കിഴക്കന്‍ സഹ്യപര്‍വ്വതത്തില്‍ നിന്നും ഉദിച്ച് പടിഞ്ഞാറന്‍ അറബിക്കടലില്‍ അസ്തമിക്കുന്ന ഉപ്പളപുഴയുടെ കളായി തീരത്തേ തോണിക്കടവിനടുത്ത് ജാറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണ് ഹസ്രത്ത് മമ്മിശഹീദ് വലിയുള്ളഹി(റ).
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അധിനിവേശക്കാര്‍ക്കെതിരെ പോരാടി വീരരക്തസാക്ഷ്യത്വം വഹിച്ച മഹാനവര്‍കളെ അധിനിവേശസേന പ്രതികാരം തീര്‍ക്കാന്‍ വെട്ടി തുണ്ടമാക്കി കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഒഴുകുന്ന പുഴയിലൂടെ ആ ശരീരം വന്നടിഞ്ഞത് കളായിലെ ഓടക്കടവില്‍.
അന്ന് കടത്തുകാരനായിരുന്നയാള്‍ കടവിലടിഞ്ഞ മയ്യത്തിനെ തോണിതുഴയുന്ന മുള കൊണ്ട് തള്ളി താഴോട്ട് ഒഴുക്കി വിട്ടെങ്കിലും അത് വീണ്ടും തല്‍സ്ഥാനത്ത് വന്നുതന്നെ വന്നു നിന്നുവത്രേ. എത്ര തന്നെ ഒഴുക്കിലേക്ക് തള്ളിവിട്ടിട്ടും തിരിച്ച് കടവിലേക്ക് വയുന്ന ശരീരത്തേ കണ്ട് കടത്തുകാരന്‍ ഭയവും പിന്നെ അല്‍ഭുതവും തോന്നി.
പിന്നെ നടത്തിയ അന്വോഷണങ്ങളിലാണ് മനസ്സിലായത് അത് സുഫിമായ മമ്മിശഹീദ് എന്ന മഹാന്‍റെയാണെന്ന്.
അങ്ങിനെ ആ മയ്യത്തിനെ ബഹുമാനപൂര്‍വ്വം കടവിനത്ത് തന്നെ കബറടക്കി. മാത്രമല്ല അന്ന് മുതല്‍ ആ നാട്ടില്‍ അത്ഭുതങ്ങള്‍ കണ്ട് തുടങ്ങി.
മതമൈത്രി വിളിച്ചോതുന്ന ആചാരങ്ങള്‍ക്കപ്പുറം മാനവ സൗഹാര്‍ദ്ധം കാത്ത് സൂക്ഷികക്ുന്ന കളായില്‍ വിത്യസ്ഥ വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ധവും സാഹോദര്യവും കാത്ത് സൂക്ഷിക്കുന്നു. അതിനാലാവാം ഏത് വിഷമഘട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്കായും, നേര്‍ച്ചകള്‍ക്കായും എല്ലാ വിഭാഗം ആളുകളും ജാറം ദര്‍ഗ്ഗയിലെത്തുന്നത്. നേര്‍ച്ചകളായി നല്‍കുന്നണാകട്ടെ തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങളും. മുഖ്യ നേര്‍ച്ചാവസ്തു ശര്‍ക്കരയിട്ട മധുരക്കഞ്ഞിയായ ചക്കര കഞ്ഞിയും. ചിലപ്പോള്‍ ആദ്യമായി കളായി ഉറൂസിന് എത്തിയവര്‍ക്ക് അവിടെയൊരു കര്‍ഷികമേളയുടെ പ്രതീത തോന്നിയേക്കാം കാരണം വരണ്ട പുഴയുടെ പഞ്ചാര മണല്‍തരികള്‍ നിറഞ്ഞ തീരത്ത് , കമുങ്ങുകളും തെങ്ങുകളും നിറഞ്ഞ തോട്ടത്തിന്‍ നടുവില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗ്ഗാ പരിസരത്ത് നേര്‍ച്ചയായി ലഭിച്ച തൂക്കിയിട്ട അടക്കാ കുലകളും, കൂനയിട്ട തേങ്ങകളും , കയ്യില്‍ തങ്ങളുടെ കര്‍ഷിക ഉല്‍പന്നങ്ങളും , എണ്ണയും ചന്ദനത്തിരിയുമായും കടന്ന് വരുന്ന ഗ്രാമീണരെ കാണുമ്പോഴും,പ്രാര്‍ത്ഥനയ്ക്കായി വിളിച്ച് പറയുന്ന പേരുകള്‍ കേള്‍ക്കുമ്പോഴും അവര്‍ക്കങ്ങിനെ തോന്നിയില്ലങ്കിലെ അത്ഭുതമുള്ളു.
വര്‍ഷകാലമായാല്‍ പിന്നെയവിടെ വിജാനതയാണ്. കടുത്ത മഴയില്‍ പുഴവെള്ളം ദര്‍ഗ്ഗയെയും മൂടപ്പെടും. പിന്നെ അവിടെ കാണുന്നത് വെള്ളം മാത്രം ചിലപ്പോള്‍ ആ വെള്ളം അടുത്തുള്ള ചെറിയ പള്ളിക്കകം വരെയെത്തും. പക്ഷേ എത്ര വലിയ മലവെള്ള പാച്ചിലിലും ഇന്നുവരെ അവിടെ പറയപ്പെടുന്ന അപകടങ്ങളൊന്നും നടന്നിട്ടില്ല എന്നതും ഒരല്‍ഭുതമാണ്.
★★★★★★★★★★★★
കളായി എനിക്കൊരു അത്ഭുതവും ആവേശവുമാണ്. കാരണം ഞാന്‍ ജനിച്ചതും കളിച്ച് വളര്‍ന്നതും കളായിപുഴ തീരത്തെ ഉമ്മയുടെ തറവാട് വീടിലാണ്. അത് കൊണ്ടാവണം ആ പ്രദേശവുമായി ഞാന്‍ ഒരാത്മ ബന്ധം സൂക്ഷിക്കുന്നത്.
തറവാട് സ്ഥലത്ത് തന്നെ സ്ഥിതി ചെയ്യുന്ന പള്ളിയും ദര്‍ഗ്ഗയോടും ഞങ്ങള്‍ക്കൊരു ആത്മബന്ധമുണ്ട്. തലമുറകളായി എന്‍റെ ഉമ്മയുടെ കുടുംബക്കാരും, അതിന് ശേഷം ഉപ്പുപ്പയുടെ കാലത്ത് അവിടെ ഉറൂസ് നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. അവരുടെ കാലശേഷം കുറച്ച് കാലം അമ്മാവനും കുടുംബക്കാരും അതിന് നേതൃത്വം നല്‍കുകയും ശേഷം ഒരു കമ്മിറ്റിയുണ്ടാക്കി അതിന്‍റെ മേല്‍നോട്ടം അവര്‍ക്ക് നല്‍കുകയും ചെയ്തു.
ആ കുടുംബം പരമ്പരാഗതമായി കടത്ത്കാരും കര്‍ഷകരുമായിരുന്നു. അടുത്തകാലത്ത് കള്ളിഗെപാലം വരും വരെ തോണിയെന്നത് വര്‍ഷകാലത്ത് ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.
മഴക്കാലത്ത് അക്കരയില്‍ നിന്നും വേനല്‍കാലത്ത് ഇക്കരെയില്‍ നിന്നും എന്നും കൂക്കിവിളികള്‍ കേള്‍ക്കാം. മഴക്കാലത്ത് അക്കരയില്‍ നിന്നും പുഴ കടക്കാനുള്ളവരുടെ തോണിക്ക് വേണ്ടിയുള്ള വിളിയായിരുന്നെങ്കില്‍ വേനല്‍ കാലത്ത് ഇക്കരെയില്‍ നിന്നുമുള്ള വിളി മധുരമുള്ള നേര്‍ച്ചക്കഞ്ഞി വെച്ച് അക്കരെയുള്ള ആള്‍ക്കാരെ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു.
എന്‍റെ മുന്ന് തലമുറയ്ക്ക് മുന്നെ ഷേക്കാലി മുഹമ്മദ് എന്നവരുടെ കാലത്ത് ഭൂപ്രഭുക്കന്‍മാരായിരുന്ന മറുവള ഭട്ടര്‍മാരില്‍ നിന്നും കുറച്ച് തുക വായ്പ വാങ്ങി. തിരിച്ച് നല്‍കാത്തത് കാരണം വീടും, സ്ഥലവും ബ്രാഹ്മണരുടെ കയ്യിലായി. (അതേ സ്ഥലത്തായിരുന്നു ദര്‍ഗ്ഗയ സ്ഥിതി ചെയ്തിരുന്നത്). വീടും സ്ഥലവും നഷ്ടപ്പെട്ട ഷേക്കാലിയും കുടുംബവും പുഴയ്ക്ക് തൊട്ടിപ്പുറത്ത് സ്ഥിതി ചെയ്യുന്ന തന്‍റെ അമ്മാവനും ഭാര്യപിതാവുമായ ഓടക്കടവ് അഹമ്മദ് കുഞ്ഞി എന്നവരുടെ എള്ള്വളപ്പിലെ തറവാട് വീടില്‍ താമസമാക്കി.
ദര്‍ഗ്ഗയ്ക്കടുത്ത വീട് കൈയ്യിലായെങ്കിലും മറുവളക്കാര്‍ അവിടെ കുടിയിരുത്തിയത് തങ്ങളുടെ ആശ്രിതരായിരുന്ന യൂസുഫ് ബ്യാരിയെയും കുടുംബത്തെയുമാണ്.
ജാറവും സ്ഥലവും വീടും കൈയ്യിലായെങ്കിലും, അവര്‍ക്കെന്തോ മനസ്സമാധനം നഷ്ടപ്പെട്ടത് പൊലെയൊരു തോന്നല്‍ വന്നു. പല സംഭവങ്ങളും അവിടെയും അവരുടെ കുടുംബത്തിലും നടന്നുവെന്ന് പറയപ്പെടുന്നു വിശ്വാസവും, എെതീഹങ്ങളുടെ ശക്തിയുമാകാം അവിടെ മുടങ്ങിപ്പോയ നേര്‍ച്ചയും വിശ്വാസങ്ങളും തുടരാന്‍ ആ സ്ഥലം അതിന്‍റെ അവകാശികള്‍ക്ക് തിരിച്ച് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ സ്ഥലം തിരിച്ച് നല്‍കുന്നതിന് പകരമായി എള്ള് വളപ്പിലുള്ള വീടും സ്ഥലവും നല്‍കാമെന്ന് ഷേക്കാലി സമ്മതിച്ചു. അങ്ങിനെ കളായി ജാറം ദര്‍ഗ്ഗ സ്ഥിതി ചെയ്യുന്ന സ്ഥലവും അതിനടുത്തുള്ള വീടും തിരികെ ലഭിച്ചു.
എള്ളുവളപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച സ്ഥലത്ത് മറുവളക്കാര്‍ യൂസുഫ് ബ്യാരിക്ക് നല്‍കി. ഇന്നവിടെ അവരുടെ തലമുറയാണ് താമസിക്കുന്നത്.
★★★★★★★★★★★
പൈവളികെ പഞ്ചായത്തും മീഞ്ച പഞ്ചായത്തും അതിര്‍ത്ഥി പങ്കിടുന്ന സ്ഥലമാണ് കളായി. കളായി എന്നാല്‍ തുളുനാടന്‍ ചൂത്തരരായ ബണ്ടരുമായി ബന്തപ്പെട്ട പദമാണ്. അവരുടെ തറവാട് വീടുകളാണ് ഗുത്തു എങ്കില്‍ അവര്‍ കുടുംബമായി തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ കളായി എന്ന് അറിയപ്പെട്ടിരുന്നു. തൊട്ടടുത്ത മീഞ്ച എന്നത് പ്രമുഖ ബണ്ട തറവാട് വീടായിരുന്നു. പിന്നീട് മീയപദാവ് ആസ്ഥാനമായി ഒരു പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ ആ പഞ്ചായത്തിന് അവിടത്തെ പ്രമുഖ കുടുംബം താമസിച്ചിരുന്ന സ്ഥലപ്പേര് നല്‍കിയതാകാം. കള്ളിഗെ, കളായി മീഞ്ച ,ബാണൊട്ടു തുടങ്ങിയ സ്ഥലങ്ങളില്‍ ആ കുടുംബത്തിലെ തലമുറകള്‍ താമസിക്കുന്നു.
ബണ്ട തറവാട് വീടുകള്‍ ഗുത്തു എന്നറിയപ്പെടുമ്പോള്‍ ബല്ലാക്കന്മാരുടെത് ''ബൂഡു'' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പക്ഷേ കള്ളിഗെയിലെ ബൂഡു ബംട്ടരുടെതാണ്. ബല്ലാക്കന്‍മാര്‍ നല്‍കിയ വീടായത് കൊണ്ടായിരിക്കാം ആ പേര് അങ്ങിനെ നിലനിര്‍ത്തിയത്. ഗ്രാമതെയ്യമായ അണ്ണ അറസുവിന്‍റെ മേല്‍ നോട്ടവും ബംട്ടര്‍ക്കാണ്.
ഗോവയിലെ പോര്‍ച്ചുഗീസ് പീഢനം സഹിക്കാതെ നാട് തെക്കിലേക്ക് പാലയനം ചെയ്തവരുടെ പിന്‍ഗാമികളില്‍ പെട്ട കൊങ്കണി സംസാരിക്കുന്ന കൃസ്ത്യന്‍ മത വിശ്വാസികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് മരിക്കെ. ഇവര്‍ സോജര്‍ എന്നും പുര്‍ബു എന്നും പ്രാദേശികമായി അറിയപ്പെടാറുണ്ട്. ഇവരുടെ ഇടവകപള്ളി അറിയപ്പെടുന്നത് ഇംഗ്രോജ് (ഇഗര്‍ജി) എന്ന പേരിലാണ്. പൈവളികെയുടെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് ഇവരും മുഖ്യസ്ഥാനം വഹിക്കുന്നു.
പൈവളികെ-കളായിയുടെ ഇടയില്‍ കൂട്ടമായി താമസിക്കുന്ന മറ്റൊരു വിഭാഗമാണ് ബെല്‍ച്ചാട എന്നറിയപ്പെടുന്ന തീയ്യര്‍. ഹൈന്ദവരിലെ ബ്രഹ്മണര്‍ കന്നടയും മറ്റു വിഭാഗങ്ങളുടെ ഭാഷ തുളുവുമാണെങ്കില്‍ ഇവയുടെ മാതൃഭാഷ മലയാളം തന്നെയാണ്. കോരിക്കാര്‍ വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ തറവാട് ഇവരുടെ കുലതറവാടാണ്.
അസീസ് കട്ട (പൈവളികെയുടെ ഇന്നലെകളിലൂടെ)
★★★★★★★★
സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Thursday, April 6, 2017
കളായി ചരിത്രങ്ങളിലൂടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment