Search This Blog

Sunday, June 5, 2016

കമല്‍ ഹൈദറും ശെറൂള്‍ സാഹിബും

കമല്‍ ഹൈദര്‍ ......................... 1958 ല്‍ ഏറ്റവും നല്ല പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പാക്കിസ്താന്‍ ടൈംസിന്‍റെ പത്രാധിപരായിരുന്ന കമല്‍ ഹൈദറിന് കാസറഗോഡുമായി വളരെ അടുത്ത് ബന്ധമാണുണ്ടായിരുന്നത്. ദക്ഷിണ കാനറയിലെ പുത്തൂര്‍ താലൂക്കില്‍ ജനിച്ച് വളര്‍ന്ന് അദ്ദേഹത്തിന്‍റെ ജീവിതം വഴിത്തിരിവിലെത്തിയത് അംഗഡിമുഗറിലേക്കുള്ള വരവിന് ശേഷമാണ് . വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് സാമൂഹ്യ സേവനരംഗത്തേക്ക് സംഭാവന ചെയ്തിരുന്ന അംഗഡിമുഗര്‍ അധിപതികളായിരുന്ന ശെറൂല്‍ കുടംബത്തിലെ ചരിത്രപുരുഷനായി മാറിയ മുഹമ്മദ് ശെറൂള്‍ സാഹിബിന്‍റെ ദീര്‍ഘവീക്ഷണപരമായി ഉയര്‍ന്ന പ്രതിഭകളില്‍ പ്രമുഖനാണ് പില്‍ക്കാലത്ത് ഏഷ്യ മുഴുവനും അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായി മാറിയ കമല്‍ ഹൈദര്‍. ശെറുല്‍ സാഹിബ് യുവ എഴുത്തുകാരനായ കമല്‍ ഹൈദറിനെ സ്വന്തം തറവാട്ടില്‍ താമസിപ്പിച്ച് മതപഠത്തിനുള്ള സൗകര്യം ചെയ്തുകൊടുത്തു. കൂടാതെ അദ്ദേഹം ഇംഗ്ളീഷ് ഭാഷയിലും നല്ല പാണ്ഡിത്യവും നേടി. മത പ്രബോധനത്തിന് വേണ്ടി ശെറൂള്‍ സാഹിബ് ഹൈദറിന്‍റെ പത്രാധിപത്യത്തില്‍ ''ജ്യോതി '' എന്ന കന്നടമാസിക ആരംഭിച്ചു. മത പരിര്‍ത്തനത്തിന്‍റെ പേരില്‍ അന്ന് നടന്ന കോലാഹലത്തേ ശെറൂള്‍ സാഹിബ് നേരിട്ടത് മൗലാന മുഹമ്മദലിയുടെ ''ഇസ്ലാം ആന്‍റ് അണ്‍ടച്ചബ്ലിറ്റി'' (Islam&untouchability) എന്ന ലഘു കൃതി ഹൈദറിനെക്കൊണ്ട് കന്നടയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച് സൗജന്യമായി വിതരണം ചെയ്താണ്. ഉഡുപ്പിയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അന്തരംഗ എന്ന കന്നട പത്രത്തിന്‍റെയും, ഹ്യൂമണ്‍ എഫയേഴ്സ് എന്ന ഇംഗ്ളീഷ് പത്രത്തിന്‍റെ എഡിറ്ററായും ഹൈദര്‍ സേവനം ചെയ്തു. ആ കാലഘട്ടത്തില്‍ ഉഡുപ്പി സ്വദേശിനിയായ മറിയം വാഹിദയെ വിവാഹം ചെയ്തു. അദ്ദേഹം ഒരുപാട് കൃതികള്‍ രചിച്ചു. ചാന്ദ് ബീവി എന്ന അദ്ദേഹത്തിന്‍റെ കവിത പാടപുസ്തകങ്ങളില്‍ ചേര്‍ക്കപ്പെട്ടിരുന്നു. പിന്നെയദ്ദേഹം തന്‍റെ പ്രവര്‍ത്തന മേഖല കല്‍കത്തയിലേക്ക് മാറ്റി. രാജ്യം വിഭജിക്കപ്പെട്ടതോടെ ജോലിസംബന്ധമായി അദ്ദേഹത്തിന് തന്‍റെ താമസം പാക്കിസ്താനിലേക്ക് മാറ്റി. പാക്കിസ്ഥാന്‍ ടൈംസിന്‍റെ എഡിറ്ററായി സേവനമനുഷ്ടിച്ച അദ്ദേഹം 1974 ല്‍ വിരമിച്ചു. 1974 ല്‍ ബ്രിട്ടീഷ് ടി.വിയില്‍ ടി.വി കറസ്പോണ്‍ഡ് ആയും ശേഷം CBS TV യിലും NBS TV പാക്കിസ്ഥാന്‍ , ജപ്പാന്‍ ടിവിയായ TV N.H.K എന്നിവയിലും സ്പെഷ്യല്‍ ടിവി കറസ്പോണ്ടായും സേവനമനുഷ്ടിച്ചു. തന്‍റെ എഴുപത്തഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം വീക്ഷിച്ച പാക്കിസ്താന്‍ പ്രസിഡണ്ട് സിയാ ഉ റഹ്മാന്‍ പറഞ്ഞത് ഈ വയസ്സില്‍ ഇത്തരം ആയാസകരമായ പ്രവര്‍ത്തനം ഉന്‍മേഷത്തോടെ ചെയ്യുന്ന കമാല്‍ ഹൈദര്‍ എന്നേ പലപ്പോഴും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട് എന്നാണ് . ഫോട്ടോഗ്രാഫി ഹരമായിരുന്ന അദ്ദേഹം വ്യത്യസ്തമായ ക്യാമറകള്‍ സൂക്ഷിച്ചിരുന്നു. യൂകെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങള്‍ 1958 ല്‍ സന്ദര്‍ശിച്ച അദ്ദേഹം , 1962 ല്‍ യു.എസ്.എയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലും, 1980 ല്‍ യൂ.എന്‍ ജനറല്‍ അസ്സംബ്ളി സെഷനിലും, 1984 ല്‍ ഷിപ്പിംഗ് മാഗ്നറ്റായ sessu hayakawa യിലും 1988 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന റിവര്‍നഡ് മൂണ്‍ (reverned moon) കണ്‍വെന്‍ഷനിലും ക്ഷണിക്കപ്പെട്ട വിശിഷ്ടാഥിതിയായി പങ്കെടുത്തു. നാല്‍ വര്‍ഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നശിച്ച് ശയ്യയില്‍ കിടന്ന് 1998 എപ്രില്‍ ഒന്നാം തീയതി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. നസീം ബാനു , ഷമീം ബാനു എന്ന രണ്ട് പെണ്‍മക്കളും, ഇക്ബാല്‍ , ഖാലിദ് ഹൈദര്‍ എന്ന രണ്ട് ആണ്‍ മക്കളുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ചരിത്ര സംഗ്രഹണം......അസീസ് കട്ട. കടപ്പാട് - പാക്കിസ്താന്‍ ടൈംസ്, ജെനി എച്ച്. എ മുഹമ്മദ് മാസ്റ്റര്‍

ചോട്ടുഭായിന്‍റെ കണ്ണാടി ദൈവം

ചിലപ്പോള്‍ എന്‍റെ മനസ്സ് പതറുമ്പോള്‍ ഞാന്‍ ചോട്ടു ഭായിയെ ഓര്‍ക്കും. എനിക്കറിയാവുന്ന അയാളുടെ ജീവിതത്തിലേക്ക് കണ്ണോടിക്കും. ഇപ്പോള്‍ അയാളെവിടെ എന്നും എങ്ങിനെ ജീവിക്കുന്നു എന്നറിയില്ലെങ്കിലും അയാളെ ഞാനറിഞ്ഞ ആ ചുരുക്കം ദിനങ്ങള്‍ ഇടക്കിടെ എന്‍റെ മനസ്സിലേക്ക് കടന്ന് വരും. ഇടക്കിടെ എന്‍റെ ഓര്‍മകളില്‍ കടന്ന് വരുന്ന ആ കുറിയ മനുഷ്യന്‍ ആരാണെന്നറിയാന്‍ നിങ്ങള്‍ക്കും അകാംക്ഷയുണ്ടാവുമല്ലോ..? എങ്കില്‍ ഞാനയാളെ പരിചയപ്പെടുത്താം. മുംബൈയില്‍ മലബാര്‍ ഹില്ലിലെ സിംല ഹൗസനകത്തുള്ള കമ്‌മ്യൂണിക്കേഷന്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന സമയത്താണ് അവിടെ നിന്ന് നാട്ടിലേക്ക ഫോണ്‍ ചെയ്യാന്‍ വരുന്ന ബാലന്‍ നായരെ ഞാന്‍ പരിചയപ്പെടുന്നത്. ആ പ്രദേശത്ത് മലയാളികള്‍ വളരെ വിരളമായിരുന്നു. അത് കൊണ്ടാവം ആ ബന്ധം ധൃഡമായത്. ഒരു സിന്ധിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശിയായ ബാലന്‍ നായരെ സ്നേഹപൂര്‍വ്വം ഞങ്ങള്‍ ചോട്ടുഭായി എന്നാണ് വിളിച്ചിരുന്നത്. എന്‍റെയടുത്ത് നിന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് കൊണ്ട് അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ എന്തോ ചില പ്രശ്നങ്ങള്‍ ഉണ്ട് എനിക്ക് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു. അയാള്‍ക്കും എനിക്കും ഒഴിവുകിട്ടുമ്പോള്‍ മുകളിലുള്ള കമല നെഹ്രു പാര്‍ക്കിലോ താഴെയുള്ള പ്രിയദര്‍ശിനി പാര്‍ക്കിലോ പോയി ഇരുന്ന് ഓരോ പൊതു കാര്യങ്ങളും ചര്‍ച്ച ചെയ്യും. അയാളുടെ ജീവിതത്തെ കുറിച്ചും അവിടെ എത്തിപ്പെട്ട കഥകളെ കുറിച്ചും ഞാന്‍ ചോദിക്കുമ്പോള്‍ അയാള്‍ മനപ്പൂര്‍വം ഒഴിഞ്ഞ് മാറും. പക്ഷേ നിരന്തരമായ എന്‍റെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ മനസ്സില്ല മനസ്സോടെ അയാളുടെ ജീവിത കഥ എന്നോട് പറഞ്ഞു. തന്‍റെ പതിമുന്നാമത്തേ വയസ്സില്‍ ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ എല്ലാരുടെയും മുമ്പില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെട്ടപ്പോള്‍ കള്ള വണ്ടീ കയറി. എത്തപ്പെട്ടത് കുര്‍ളയിലെ കസായി വാഡയില്‍. എതോ ഹോട്ടലില്‍ ജോലിക്ക് നിന്നു. ഹോട്ടലുടമയുടെ മര്‍ദ്ദനവും ഭാരിച്ച ജോലിയും മൂലം തിരിച്ച് നാട്ടിലേക്ക് ചെല്ലാമെന്ന് കരുതിയെങ്കിലും തന്നെ വിശ്വസിക്കാത്ത നാട്ടിലേക്ക് ഇനിയില്ല എന്ന് തീരുമാനിച്ചു. അങ്ങനെ പതിയെ ചോട്ടുവും നഗര ജീവിതവുമായി പൊരുത്തപ്പെട്ടു. കുറച്ച് കാലത്തെ ഹോട്ടലിലെ തൊഴിലിന് ശേഷം പലപല ജോലികള്‍ ചെയ്തു. കൂലിയായും, കൈവണ്ടിക്കാരനായും, പഴകച്ചവടക്കാരനായും, ബാറിലെ തൊഴിലാളിയായും, ടാക്സിക്കാരനായും അറിയപ്പെട്ടു. അങ്ങിനെ നാടുമായും കുടുംബവുമായും ഏതൊരു ബന്ധമില്ലാതെ കടന്ന് പോയത് നീണ്ട ഇരുപത്തെട്ട് വര്‍ഷം. ഒരു നാള്‍ നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് മോഹമുദിച്ചു. നീണ്ട ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുന്നംകുളത്ത് കാലുകുത്തുമ്പോള്‍ ചാലക്കുടി അങ്ങാടിക്കൊരുപാട് മാറ്റം സംഭവിച്ചിരുന്നു. തങ്ങളുടെ പഴയ വീടൊഴിച്ച് നാടിന്‍റെ മുഖച്ചായ തന്നെ മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക കാലുകുത്താന്‍ മടിച്ചു. കോളിംഗ്ബെല്‍ അമര്‍ത്തിയപ്പോള്‍ അകത്ത് നിന്നും വൃദ്ധയായ സ്ത്രി കടന്ന് വന്നു. ആരാ... അവരുടെ ചോദ്യം ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കണ്ടു. അമ്മയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വാര്‍ദ്ധക്യത്തിലേക്ക് കടന്നു അകെ ക്ഷിണിച്ചു . അവരെ നോക്കി ഒന്നും പറയാതെ നില്‍ക്കുമ്പോള്‍ വീണ്ടുമവരുടെ ചോദ്യം ആരാ മനസ്സിലായില്ല...? സ്വന്തം അമ്മയോട് ഞാനെങ്ങനെ പരിചയപ്പെടുത്തും. എങ്കിലും വിക്കി വിക്കി പറഞ്ഞു അമ്മേ ഇത് ഞാനാ കുട്ടന്‍ നിങ്ങളുടെ ചെറിയമകന്‍ കുട്ടനാമ്മേ. എന്‍റെ അമ്മ ഞെട്ടി . അതിശയത്തോടെ എന്‍റെ മുഖത്ത് നോക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട മകന്‍. ഇനി കാണില്ല എന്ന് വിചാരിച്ച മകന്‍ . അവരെന്നേ കെട്ടി പിടിച്ചു. ഞങ്ങള്‍ ഒരുപാട് കരഞ്ഞു. അവരെന്തൊക്കേയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നെ ഓരോരോ കഥകള്‍ ഞങ്ങള്‍ പങ്കുവെച്ചു. ഞാന്‍ പോയി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടന്നൊരു ദിവസം അച്ഛന്‍ വിട്ട് പിരിഞ്ഞ കഥയും. ചേച്ചിക്കും ചേട്ടനും കല്യാണം കഴിഞ്ഞ കഥയും അങ്ങിനെ ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ഇടയിലുള്ള ഓരോ ദിനങ്ങളുടെ കഥകളും. കുറച്ച് ദിവസങ്ങള്‍ വേണ്ടി വന്നു നാടുമായി പൊരുത്തപ്പെടാന്‍. അമ്മയുടെ ആവശ്യം ഞാന്‍ കല്യാണം കഴിക്കുക എന്നതായിരുന്നു. ചേട്ടനും, പെങ്ങളും മാറി താമസിക്കുന്നത് കൊണ്ട് ആ വീട്ടില്‍ അമ്മ ഒറ്റയ്ക്കായിരുന്നു. കൂട്ടിന് അവരുടെ മക്കള്‍ വരും. ഇനി അമ്മയ്ക്ക് കൂട്ടിന് നീയൊരാളേ കൊണ്ട് വരണം അമ്മയുടെ നിര്‍ബന്ധം കാരണം ഞാന്‍ കല്യാണത്തിന് സമ്മതിച്ചു. പക്ഷേ നാല്‍പത്തിയൊന്ന് വയസ്സായ എനിക്കാര് പെണ്ണ് തരാന്‍. കൂടാതെ നാട് വിട്ട് ഓടി പോയവന്‍ എന്ന പേരും. അങ്ങനെ ഒരുപാട് ആലോചനകള്‍ വന്ന് തെറ്റിപോയി. അവസാനം ഒരാലോചന ഒത്ത് വന്നു ഒരു ഡാന്‍സ് ടീച്ചര്‍. part.....2 സിന്ധിയുടെ വിളി വന്നത് കൊണ്ട് പകുതിയില്‍ നിര്‍ത്തിയ ചോട്ടു ഭായിയുടെ ജീവിത കഥയുടെ ബാക്കി കേള്‍ക്കാതെ എനിക്കുറക്കം വന്നില്ല. താമസമുറിയുടെ താഴെയുള്ള ചക്കിയില്‍ പാതിരാത്രിയും ഗോതമ്പ് പൊടിക്കുന്ന ശബ്ദം കേള്‍ക്കാം. സമയത്ത് പൊടിച്ച് കൊടുക്കാത്തത് കൊണ്ട് മറാട്ടിയില്‍ ഒരു സ്ത്രീ ചീത്ത പറയുകയാണ്. ഉറക്കം വരാതെ ഞാന്‍ മുറിയുടെ കിളിവാതില്‍ തുറന്നു. അത് തുറന്നപ്പോള്‍ പുറത്തേ കാഴ്ച്ചകള്‍ എന്നെ തെല്ല് ഭയപ്പെടുത്തി. ദൂരെ നിന്ന് ശാന്തി വനത്തിലെ മരങ്ങളും, പാര്‍സികള്‍ താമസിക്കുന്ന മലബാര്‍ അപ്പാര്‍ട്ട്മെന്‍റും കാണാം. ആ കാടിന്‍റെ അറ്റത്താണ് പാര്‍സികളുടെ ശവസംസ്ക്കാരം നടത്തുന്ന സ്ഥലം. പകല്‍ സമയങ്ങളില്‍ അവിടെ പാറി നടക്കുന്ന ശവംതീനി കഴുകന്‍മാരെ കാണാം. നേപന്‍സി റോഡില്‍ പണിത ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകളില്‍ മുറിയെടുക്കാന്‍ പലരും മടിച്ചു. പലരും വാങ്ങിയ മുറികള്‍ ഒഴിഞ്ഞു കാരണം പറഞ്ഞതാവട്ടെ പാര്‍സികളുടെ ശവസംസ്ക്കാര സ്ഥലവും കഴുകന്‍മാര്‍ ശവം തിന്നുന്ന കാഴ്ച്ചകള്‍ അവിടെന്ന് നേരേ കാണാം എന്നതായിരുന്നു. ഇങ്ങനെ ഓരോന്ന് ഓര്‍ത്തൂ ഞാന്‍ കണ്ണടച്ച് കിടന്നു. മയക്കം എപ്പോഴോ എന്‍റെ കണ്ണുകളെ ബാധിച്ചു. പിറ്റെ ദിവസം ഞാനും ചോട്ടൂ ഭായിയും പോയി ഇരുന്നത് യാങ്കി ഗാര്‍ഡന്‍റെ അടിയില്‍ നിന്നും ലീക്കായി ഒഴുകുന്ന വെള്ളം സംഭരണം ചെയ്യുന്ന ചെറിയ കുളത്തിനരികിലാണ്. അവിടെ ഗാട്ടി പെണ്ണുങ്ങള്‍ വസ്ത്രം അലക്കുന്നു അവരുടെ ബഹളം കേള്‍ക്കാം. അവിടെയിരുന്ന് ചോട്ടൂ ഭായി തന്‍റെ ജീവിത കഥ തുടര്‍ന്നു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും സഹോദരന്‍റെയും സഹോദരിയുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഞാനും അമ്മയും ആ വിവാഹത്തിന് സമ്മതിച്ചു. അതോടെ എന്‍റെ ജീവിതത്തില്‍ പുതിയൊരു ഏട് തുറന്നു. എന്നേക്കാളും ഒരുപാട് വയസ്സിനിളയ പെണ്ണ്. ദാരിദ്ര്യം കൊണ്ട് അവളെന്‍റെ ഇണയായി. എന്നോടുള്ള നീരസം അവളുടെ സ്വഭാവത്തിലും പ്രകടമായിരുന്നു. വയസ്സ് കാലത്ത് അമ്മയ്ക്ക് തുണയാവട്ടെ എന്ന് വിചാരിച്ച് കല്യാണം കഴിച്ചപ്പോള്‍ അവള്‍ അമ്മയ്ക്കൊരു ബാധ്യതയാകുന്നത് പോലെയായി. ഒരു കുഞ്ഞിക്കാല്‍ കാണണമെന്ന് എന്‍റെ ആഗ്രഹം പോലും സഫലമാക്കുവാന്‍ അവള്‍ വൈമാനസ്യം കാണിച്ചു. അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് ഞാനൊരുപാട് സന്തോഷിച്ചു. എന്‍റെ സന്തോഷത്തേ തല്ലിക്കെടുത്തി എന്‍റെ എതിര്‍പ്പിനെ മറികടന്ന് ഗര്‍ഭകാലത്തും അവള്‍ നൃത്തം ചെയ്തു. അതില്‍ നഷ്ടപ്പെട്ടത് എന്‍റെ സ്വപ്നങ്ങളായിരുന്നു. എങ്കിലും ആരോടും പരാതിയോ പരിഭവമോ പറയാതെ ഞാന്‍ അവളെ പോറ്റാന്‍ വീണ്ടും ഈ നഗരത്തിലെത്തി. ഇന്നും ഞാനവളെ വിളിച്ചു. അമ്മയോടും സംസാരിച്ചു. എല്ലാ മാസവും ഡിഡി അയക്കുന്നത് പോലെ ഇന്നും അയച്ചാണ് വരവ്. ഇനി നീ നൃത്തം ചെയ്യാന്‍ പോവണ്ടാ എന്നും നൃത്തം പഠിപ്പിക്കുന്ന കുട്ടികളെ ഒഴിവാക്കണമെന്നും ഞാന്‍ അവളോട് പറഞ്ഞു. അവള്‍ സമ്മതിച്ചടാ അസീ.. അയാളെന്നോട് സന്തോശത്തോടെ പറഞ്ഞു. അടുത്തമാസം എനിക്ക് നാട്ടില്‍ പോകണം . പിടിവിട്ട് പോയ എന്‍റെ ജീവിതം തിരിച്ച് പിടിക്കണം . അയാള്‍ പറഞ്ഞു. ഒരു സിനിമാക്കഥ കേള്‍ക്കുന്നത് പോലെ ഞാനെല്ലാം കേട്ടിരുന്നു. പക്ഷേ അയാളുടെ വാക്ക് വിശ്വസിച്ച ഞാനൊരു ചതിയില്‍ പെടുകയായിരുന്നു. അയാളിങ്ങനെ ചതിക്കുമെന്ന് ഞാന്‍ കരുതിയില്ല... Part-3 ചോട്ടുഭായി ഫോണ്‍ വിളികാശ് എല്ലാ മാസവും ഒന്നാം തീയതി ഒന്നിച്ചാണ് തന്നിരുന്നത്. ആ മാസം നാട്ടില്‍ അയക്കാനെന്ന് പറഞ്ഞു എന്‍റെ കൈയ്യില്‍ നിന്നും ഒന്നാം തീയതി തിരിച്ച് തരാമെന്ന ഉറപ്പിന്‍ മേല്‍ ആയിരം രൂപ അയാള്‍ കടം ചോദിച്ചു. എന്‍റെ കൈയ്യിലില്ലാത്തത് കൊണ്ട് ഫോണ്‍ ബില്ലടയ്ക്കാന്‍ വെച്ച കാശില്‍ നിന്നും ഞാന്‍ മുതലാളിയറിയാതെ കാശെടുത്തു കൊടുത്തു. തീയതി ഒന്നും കഴിഞ്ഞ് രണ്ടുംമുന്നുമായി. ചോട്ടുവിനെ കാണാനില്ല. ആയാള്‍ തരാനുള്ള മൊത്തം തുക ഞാന്‍ കണക്ക കൂട്ടിയപ്പോള്‍ 1600 ആയി. അന്നെനിക്ക് മാസ ശമ്പളം ആയിരത്തിയഞ്ഞൂറെ ഉണ്ടായിരുന്നുള്ളു. അതും രണ്ട് മാസത്തേ ശമ്പളം ഞാന്‍ അഡ്വാന്‍സായി വാങ്ങിച്ചിരുന്നു. അഞ്ചാം തീയതി ബില്ലടച്ചില്ലെങ്കില്‍ ലൈന്‍ കട്ടാവും, മുതലാളിയറിഞ്ഞാല്‍ എന്‍റെ പണി പോയത് തന്നെ. ആരും സഹായിക്കാനില്ലാതെ അയാളെ വിശ്വസിച്ച നേരത്തേയോര്‍ത്ത് ഞാന്‍ ശപിച്ചിരുന്നു. ഒരു വഴിയും കാണാതെ അവസാനം നാഗ്പാഡയില്‍ താമസിക്കുന്ന അമ്മവാന്‍റെയടുത്ത് പോയി കാരഞ്ഞ് കാര്യം പറഞ്ഞു. അവരെന്നേ കടം കൊടുത്തതിന് കുറേ ചീത്തയും പറഞ്ഞ് അവസാനം ഉപദേശത്തോടെ കാശും തന്നു. അത് കൊണ്ട് പോയി ഞാന്‍ കൃത്യസമയത്ത് ബില്ലടച്ചു എന്‍റെ ജോലി നിലനിര്‍ത്തി. ദിവസങ്ങള്‍ പോയിക്കൊണ്ടിരുന്നു. ചോട്ടുഭായിയെ കണ്ട് പിടിച്ച് കാശ് വസൂലാക്കണം എന്ന് എനിക്ക് വാശിയായി. പരിചയമുള്ള പലരോടും അന്വേശിച്ചു.പക്ഷേ അവരെല്ലാം അയാളെ കാണാതെ ദിവസങ്ങളായി. അങ്ങിനെയൊരു ദിവസം അയാളുടെ ഒരു കൂട്ടുകാരനെ കണ്ടു. അയാള്‍ക്കും ഇയാളെവിടെ പോയി എന്ന വിവരമറിയില്ല. അയാളുടെ താമസസ്ഥലം എനിക്ക് പറഞ്ഞ് തന്നു. അങ്ങിനെ ഹൈദറബാദ് എസ്റ്റേറ്റിലെ അയാളുടെ താമസ സ്ഥലം തേടി ഞാന്‍ പോയി. പലരോടും അന്വേശിച്ച് മുറിയുടെ മുന്നിലെത്തി. കോളിംഗ് ബെല്ലടിച്ചപ്പോള്‍ മുറി തുറന്നത് കൂടെ ജോലി ചെയ്യുന്ന ജോര്‍ജാണ്. ഇതാര്..! ഞാന്‍ അങ്ങോട്ട് വരാനിരിക്കുകയായിരുന്നു. അകത്ത് വാ അയാള്‍ എന്നെ ക്ഷണിച്ചു. ചോട്ടുഭായി എവിടെ വാതില്‍ക്കല്‍ നിന്ന് ഞാന്‍ ചോദിച്ചു. ജോര്‍ജ് അകത്തോട്ട നോക്കി വിളിച്ച് പറഞ്ഞു. കുട്ടേട്ടാ...കുട്ടേട്ടനേ അന്വേശിച്ച് അസീസ് വന്നിട്ടുണ്ട് .അവനോട് അകത്തോട്ട് വരാന്‍ പറ. ചോട്ടുഭായിയുടെ ശബ്ദം. ദേശ്യത്തോടെ അകത്ത് പോയ ഞാന്‍ അകത്തേ കാഴ്ച്ച കണ്ട് സ്തംഭിതനായി! .അരയ്ക്ക് മുഴുവന്‍ പ്ളാസ്റ്ററിട്ട് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അയാള്‍ കട്ടിലില്‍ കിടപ്പാണ്. അയാള്‍ എന്‍റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. എന്‍റെ കാശ് അന്വോഷിച്ച് വന്നതല്ലേ. അങ്ങോട്ട് വന്ന് തരണമെന്ന് എനിക്കുണ്ടായിരുന്നു പക്ഷേ എന്ത് ചെയ്യാം പരസഹായമില്ലാതെ എനിക്ക് എഴുന്നേറ്റിരിക്കാന്‍ പോലും പറ്റുന്നില്ലടാ. എന്തിന് ഞാന്‍ ഇവിടെ കിടന്ന പ്രാഥമിക കൃത്യം പോലും ചെയ്യുന്നത്. ആ ജോറ്ജ് ജോലി കഴിഞ്ഞ് വന്ന് എല്ലാം വൃത്തിയാക്കും . ഒരു യഥാര്‍ത്ത കൂട്ടുകാരന്‍റെ വില ഇപ്പോഴാണെനിക്ക് മനസ്സിലായത്. എന്‍റെ ഭാര്യപോലും ചെയ്യാനറക്കുന്ന കാര്യങ്ങളാണ് വലിയ ആത്‌മ ബന്‌ധം പോലുമില്ലാത്ത അവന്‍ ചെയ്ത് തരുന്നത്. നിനക്ക് കാശ് തരാന്‍ ഞാന്‍ മിനിഞ്ഞാന്നേ ജോര്‍ജിനെ ഏല്‍പിച്ചിട്ടുണ്ട് സോറിടാ അവന് വരാന്‍ പറ്റിയില്ല. ഇതൊക്കേ കണ്ടും കേട്ടും വല്ലാത്തയൊരു അവസ്ഥയില്‍ ഞാന്‍ ഇരുന്ന് പോയി. സമനില വീണ്ടെടുത്ത് ഞാന്‍ ചോദിച്ചു. ചോട്ടുഭായി ഇതെന്താ പറ്റിയത്...? part 4
അവസാന ഭാഗം *************** ചോട്ടൂഭായി എന്നോട് ആ സംഭവം വിവരിച്ചു. ആ ന്യുഇയര്‍ രാത്രി. ഗേറ്റ് ഒാഫ് ഇന്ത്യയില്‍ പോയി പുതുവര്‍ഷം ആഘോഷിക്കാനുള്ള എന്‍റെ ക്ഷണം നിരാകരിച്ച രാത്രി ഞങ്ങളോട് നാളെ കാണാം എന്ന് പറഞ്ഞ് അയാള്‍ നേരേ പോയത് സിംല ജോപ്ട പെട്ടിയിലേക്ക് . മലമുകളില്‍ സ്ഥിതി ചെയ്യുന്ന ജോപ്ടകളിലേക്ക് താഴെ നിന്നും ഇരുപത്തേഴ് നടകളുണ്ട്. നടകയറുമ്പോള്‍ തബ്ലീഗ് മസ്ജിദില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് നടയിറങ്ങി വരുന്ന തബല മാന്ത്രികന്‍ സാക്കീര്‍ ഹുസൈനെയും കാണാനിടയായി.അവര്‍ക്ക് സലാം ചെയ്ത് ഞാന്‍ എന്തോ ചിന്തിച്ച് നട കയറിയതാണ്. മുകളിലെത്തിയപ്പോള്‍ ഞാന്‍ നടയില്‍ തെന്നി താഴെവരെ ഉരുളി വീണു. പിന്നെ എനിക്കൊന്നുമറിയില്ല പിന്നെ ആശുപത്രിയില്‍ വെച്ച് ഓര്‍മ്മ തിരിച്ച് വരുമ്പോള്‍ ഞാനീനിലയിലാണ്. പതിനഞ്ച് ദിവസം അവിടെ കിടന്നു. ഇന്നലെ ഡിസ്ചാര്‍ജായി ഇവിടെ വന്നു. ഇവിടെ ഇങ്ങനെ കിടന്നാല്‍ എങ്ങനെ നാട്ടില്‍ പോകേണ്ടേ....? ഞാന്‍ ചോദിച്ചു. ഇല്ലാ വീട്ടുകാരോട് ഇത് വരെ വിവരം പറഞ്ഞിട്ടില്ല . അയാള്‍ അറിയിച്ചു എനിക്കത്ഭുതമായി ഞാന്‍ മിഴിച്ചിരുന്നത് കണ്ട് അയാള്‍ പറഞ്ഞു. രണ്ട് പ്രാവശ്യം ഞാന്‍ വീട്ടിലേക്ക് ട്രങ്ക് കോള്‍ ചെയ്തു. സേട്ടിന്‍റെ കൂടെ ഗുജറാത്തിലാണെന്നും ഇടക്കിടെ ഫോണ്‍ വിളിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. നമ്മുടെ അവസ്ഥയറിയിച്ചു അവരെന്തിന് വിഷമിപ്പിക്കണം. ഒന്നും പറയാനില്ലാതെ ഞാന്‍ അയളോട് നിങ്ങളുടെ അസുഖം മാറാന്‍ പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞു അയാളോട് ചോദിച്ചു. നിങ്ങളും പ്രാര്‍ത്ഥിക്ക് എവിടെ നിങ്ങളുടെ ദൈവത്തിന്‍റെ ഫോട്ടോ ഒന്നും കാണുന്നില്ലല്ലോ ...? തന്‍റെ കിടക്കയ്ക്ക് മുകളില്‍ വെച്ച കണ്ണാടി കണിച്ച് അയാളെന്നോട് പറഞ്ഞു ഇതാണ്. എന്‍റെ ക്ഷേത്രം. ഇതില്‍ തെളിയുന്ന എന്‍റെ പ്രതിബിംബമാണെന്‍റെ ദൈവം. കൂടെ ഒരു ചെറിയ ഫോട്ടോ കാണിച്ചെന്നോട് പറഞ്ഞു ഇതാണ് എന്‍റെ ഗുരു. ഞാന്‍ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി, വൈകുണ്ഠസ്വാമികള്‍. മനുഷ്യരുടെ ഉള്ളിലുള്ള ഈശ്വരന്റെ പ്രതിഛായ കാണാ നാണ് കണ്ണാടി പ്രതിഷ്ഠിച്ച വൈകുണ്ഠ സ്വാമി. . ”താനാണ് തന്റെ ദൈവം’. ഈരേഴ് പതിനാല് ലോകങ്ങളും അവന്റെ ശരീരത്തി ലാണ്. അവനിലുള്ള ഈശ്വരനെ കണ്ടെത്തുമ്പോള്‍ ആ പതിന്നാലു ലോകങ്ങളും കണ്ടെത്തുവാന്‍ കഴിയും. എന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ ഉന്നയിച്ച സ്വാമിയുടെ ഫോട്ടോ ആയിരുന്നത്. അയാള്‍ തുടര്‍ന്നു. ഈ കണ്ണാടിയിലൂടെ ചിലപ്പോള്‍ ഞാന്‍ നല്ല മനുഷ്യനെയും ചിലപ്പോള്‍ പിശാചിനെയും കാണുന്നു. അയാളുടെ തത്വം എനിക്ക് മനസ്സിലായില്ല എന്ന് മാത്രമല്ല എന്നെ മുശിപ്പിച്ചു. ഞാന്‍ മിഴിച്ചിരുന്നു. എനിക്കൊന്നും മനസ്സിലായില്ല എന്ന് മനസ്സിലാക്കിയയാള്‍ അവിടെയുള്ള വലിയ ജനാല തുറക്കാന്‍ എന്നോടാവശ്യപ്പെട്ടു. ജനാലയ്ക്ക് പുറം തിരിഞ്ഞിരുന്നു ആ വലിയ കണ്ണാടി ഉയര്‍ത്തിപിടിക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാനങ്ങിനെ ചെയ്തപ്പോള്‍ അയാളെന്നോട് ചോദിച്ചു ആ കണ്ണാടിയില്‍ നീയെന്ത് കാണുന്നു. എന്ത് കാണാന്‍ പുറത്ത് കച്ചറ വാരുന്നവരെയും അവരുടെ ടെന്‍റും പിള്ളരെയും കാണുന്നു. ഞാന്‍ നീരസത്തോടെ പറഞ്ഞു. അതാണ് നീ കാണണ്ടേത്. ഇനി നിന്‍റെ മുഖം നോക്കൂ എത്ര ഭാഗ്യവാന്‍ നീ. എത്ര നല്ല ഉടുപ്പ്. എത്ര നല്ല ജോലി. എത്ര നല്ല ഭക്ഷണം അല്ലേ അപ്പോള്‍ നിനക്ക് കിട്ടിയ അനുഗ്രഹത്തില്‍ നീ സന്തോഷിക്കുകയല്ലേ വേണ്ടത് . ഞാനും ജന്മനാ എന്നെക്കാളും ദുരിതമനുഭവിക്കുന്നവര്‍ എത്രയോ പേരുണ്ട് അവരെയോര്‍ത്താല്‍ എന്‍റെ ഈ അവസ്ഥ വെറും നിസാരം. അയാള്‍ തുടര്‍ന്നു. മുപ്പതോളം വര്‍ഷം കൊണ്ട് ഞാന്‍ ജീവിതത്തില്‍ പഠിച്ചതിതാണ്. എനിക്ക് അഹങ്കാരം വരുമ്പോള്‍ ഈ കണ്ണാടിയ്ക്ക് മുമ്പില്‍ ഞാന്‍ നില്‍ക്കും. ഒത്ത ഉയരമോ നിറമോ ഇല്ലാത്ത എന്‍റെ പ്രതിബിംബം കണ്ടാടിയില്‍ കാണുമ്പോള്‍ എന്‍റെ അഹങ്കാരം കെട്ടടങ്ങും. വിഷമം വരുമ്പോള്‍ ഞാനാ ജനല്‍ തുറന്ന് കണ്ണാടി ഉയര്‍ത്തി നോക്കും . അവരെ കാണുമ്പോള്‍ ഞാന്‍ എത്ര സുന്ദരന്‍ ഭാഗ്യവാന്‍ എന്നെനിക്ക് മനസ്സിലാകും. പക്ഷേ ഇപ്പോള്‍ പുറത്തേക്ക് പോയിട്ട് ആ കണ്ണാടിയുയര്‍ത്തി എന്നെതന്നെ നോക്കാന്‍ എനിക്ക് പറ്റുന്നില്ലടാ. അത് പറയുമ്പോള്‍ അയാളുടെ ശബ്ദം ആദ്യമായി ഇടറിയ പോലെ എനിക്ക് തോന്നി. ഇനിയും അവിടെ നിന്നാല്‍ അയാളുടെ കണ്ണില്‍ നിന്നും കണ്ണ്നീറ് പൊടിയുന്നത് കാണേണ്ടി വരുമോ എന്നെനിക്ക് ഭയമായി. ട്യൂട്ടി തുടങ്ങാന്‍ സമയമായി എന്ന കാരണം പറഞ്ഞ് ഞാന്‍ അയാളോട് യാത്ര ചോദിച്ചു. അന്നേരം അയാള്‍ ജോര്‍ജിനെ വിളിച്ച് എന്‍റെ കാശ് പോക്കറ്റില്‍ ഇട്ടു തന്നു. ഞാന്‍ അത് നിരസിച്ചിട്ടും അയാള്‍ അത് നിര്‍ബന്ധപൂര്‍വം വാങ്ങിപ്പിച്ചു. എന്നിട്ടെന്നോട് പറഞ്ഞു. ഞാന്‍ ഇത് വരെ ആര്‍ക്കും ബാധ്യതയായിട്ടില്ല ഈ ജോര്‍ജിനൊഴിച്ച്. തിരികെ നടക്കുമ്പോള്‍ കീശയിലുള്ള നോട്ടുകള്‍ ചുട്ടുപൊള്ളുന്നതായി എനിക്ക് തോന്നി. വിശ്വസ്തനായ ഒരാളെ കാരണമറിയാതെ ശപിച്ചതിലുള്ള സംശയിച്ചതിലുള്ള കുറ്റബോധം ഇന്നുമെന്‍റെ മനസ്സില്‍ വിങ്ങിപെട്ടുന്നു. അങ്ങനെ ഞാന്‍ ബോംബേയോട് വിട ചെല്ലി. ഇന്ന് ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ ചോട്ടുഭായി ആ കണ്ണാടിയും പിടിച്ച് സന്തോശത്തോടെ ജീവിക്കുന്നു എന്ന് കരുതാനാണെനിക്കിഷ്ടം.