Search This Blog

Sunday, September 18, 2016

വിട്ട്ള ചരിത്രം

തുളുനാടന്‍ വിശേഷങ്ങളിലൂടെ വിട്ട്ള അറസുവും അരമനയും ******************************** ദക്ഷിണകന്നടയിലെ
താലൂക്കില്‍ പെട്ട വിട്ട്ള ചരിത്രത്തില്‍ ഇടം നേടിയ നാടാണ്. കാസറഗോഡിന്‍റെ വടക്ക കിഴക്കന്‍ പ്രദേശങ്ങളുമായി അതിര്‍ത്ഥി പങ്കിടുന്ന പ്രദേശം , പത്തൊന്പതാം നൂറ്റാണ്ട് വരെ വിട്ട്ള ഒരു നാട്ടു രാജ്യമായിരുന്നു. തുളുനാട്ടിലെ പെരുമയാര്‍ന്ന നാട്ടുരാജ്യം. ഭൂതാള പണ്ഡ്യ രാജാവ് തന്‍റെ പന്ത്രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കും രാജ്യം വീതിച്ച് നല്‍കുമ്പോള്‍ എട്ടാമത്തെ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കിയ രാജ്യമാണ് വിട്ട്ള എന്നൊരു എെതീഹമുണ്ട്. രാജാക്കന്‍മാരുടെ അധിപത്യ പ്രദേശങ്ങള്‍ അന്ന് ''സീമെ'' എന്നും സീമെയില്‍ പെടുന്ന ഗ്രാമങ്ങള്‍ മാഗണെ എന്നുമാണ് അറിയപ്പെട്ടിരുന്നത്. അങ്ങിനെ പത്തൊന്പത് മാഗണെ ഉള്‍പ്പെട്ടിരുന്ന സീമയാണ് വിട്ട്ള . പതിമൂന്നാം നൂറ്റാണ്ട് വരെ ഈ പ്രദേശം ആദ്യകാല ഗിരിജന വര്‍ഗ്ഗമായ മാവിലന്മാരുടെ അതീനതയിലായിരുന്നു എന്നും പറയപ്പെടുന്നു. അതിന് ശേഷം അധികാരം ലഭിച്ച ഡൊംബ ഹെഗ്ഡെ അറസുവാണ് ഈ പ്രദേശത്തിന് ചരിത്രത്തില്‍ സ്ഥാനം നല്‍കിയത്. അത് കൊണ്ടാണ് രാജവംശം ഡൊംബെ അറസു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വിട്ളയ്ക്കടുത്തുള്ള കറുവപ്പാടി ഗ്രാമത്തിലെ വഗേനാടു സുബ്രായ ദേവാലയത്തില്‍ ക്രിവ 1257 ല്‍ ഡൊംബ ഹെഗ്ഡെ അളുപെ ശാസനത്തില്‍ കൊത്തിയ ശിലാഫലകമാണ് ഈ നാട്ടുരാജ്യത്തെ പറ്റിയുള്ള ഏറ്റവും പുരാതനമായ രേഖ. വിട്ട്ള പട്ടണത്തിനടുത്ത ബാക്കിമാറു ഗദ്ദെ എന്ന സ്ഥലത്താണ് വിട്ള രാജവംശത്തിന്‍റെ അരമന തറവാട് സ്ഥിതി ചെയ്യുന്നത്. ഏകദേശം ആറു ശതാബ്തങ്ങള്‍ നാടുവാണ എല്ല നാടുവാഴികളുടെയും പേരുകളോ ചരിത്രങ്ങളോ ലഭിച്ചിട്ടില്ലയെങ്കിലും പതിനേഴാം നൂറ്റാണ്ട് മുതല്‍ ഭരിച്ചവരുടെ പേരുകളും ചരിത്രങ്ങളും പോര്‍ച്ചുഗീസുകാരും, ഇംഗ്ളീഷുകാരും രേഖപ്പെടുത്തിയിട്ടുണ്ട്. 1453 ല്‍ രേഖപ്പെടുത്തിയ കിറു ശാസനത്തില്‍ ഇഷ്ടകപുരത്തേ പഞ്ചലിംഗേശ്വര ദേവന് ദൊംബ ഹെഗ്ഡെ കുഞ്ഞശേഖന്‍റെ കാലത്ത് സുവര്‍ണ്ണ കലശം സമര്‍പ്പിച്ചിട്ടുണ്ട് എന്നും രേഖയുണ്ട്. പിന്നീടാണ് ഇഷ്ടകപൂരം എന്ന സ്ഥലനാമം ഇട്ടല്‍ , വിട്ള, വിട്ട്ള എന്നായി പേരായി പരിണമിച്ചു. ഇന്നത്തേ മഞ്ചേശ്വരം താലൂക്കില്‍പെട്ട പൈവളികെ, ചിപ്പാര്‍ , ബായാര്‍ , കുടാല്‍ മേര്‍ക്കള, ബാഡൂര്‍ എന്ന ഗ്രാമങ്ങള്‍ അന്ന് വിട്ള സീമയില്‍ പെട്ട മാഗണെകളായിരുന്നു. ഭൂവുടമകളായ പയ്യറു വംശത്തില്‍ പെട്ട ബല്ലാക്കന്‍മാരെ അറസുവിന്‍റെ മേല്‍ നോട്ടത്തില്‍ ഈ ഗ്രാമങ്ങളുടെ അധിപതികളായി നിയമിച്ചിരുന്നു. ഹൈദരലിയുടെ പടയോട്ട കാലത്ത് വാര്‍ഷിക നികുതി വര്‍ദ്ധിപ്പിക്കണമെന്ന സുല്‍ത്താന്‍റെ ആവശ്യം അറസുവായിരുന്ന അച്ചുത്ത ഹെഗ്ഡെ നിരാകരിച്ചു. എന്ന് മാത്രമല്ല 1765 ലെ ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ ബ്രിട്ടിഷ്കാരെ സഹായിച്ചു. ആ കാരണത്താല്‍ 1968 ല്‍ മൈസൂര്‍ സുല്‍ത്താന്‍ അച്ചുത്ത ഹെഗ്ഡയെ സ്ഥാനഭ്രഷ്ഠനാക്കി. അധികാരം നഷ്ടപ്പെട്ട അറസുവിനും കുടുംബത്തിനും ബ്രിട്ടീഷ്കാര്‍ തലശ്ശേരിയില്‍ അഭയം നല്‍കി. സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട അച്ചുത ഹെഗ്ഡെ ഇടക്കിടെ വന്ന് വിട്ളയില്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമം നടത്തി. ഇതില്‍ കുപിതനായ ടിപ്പു സുല്‍ത്താന്‍ 1784 ല്‍ വിട്ള അറസുവിനെ വധിച്ച് കൊട്ടാരം ഭസ്മമാക്കി. അതിന്‍റെ അവശിഷ്ടം ഇന്നും വിട്ളയില്‍ കാണാം. ടിപ്പുവിന്‍റെ കാലശേഷം തിരിച്ച് വന്ന അവര്‍ നരസിംഹ രാജയുടെ നേതൃത്വത്തില്‍ അളിക്കെയ്ക്കടുത്ത എറുമ്പുവില്‍ താത്ക്കാലിക അരമന സ്ഥാപിച്ചു താമസിച്ച് പോന്നു. പിന്നീടാണ് പഴയ അരമന സ്ഥിതി ചെയ്തിരുന്ന ബാക്കിമാറു ഗദ്ദെയില്‍ പുതിയ അരമന സ്ഥാപിച്ച് താമസമാക്കിയത്. അത് ഹൊസഅരമനെ എന്ന് അറിയപ്പെടുന്നു. തലശ്ശേരിയില്‍ നിന്നും തിരിച്ച് വന്ന രാജവംശം ഡൊംബെ ഹെഗ്ഡെ എന്ന കുലനാമത്തിന് പകരം ''വര്‍മ്മ'' എന്ന പേര് സ്വീകരിച്ചു. ടിപ്പുവിന് ശേഷം വിട്ള ബ്രിട്ടീഷ്കാരുടെ പരിധിയിലയാപ്പോള്‍ രവി വര്‍മ്മ നറസിംഹറസു അവര്‍ക്കെതിരെ ചെറുത്ത് നില്‍പിന്‍റെ ആദ്യകഹളമൂതി. കോപിഷ്ഠരായ വെള്ളക്കാര്‍ സൈനിക ശക്തിയാല്‍ അടിച്ചമര്‍ത്തി ഹെഗ്ഡയുടെ വ്യക്തികത ആസ്ഥികള്‍ കണ്ടു കെട്ടി. രാജകുടുംബത്തിന് 6019 രൂപ വാര്‍ഷിക രാജധനമായി നല്‍കാന്‍ തീരുമാനിച്ചു. അറസുവിനെ തൂക്കിലേറ്റാന്‍ വിധിച്ചെന്നും പറയപ്പെടുന്നു . അതിന് ശേഷം രണ്ട് പേര്‍ അറസുപട്ടം നേടിയെങ്കിലും അവര്‍ അകാലത്തില്‍ പൊലിഞ്ഞു. ഈ രാജവംശത്തിലെ അവസാനത്തേ അധിപതി 1934 ല്‍ നിയമിതനായ ശ്രീ രവിവര്‍മ്മ കൃഷ്ണരാജാണ്. അദ്ദേഹം പുത്തൂര്‍, വിട്ള പ്രദേശത്തിന്‍റെ ഹോണററി മജിസ്ട്രേറ്റായി പ്രവര്‍ത്തിച്ചു. ഒരുപാട് സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തു. ഗ്രാമീണ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദീകരിച്ച അദ്ദേഹം വിട്ള, കേപു, എറുമ്പു,ഒക്കത്തൂറു, ചിപ്പാര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് സ്ഥലം ദാനം നല്‍കുകയും, കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. വിട്ട്ള ഹൈസ്ക്കൂളിന് വേണ്ടി ഏഴേക്കര്‍ സ്ഥലം നല്‍കി.1941 ലെ വെള്ളപൊക്കത്തില്‍ നശിച്ച റോഡുകളുടെ പുനര്‍നിര്‍മ്മാണം മുഴുവനുമായി നടത്തി കൊടുത്തു. വിട്ള സീമെയിലെ പതിനാറ് ക്ഷേത്രങ്ങളുടെ മുക്തേസറായിരുന്നു അദ്ദേഹം. കൂടാതെ പഞ്ചലിംഗേശ്വര ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റിയുമാണ്. പല ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്തിയിട്ടുണ്ട്, കൂടാതെ വിട്ളയിലെ മേഗിനപേട്ടേ പള്ളി സ്ഥിതി ചെയ്യുന്നത് രാജവംശം ദാനം ചെയ്ത സ്ഥലത്താണ്. 1974 ലെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ഭൂപരിഷ്ക്കരണ നിയമത്തേ അതി ജീവിക്കാന്‍ കോടതി നടപടികള്‍ക്കൊരുങ്ങാതെ കുടിയാന്‍മാര്‍ക്ക് വിട്ടു കൊടുത്തു. 1988 ജുലൈ 24 ന് അദ്ദേഹം നാടുനീങ്ങി. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി വിട്ള ബസ്റ്റാണ്ടിന് ''രവിവര്‍മ്മ അറസു വൃത്ത'' എന്ന പേര് വന്നത്. പഴയ കൊട്ടരത്തിലേക്ക് പോകുന്ന റോഡ് ഇന്നും ഔദ്യോധികമായി അറിയപ്പെടുന്നത് അരമന റോഡ് എന്നാണ് . ....... അസീസ് കട്ട

No comments:

Post a Comment