കേട്ട് അവരുടെ അനുഭവങ്ങള്‍ പ്രേരണയായി പ്രവാസത്തിന് താത്ക്കാലിക വിട ചെല്ലി 2011-12 ആണ്ടില്‍ ഞാനൊരു ജിഹാദിന് പുറപ്പെട്ട് പരാജയപ്പെട്ട കഥ പറയാം . കൂട്ടിന് പോരാളികളെ തേടിയ എനിക്ക് കൂട്ടുകാരായ നല്ല രണ്ട് പോരാളികളെ ലഭിച്ചു. രാധകൃഷ്ണനും, പ്രവീണ്‍ കുമാറും. അവര്‍ക്കും ആ പോരാട്ടത്തിന് നല്ല താല്‍പര്യമായിരുന്നു. രാധയാകട്ടെ ഈ ജിഹാദുമായി ബന്ധപ്പെട്ട ഒരാളായിരുന്നു. അയാളുടെ ആവശ്യ പ്രാകാരം ഞങ്ങള്‍ ഒരാളെയും കൂടി കൂട്ടത്തില്‍ ചേര്‍ത്തു സുന്ദരന്‍ എന്ന ഞങ്ങളുടെ സുഹൃത്തായ സുന്ദരണ്ണന്‍. അയാള്‍ നല്ലൊരു അഭ്യാസിയായിരുന്നു കൂടാതെ പതിനേഴ് പ്രാവശ്യം ശബയിമലയിലേക്ക പോയി പതിനെട്ടാം പ്രാവശ്യം പോകാന്‍ കാത്ത് നില്‍ക്കുന്ന ശുദ്ധ വെജിറ്റേറിയന്‍. ഞങ്ങളുടെ ക്ഷണം സന്തോശത്തോട് സ്വീകരിച്ച് അദ്ദേഹവും ഞങ്ങളുടെ കൂടെ ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ തീയുമാനിച്ച ജിഹാദായിരുന്നു വര്‍ഷങ്ങളോളം തരിശായി കിടക്കുന്ന പൈവളികെ പാടത്ത് ആ വര്‍ഷം നെല്‍കൃഷിയിറക്കുക എന്നത്. പലരും ആ ഉദ്യമത്തില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കി, പലരും നിരുത്സാഹപ്പെടുത്തി. ധന നഷ്ടക്കണക്കുകള്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെച്ചില്ല. സ്വന്തമായി കുറച്ച് ഭൂമിയുണെടായിരുന്ന ഞങ്ങള്‍ ബാക്കി യുദ്ധ ഭൂമികള്‍ പാട്ടത്തിന്ന വാങ്ങി. രണ്ട് ഏക്കറാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത് പക്ഷേ അവിടെ ജിഹാദ് പരീക്ഷിക്കണമെങ്കില്‍ ചുറ്റുമുള്ള പതിഞ്ചേക്കറോളം സ്ഥലങ്ങളില്‍ വേലി കെട്ടി വിളകളെ നശിപ്പിക്കാന്‍ വരുന്ന ഗോമാതാപിതാക്കളെ പ്രതിരോദിക്കണം. വിശുദ്ധ കൃഷിമാസം വന്നെത്തിയത് കൊണ്ട് എല്ലാത്തിനും സമയം തികയില്ല എന്ന് വേവലാതിപെട്ട ഞങ്ങളെ അന്ന് പഞ്ചായത്ത് മെമ്പറായിരുന്ന നാരയണന്‍ സഹായിക്കാമെന്നേറ്റു. പ്രതിരോധ വേലി തീര്‍ക്കാന്‍ പഞ്ചായത്തിന്‍റെ സഹായത്തോടെ തൊഴിലുറപ്പ് പോരാളികളെ ഇറക്കി. അവരുടെ കൂടെ ചേര്‍ന്ന് വേലി ഞങ്ങള്‍ തീര്‍ത്തു. അടുത്തതായി വേണ്ടത് ആധുനിക യന്തോപകരണമായ ടില്ലര്‍. പടശേഖര സമിതിയുടെ ടില്ലറിനൊഴിവില്ല . അത് വേറെവിടെയോ ജിഹാദിന് ഉപയോഗിക്കുന്നു. അങ്ങിനെ വിഷമിച്ചിരിക്കുന്ന ഞങ്ങളെ അന്നത്തേ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായ മോണപ്പ ഷെട്ടി പരോക്ഷമായി സഹായിക്കാമെന്നേറ്റു. അദ്ദേത്തിന്‍റെ വീട്ട് മുറ്റത്തുണ്ടായിരുന്ന പഴയൊരു യന്ത്രമായ ടില്ലര്‍ അദ്ദേഹം ഞങ്ങളോട് എടുത്ത് കൊള്ളാന്‍ പറഞ്ഞു. പഴയ ബ്രിട്ടിഷ് കാലത്തേ യന്ത്രമായത്കൊണ്ട് അത് ഇടക്കിടെ പണിമുടക്കാന്‍ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പും തന്നു. പരമ്പരാഗത ആയുധങ്ങള്‍ മാത്രം ഉപയോഗിച്ച് ജിഹാദ് ചെയ്തിരുന്ന ഞങ്ങള്‍ക്ക് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. ഞങ്ങളുടെ ആവലാതി കേട്ട് ശൗര്യം കണ്ട് ദിനേശണ്ണന്‍ എന്നൊരു സുഹൃത്ത് ഞങ്ങള്‍ക്ക് യന്ത്രം ഉപയോഗിക്കുന്ന രീതി കാണിച്ചും പഠീപ്പിച്ചും തന്നു. ഞങ്ങളുടെ ജിഹാദിനുള്ള താല്‍പര്യവും ശൗര്യവും കണ്ടും ക്ഷണം സ്വീകരിച്ചും തൊട്ടടുത്ത പാടത്ത് ജിഹാദിന് അസീസ് , ഹരീഷ് കുമാര്‍ എന്നീ സുഹൃത്തുക്കള്‍ തയ്യാറായി. ഹരീഷിന് സ്വന്തമായി ഭൂമിയില്ലാത്തത് കൊണ്ട് പാട്ടത്തിനൊരു വേദി ഒപ്പിച്ച് കൊടുത്തു. അങ്ങിനെ വെയിലിനെയും മഴയെയും വക വെക്കാതെ സന്തോഷത്തോടെ അതിലേറേ പ്രതീക്ഷയോടെ പൊരുതി കൊണ്ടിരുന്നു. ഓരോ ദിവസങ്ങളില്‍ ഓരോരുത്തരായി എന്‍റെയും പ്രവീണിന്‍റെയും, ഹരീഷന്‍റെയും വീട്ടില്‍ നിന്ന് വരുന്ന ഭക്ഷണ പൊതികള്‍ മാറിമാറി ക്കഴിച്ചു. കൂടെ ഹരീഷന്‍റെ പിതാവ് പറയുന്ന പഴയ കഥകള്‍ കേട്ടു. ഇടക്കിടെ ഭൂമി പിളര്‍ത്തുന്ന യന്ത്രം പണിമുടക്കിയെങ്കിലും പലരും അത് നന്നാക്കാന്‍ സഹായിച്ചു. കൂടാതെ പൂസ്തകത്തില്‍ ചിലവ്ക്കണക്കുകള്‍ കൂടിക്കൂടി വന്നു. പ്രതീക്ഷയോടെ പരമ്പരാഗത വിശ്വാസവും രീതിയും നില നിര്‍ത്തി വിത്തുകള്‍ മണ്ണിലേക്കെറിഞ്ഞു. പലതും മുളച്ചു പലതും മടിച്ചു. മുളച്ചതൊക്കേ വളര്‍ന്നു. ജിഹാദ് ഇഷ്ടപ്പെടാത്തത് കൊണ്ടാവം കാലാവസ്ഥ ചതിച്ചു. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന പാടമാണ് പൈവളികെ പാടം . മറ്റ് ജല സ്രോതസുകളൊക്കേ ചില ഭൂര്‍ഷ്വകളുടെ അത്യാഗ്രഹങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരുന്നു. പതിവ് വര്‍ഷങ്ങളില്‍ നിന്നും പരിമിതമായിരുന്ന ആ വര്‍ഷത്തേ മഴ. വെയിലാകട്ടെ കൂടുതലും . ജിഹാദ് വരണ്ടുണങ്ങറായി. അടുത്തുള്ള വീട്ടുകാരുടെ തുടരെ തുടരെ മോട്ടറില്‍ വെള്ളം ചോദിച്ചു അവരെയും വെറുപ്പിച്ചു. കിട്ടിയ വെള്ളത്തില്‍ മുളക്കാത്തിടങ്ങളിലെ കഷ്ടപ്പെട്ട് കളം പൂര്‍ത്തിയാക്കി. വരണ്ട പാടത്ത് സമൃദമായി വളര്‍ന്ന കള പറിച്ചു മടുത്തു. ഞങ്ങള്‍ പാടത്ത് നിന്ന് പുറത്ത് പോകുന്ന തക്കം നോക്കി ഗോമാതാ പിതാക്കള്‍ വേലി ചാടി. ഞങ്ങളുടെ പ്രതീക്ഷകളെ വായിലാക്കി ചാണകവും പുണ്യഹവും സമ്മാനിച്ചു. എവിടെയെങ്കിലും ഒരു സ്ഥലത്തോ പരിപാടിയിലോ നില്‍ക്കുമ്പോളാവും ചുറ്റുമുള്ള വീടുകളിലെ പെണ്ണുങ്ങളുടെ ഫോണ്‍ വിളി ''അസ്സിയേ ബേം ബന്ന റ് കണ്ടത്തില്‍ നൊര്‍ച്ചും കാലി, നേജി ബാക്കിയില്ല'' അടുത്ത പ്രദേത്താണെങ്കില്‍ ഓടി വരും, ദൂരത്താണെങ്കില്‍ ആരോടെങ്കിലും ഫോണ്‍ ചെയ്ത് പറയും . വെള്ളിയാഴ്ച്ച ഞാന്‍ പള്ളിയില്‍ പോകുന്ന സമയവും അത്യാവശ്യത്ത് പുറത്ത് പോകുന്ന സമയം ഗോമാതാപിതാക്കള്‍ മനസ്സിലാക്കി വെക്കും. ഞാന്‍ പോകുന്ന സമയം നോക്കി ഏത് വിധേന വേലിയും പൊളിച്ച് അവര് ഞങ്ങളെ ജിഹാദിനെ തളര്‍ത്താനുള്ള പടപുറപ്പാട് തന്നെയാണ്. അതിനിടയ്ക്ക് ചിലവ് കൂടി കടമായത്കൊണ്ടും, വരുമാനമില്ലാത്തത് കൊണ്ടും കൂടെയുള്ള പോരാളികളെ അവരവരുടെ പ്രവര്‍ത്തന മേഖലയിലേക്ക് അയച്ചിരുന്നു. എങ്കിലും ഇടവിട്ട ദിവസങ്ങളില്‍ വന്ന് അവര്‍ നിരീക്ഷിച്ച് കൊണ്ടിരുന്നു. അതിനിടയില്‍ അടുത്തുള്ള ചെറിയ ഭൂമി പാട്ടത്തിന് വാങ്ങി ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറിയിലും ഒരു ജിഹാദ് പരീക്ഷിച്ചു. അതാകടെട പൂര്‍ണ്ണ വിജയമായിരുന്നു. വളരെ പ്രതീക്ഷയോടെ ഞങ്ങള്‍ ആരംഭിച്ച ജിഹാദിന് മങ്ങലേറ്റുവെങ്കിലും വിള വന്നു. സഹ പോരാളികളുടെ കുടുംബങ്ങളുടെ സഹകരണത്തോടെ വിളവെടുത്തു വൈക്കോല്‍ അവിടെ തന്നെ മറിച്ച് വിറ്റു. തൂടര്‍ നടപടികള്‍ക്ക് ശേഷം നെല്ല് മില്ലില്‍ കൊടുത്തു അരിയാക്കി. പാട്ടക്കാര്‍ക്ക് കൊടുക്കാമെന്നേറ്റ അരിയില്‍ നിന്നും പകുതി മാത്രമേ കൊടുത്തു. വാടിയ മുഖത്തോടെയാണെങ്കിലും അവരത് സ്വീകരിച്ചു. ഇനിയും ജിഹാദിന് ഈ വഴിയില്‍ വരുമല്ലോ അന്ന് കാണിച്ച് തരാമെന്ന ഭാവത്തോടെ. എല്ലാം കഴിഞ്ഞ് കിട്ടിയ മുതലുകള്‍ സമമായി ഓഹരി വെച്ചു. വരവ് ചിലവ് കണക്കുകുട്ടി നോക്കിയപ്പോള്‍ മാര്‍ക്കറ്റില്‍ ഒരുകിലോയ്ക്ക് ഇരുപത്തെട്ട് രൂപയ്ക്ക് കിട്ടുന്ന അരിക്ക് വേണ്ടി ഞങ്ങള്‍ ചിലവഴിച്ചത് തൊണ്ണുറ്റി അഞ്ച്. യുദ്ധത്തില്‍ തോറ്റോടിയെങ്കിലും ജീവന്‍ തിരിച്ച് കിട്ടിയല്ലോ എന്ന അവസ്ഥ. പക്ഷേ ആകെ വിഷമിപ്പിച്ചിരുന്നത് ആളുകളുടെ പരിഹാസ രൂപേണയുള്ള നോട്ടവും ഞങ്ങളാദ്യമേ പറഞ്ഞില്ലേ എന്ന കുത്തുവാക്കുകളും മാത്രമായിരുന്നു. അങ്ങിനെ അടുത്ത വിശുദ്ധ മാസത്തില്‍ ഇതിന് തിരിച്ചടി നല്‍കാമെന്ന ഞാന്‍ സഹപ്രവര്‍ത്തകര്‍ക്ക ആവേശം നല്‍കി. പക്ഷേ അതിന് മുമ്പ് എനിക്ക് സാഹചര്യം വീണ്ടുമെന്നേ പ്രവാസിമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്നവിടത്തേ ഭൂമികള്‍ പകുതിയിലതികവും സാമ്രാജ്യത്വ ശക്തികള്‍ കോളനീവല്‍ക്കരിച്ചിരിക്കുന്നു.

Monday, July 18, 2016

ഗുംപെ മഹാത്മ്യം

ഗുംപെ മഹാത്മ്യം...... രണ്ടാം ഭാഗം ഒരു മലയുടെ ചുറ്റിലുമായി രണ്ടായിരത്തിലതികം തെളിനീരൊഴുകുന്ന തുരങ്കങ്ങള്‍, ഒരുപാട് ഗുഹകള്‍, കാന്തിക ശക്തിയുള്ള മലനിരകള്‍, സ്വര്‍ണ്ണ നിറത്തിലുള്ള പുല്‍തട്ടുകള്‍ കേട്ടിട്ട് അല്‍ഭുതം തോന്നുന്നില്ലെ അതാണ് സുവര്‍ണ്ണ നദിയുടെ ഉല്‍ഭവസ്ഥാനമായ പൊസഡി ഗുംപെ. കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെട്ടിട്ടും, അടിസ്ഥാന സൗകര്യമില്ലാത്തത് കൊണ്ട് മാത്രം ആരുമറിയാതെ പോയ വടക്കന്‍ കേരളത്തിലെ പൊന്‍മുടി.ഒരുപാട് ഓര്‍മ്മളിലൂടെ ഞാന്‍ നിങ്ങളെ ഗുംപെയിലേക്ക് കൊണ്ട് പോകാം. കുട്ടിക്കാലത്ത് രാവിലെ പാടത്ത് നിന്ന്കൊണ്ട് സൂര്യോദയം കാണുമ്പോള്‍ എന്‍റെ വിചാരം സൂര്യന്‍ ഉദിക്കുന്നത് അടുത്തുള്ള ആ മലയില്‍ നിന്നായിരുന്നു എന്നാണ്. സൂര്യന്‍ ഒളിച്ചിരിക്കുന്ന ആ മലനിരകളെ വ്യക്തമായി കാണാനുള്ളാഗ്രഹം കൊണ്ട് ഞാന്‍ വീടിന് മുമ്പിലുള്ള കണ്ണെത്ത ദൂരെത്തോളം പരന്ന് കിടക്കുന്ന കരിമ്പാറയില്‍ കയറി നിന്ന് ആ മലനിരകളെ വീക്ഷിക്കും. പിന്നെയാരോ പറഞ്ഞ് തന്നു ആ മലയുടെ പേരാണ് ''പൊസഡി ഗുമ്പെ'' എന്ന്. അഞ്ചാം ക്ളാസില്‍ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത കന്നട ക്ളാസും ഞങ്ങളുടെ ക്ളാസും തമ്മില്‍ ചുമരിന്‍റെ വേര്‍തിരിവില്ലാതിരുന്നത് കൊണ്ട് അവിടെ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു. കയ്യാര്‍ കിഞ്ഞണ്ണ റൈയ്യുടെ ''പൊസഡി ഗുംപെ'' എന്ന കവിതയിലൂടെ ഗുംപെയുടെ സൗന്ദര്യം കന്നടാധ്യപകന്‍ വിദ്യാര്‍ത്ഥികളോട് വര്‍ണ്ണിക്കുന്നത് കേട്ട എന്‍റെ മനസ്സിലില്‍ ആഗ്രഹമുദിച്ചു ആ മലമുകളില്‍ പോകണമെന്നും അതിനെ പറ്റി കൂടുതല്‍ അറിയണമെന്നും. എന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരമായി ആ മലയെപറ്റി പലരും പല കഥകള്‍ പറഞ്ഞ് തന്നു. ആ മലയെ ചുറ്റിപറ്റിയുള്ള പല സംഭവങ്ങളും കെട്ട് കഥകളും കേട്ട് അറിയാതെ എന്‍റെ മനസ്സില്‍ ചെറിയ ഭയം കന്ന് കൂടി. ആ മലയ്ക്കടുത്ത് താമസിക്കുന്നത് ഒരു മന്ത്രവാദി മാത്രമാണെന്നും ആ മന്ത്രവാദി മന്ത്രശക്തിയാല്‍ തളച്ച ആത്മാക്കളെ അഴിച്ച് വിടുന്നതും ആ മലമുകളിലേക്കാണെന്നും ആരോ തട്ടിവിട്ടു. ഗുംപെയില്‍ ശാപമെറ്റ രണ്ട് സ്ത്രീകള്‍ വിവസ്ത്രരായി അലഞ്ഞ് തിരിഞ്ഞിരുന്നുവത്രേ. ആ കഥയുടെ പൊരുള്‍ ഒരുപാട് അന്വേശിച്ചിട്ടും എനിക്ക് ഇന്നും പിടികിട്ടിയില്ല. പക്ഷേ പലരും ഇന്നും വിശ്വസിക്കുന്നത് അങ്ങിനെയൊരു സംഭവം ഉണ്ടായിരുന്നു എന്നാണ്. എന്‍റെ നാടായ പൈവളികെയില്‍ നിന്നും എട്ട് കിലോമീറ്റര്‍ മത്രം ദൂരമുണ്ടായിട്ടും ഞാന്‍ ഗുംപെയെ അടുത്ത് നിന്നും ദര്‍ശിച്ചത് ആ മലയ്ക്ക് കീഴില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മത്തട്ക്ക സ്ക്കൂളില്‍ നടന്ന സ്ക്കൂള്‍ യുവജനോല്‍സവത്തിന് പോയപ്പോഴാണ്. അന്ന് ആ മലമുകളില്‍ കയറാന്‍ ഒരുപാട് ആഗ്രഹിച്ചെങ്കിലും എന്‍റെ ശ്രമങ്ങളെ കൂട്ടൂകാര്‍ നിരുത്സാഹപ്പെടുത്തി. അതിന് ശേഷം ആ മലയുടെ പകുതി വരെ കയറാനായത് വിനയന്‍ സംവിധാനം ചെയ്ത ദിലീപ് നായകനായ വാര്‍ ആന്‍റ് ലൗ എന്ന സിനിമ ആ മലയുടെ അടിവാരത്ത് വെച്ച് ഷൂട്ടിംഗ് ചെയ്ത സമയത്താണ്. ആ സിനിമയുടെ ഷൂട്ടിംഗോടെ ഗുംപെയുടെ സൗന്ദര്യം പുറം ലോകമറിഞ്ഞു. പലര്‍ക്കുമത് കാര്‍ഗില്‍ താഴ്വര പോലെ തോന്നിച്ചു. അന്നാണ് എനിക്ക് മനസ്സിലായത് പൊസടി ഗുംപെ എന്നാല്‍ ഒരുമലയല്ല മൂന്ന് മലകളാണെന്ന്. 2002 ല്‍ ഒരു ട്രക്കിംഗിലൂടെയാണ് ഞാനാദ്യം ഗുംപെയുടെ നെറുകയിലെത്തിയത് ചേവാറില്‍ നിന്നും കയറി ധര്‍മ്മത്തട്ക്കയിലിറങ്ങിയ ആ യാത്രയിലാണ് അതിന്‍റെ സൗന്ദര്യം ശരിക്കും ഞിനറിഞ്ഞത്. ഗുംപെയില്‍ എന്നേ വിസ്മയപ്പെടുത്തിയത് രണ്ട് കിണറുകളായിരുന്നു. ആ കിണറുകള്‍ പാണ്ഡവന്‍ കിണര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് . ഒരു കിണറില്‍ നാമൊരു കല്ലെടുത്തിട്ടാല്‍ കുറച്ച് ദൂരെ സ്ഥിതി ചെയ്യുന്ന മറ്റൊരു കിണറിനകത്തും കല്ല് വീണ ശബ്ദം കേള്‍ക്കാം. അകത്തൂടെ രണ്ട് കിണറിനെയും ബന്ധിപ്പിക്കുന്ന ഒരു തുരംഗമുണ്ടത്രേ അത് കൊണ്ടാണ് രണ്ട് ഒരു കിണറിനകത്തേ ശബ്ദം മറ്റൊരു കിണറിലും പ്രതിഫലിക്കുന്നത്. ഗുംപെയെക്കുറിച്ചുള്ള അന്വേശണത്തില്‍ ഗുംപെയ്ക്ക് കീഴില്‍ സ്തിതി ചെയ്യുന്ന രണ്ട് ഗുഹകളെ പറ്റി കേള്‍ക്കാനിടയായി. അതിനെക്കുറിച്ച് പലരോടും അന്വോശിച്ചപ്പോള്‍ ആര്‍ക്കും വ്യക്തമായ വിവരമോ അറിയില്ല. അങ്ങനെയിരിക്കേ ഒരു ദിവസം എതോ ഒരു അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് ഗുംപെ നിവാസിയായ ഒരു നയക്കര്‍ എന്‍റെയടുത്ത് വന്നു. അദ്ദേഹത്തോട് ഞാന്‍ ആ ഗുഹയെക്കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ആ ഗുഹകളുടെ പേരുകള്‍ പറഞ്ഞ് തന്നത്. ഒന്നാമത്തേത് ''തീര്‍ത്ഥ ഗുഹ'', രണ്ടാമത്തേത് ''വിഭൂതി ഗുഹ''. വിശ്വാസപരമായി വളരെ പ്രത്യേകതയുള്ള ഗുഹയാണതെന്നും , തീര്‍ത്ഥ അമാവാസി ദിനത്തില്‍ അതിരാവിലെ ആ ഗുഹയ്ക്കകത്ത് കയറുന്ന പതിവുണ്ടെന്നും പറഞ്ഞു. അതിനെപറ്റി കൂടുതല്‍ അറിയണമെങ്കിലും കാണണമെങ്കിലും തീര്‍ത്ഥ അമാവാസി ദിവസം ഗുംപെയിലെ കൃഷ്ണ ഭട്ടരുടെ വീട്ടിനടുത്ത് വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെ കത്തിരിപ്പിനൊടുവില്‍ അടുത്ത തീര്‍ത്ഥ അമാവാസി ദിനത്തില്‍ അതി രാവിലെ ഞാന്‍ സ്ക്കൂട്ടറില്‍ ഗുംപെയിലെ കൃഷ്ണ ഭട്ടറുടെ വീട്ടിനടുത്തെത്തി. ആവള മഠ ക്ഷേത്ര പരിസരത്ത് നിന്നുള്ള ഒരു സംഘവും, പരിസര വാസികളായ ചിലരും അവിടെയുണ്ടായിരുന്നു. നായക്കര്‍ പരിചയപ്പെടുത്തിയ ഭട്ടരുടെ ക്ഷണ പ്രകാരം ആ സംഘങ്ങളുടെ പിറകെ തോട്ടത്തിനുള്ളിലൂടെ ഞാനും നടന്ന് ആ ഗുഹക്ക മുന്നിലെത്തി. ആദ്യമായി ആ സംഘം തീര്‍ത്ഥ ഗുഹയ്ക്കരികിലെത്തി. അതില്‍ എല്ലാവരും സ്നാനം ചെയ്ത തൊട്ടടുത്ത വിഭൂതി ഗുഹയിലേക്ക്. ആ ഗുഹയുടെ ചെറിയ കവാടത്തിലൂടെ ഓരോരുത്തരായി അകത്ത് പോയി അകത്ത് നിന്നും പ്രത്യേകമായ ഒരു മണ്ണ് കൊണ്ട് വരുന്ന. വെള്ള നിറമുള്ള ഭരണി നിര്‍മ്മിക്കുന്നത് പോലുള്ള പ്രത്യേക തരം ഒരു മണ്ണ്. ഇരുട്ടില്‍ അകത്ത് കടന്ന് പോകുന്നവര്‍ക്ക് വിഭൂതി എന്നറിയപ്പെടുന്ന ആ മണ്ണാണ് കിട്ടിയതെങ്കില്‍ ആ വര്‍ഷം ‍ ഭാഗ്യത്തിന്‍റെതാണെന്നും, വെളിയില്‍ കണുന്നത് പോലുള്ള കറുത്ത മണ്ണാണെങ്കില്‍ നിര്‍ഭാഗ്യകരമായ വര്‍ഷമാണെന്നുമാണ് അവരുടെ വിശ്വാസം. അങ്ങനെ ഗുഹയെ കണ്ടും അവയെ അറിഞ്ഞും അവിടെ നിന്നും ഗുംപെയുടെ മുകള്‍ തട്ടിലേക്ക് തിരിച്ചു. മുകളില്‍ നിന്നും കുതിരമുഖം കാണാനും മറ്റ് ദൃശ്യങ്ങള്‍ കാണാനും.