Search This Blog

Tuesday, May 24, 2016

ഒരു വെല്‍വെറ്റ് പാന്‍റും , പരിഷ്ക്കാരത്തിന്‍റെ പതനവും

പത്താം ക്ളാസിലെ പഠനം കഴിഞ്ഞു ഉപ്പ മൊഗ്രാലില്‍ വിഎച്ച്എസ്ഇയില്‍ ചേര്‍ത്തു. പൈവളികെയില്‍ നിന്നും രണ്ട് ബസ്സുകള്‍ കയറി മൊഗ്രാലിലെക്കുള്ള യാത്ര. ബസ്സില്‍ എന്നും തിക്കും തിരക്കായിരുന്നു. എത്ര തിരാക്കാണെങ്കിലും നമ്മളന്ന് ചാടിക്കയറുന്നത് മുമ്പിലെ വാതിലിലൂടെയാണ്. പിന്നിലൂടെ കയറിയാലും തിക്കിതിരക്കി മുന്നിലെത്തും. എന്നിട്ടെതെങ്കിലും പെണ്‍പിള്ളാരുടെ വായ നോക്കും. പച്ചെങ്കി ഒരു പെണ്ണും ഞമ്മളെ നോക്കിയോ അതുമില്ല. പൈയ്യക്കിലെ ധൂമണ്ണന്‍ തൈച്ച് തന്ന പാവട പോലുള്ള പാന്‍റും, തയ്യല്‍ പഠിക്കുന്ന പെങ്ങള്‍ പരീക്ഷണാര്‍ത്ഥം തയ്ച്ച കുപ്പായവും. ഇടക്കിടെ അതിന്‍റെ ബട്ടന്‍ പോയത് കൊണ്ട് ഉമ്മ വിവിധ കളറില്‍ പിടിപ്പിച്ച് തന്ന ബട്ടന്‍സും, അതിലൊരു ബട്ടന്‍ ബീഡി കെട്ടുന്ന മഞ്ഞ നൂച്ചറില്‍ (നൂല്‍) ലുള്ളതും മായ ഡ്രെസ്സിങ്ങ് സ്റ്റൈലില്‍ പോയാല്‍ പിന്നെ നമ്മളെ ആര് നോക്കാനാണ്. പുസ്തകം കൊണ്ട് പോകാന്‍ കൈയ്യിലൊരും പ്ളാസിറ്റിക്ക് കവറുണ്ട്. അതിന്‍റെ കളറാണെങ്കില്‍ തേഞ്ഞും നഖത്തിന്‍റെയും ഡസ്ക്കിന്‍റെയും പാട് വന്ന് ഓട്ടയായി ഇപ്പം പുസ്തകം പുറത്ത് വീണ് പോകൂമെന്നവസ്ഥ. അത് ഇരിക്കുന്ന ആരൂടെയെങ്കിലും കൈയ്യിലേല്‍പിച്ച് നമ്മളങ്ങനെ മുമ്പില്‍ ഞെളിഞ്ഞ് നില്‍ക്കും. സീറ്റ് തേടുന്നതാവട്ടെ ഡ്രൈവറിന്‍റെ എതിര്‍ ഭാഗത്ത് തിരിച്ചിട്ട സീറ്റും. അവിടെയാകുമ്പോള്‍ എല്ലാരെയും വീക്ഷിക്കാം. വൈകുന്നേരം വരെ ക്ളാസുള്ളത് കൊണ്ട് ഉച്ചയ്ക്ക് പട്ടിണി കിടക്കണ്ടാ എന്ന് പറഞ്ഞ് ഉപ്പ ഒരു സ്റ്റീല്‍ ടിഫിനും വാങ്ങി തന്നു. ആദ്യം ടിഫിനില്‍ ഭക്ഷണം കൊണ്ട് പോകാന്‍ മടിച്ചെങ്കിലും സലാമിയ ഹോട്ടലില്‍ എന്നും പൊറോട്ടയും ബീഫ് സുറുവയും കഴിക്കാന്‍ കാശില്ലാത്ത്ത് കൊണ്ടും വിശപ്പ് എനിക്ക് പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത വികാരമായത് കൊണ്ടും ടിഫിനില്‍ ഭക്ഷണം കൊണ്ട് പോകാന്‍ തയ്യാറായി. കൂട്ടുകാരുടെ കളിയാക്കല്‍ കൂടി വന്നപ്പോളും അള്ളിക്കാരനായി ചിത്രീകരിച്ചപ്പോളും ഞാന്‍ പാന്‍റ് തൈയ്ക്കുന്ന രീതിയില്‍ കുറച്ച് മാറ്റം വരുത്തി. ഷര്‍ട്ട് പീസുകളില്‍ പെങ്ങള്‍ക്ക് പരീക്ഷിക്കാനുള്ള അവസരവും നിഷേധിച്ചു. മാല്‍ബ്രോ പരസ്യമുള്ള പ്ളാസ്റ്റിക്ക് കവറില്‍ നിന്നും പുസ്തകമെടുത്തു. അത്യാവശ്യമുള്ള,രണ്ടോ മൂന്നോ നോട്ട് പുസ്തകം മാത്രം വെറും കയ്യില്‍ പിടിച്ച് പോകാന്‍ തുടങ്ങി. അങ്ങനെ ഞാനും പരിഷ്ക്കാരിയായി. പരിഷ്ക്കാരിയായ ശേഷം പിന്നെ ആകെയുള്ള പ്രശ്നം സ്റ്റീലിന്‍റെ ടിഫിനില്‍ എങ്ങനെ ഭക്ഷണം കൊണ്ട് പോകും എന്നതാണ്. പുസ്തകത്തിന്‍റെ കൂടെ ടിഫിന്‍ പിടിച്ചാല്‍ കാണുന്നവര്‍ സ്ക്കൂളില്‍ ഇന്ന് ദഫ് മത്സരമുണ്ടോ എന്ന് ചോദിക്കാന്‍ മടിക്കില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ പട്ടിണിയായലും പ്രശ്നമില്ല ഇനി ടിഫിനില്‍ ഭക്ഷണം കൊണ്ട് പോവില്ല എന്ന് തീരുമാനിച്ചു. എന്‍റെ വിശമവും പട്ടിണിയും കണ്ട് കൂട്ടുകാരനായ പ്രഭാരാജനാണ് എനിക്കൊരു ആശയം പറഞ്ഞ് തന്നത്. വാഴയില വാട്ടി അതില്‍ ചോറും കറിയും ഒഴിച്ച് അത് പൊതിഞ്ഞ് അതിന് മുകളില്‍ പേപ്പര്‍ പൊതിയുക . എന്നിട്ടത് പോക്കറ്റില്‍ തിരുകി കയറ്റുക . നല്ല ആശയമായത് കൊണ്ട് ഞാനങ്ങിനെ ചെയ്യാന്‍ തുടങ്ങി . ആരുമറിയാത്ത രീതിയില്‍ ഭക്ഷണവും പൊതിഞ്ഞ് കൊണ്ട് പോകും. ആ സമയത്ത് ബോംബെയില്‍ നിന്നും വന്ന കാക്ക (അമ്മാവന്‍) എനിക്കൊരു സമ്മാനം തന്നു നല്ല പളപള മിന്നുന്ന വെല്‍വെറ്റ് പാന്‍റും ഒരു ലകോസ്റ്റിന്‍റെ ടീഷര്‍ട്ടും. അങ്ങനെ എന്‍റെ ജീവിതത്തില്‍ എന്നും ഓര്‍ത്ത് വെയ്ക്കാന്‍ പറ്റുന്ന ഒരു കറുത്ത ദിവസം വന്നു. ഞാന്‍ പുതിയ വെല്‍വെറ്റ് പാന്‍റും ടീഷര്‍ട്ടും ധരിച്ചു. പതിവ് പോലെ ഭക്ഷണ പൊതി കീശയില്‍ തിരുകി. സൈഡിലുള്ള കീശ ചെറുതും പിറകിലെ കീശ വലുതുമായത് കൊണ്ട് പുറകിലാണ് പൊതി വെച്ചത്. അങ്ങനെ ഗമയില്‍ ബസ്സില്‍ കയറി. ഞാന്‍ മുമ്പത്തേക്കാളും സുന്ദരനായ പോലെ എനിക്ക മാത്രം തോന്നി. കൈക്കമ്പയില്‍ നിന്നും ബസ്സ് മാറി കയറി. അന്നാ ബസ്സില്‍ പതിവിലും തിരക്കായിരുന്നു. പിടിച്ച് നില്‍ക്കാന്‍ പോലും സ്ഥലമില്ല. കൈയ്യിലുള്ള പുസ്തകത്തേ ഏല്‍പിക്കാന്‍ ആരെയും കാണുന്നുമില്ല. എങ്കിലും ഞാന്‍ കഷ്ടപ്പെട്ട് മുമ്പിലെത്തി. എന്‍റെ മുമ്പില്‍ പിന്നിലും മുട്ടം എംഇഎസ് സ്ക്കൂളിലെ കുട്ടികളാണ്. അനങ്ങാന്‍ പറ്റുന്നില്ല. ബസ് ബ്രേക്ക് ചവിട്ടുമ്പോളും നില്‍ക്കുമ്പോളും ചെറിയ കുട്ടികള്‍ എന്നെ തള്ളുന്നു. പിടിത്തം കിട്ടാത്ത പിള്ളേര്‍ എന്‍റെ പാന്‍റില്‍ പിടിക്കുന്നു. കൈ താഴെ ഇടാന്‍ പോലും പറ്റാത്തത് കൊണ്ട് അവരെ തടയാനും പറ്റുന്നില്ല . എനിക്കാകെ വിഷമമായി. ഇത്ര നല്ല പാന്‍റ് ധരിച്ചിട്ടും ഒരു പെണ്‍കുട്ടിയേയും കാണിക്കാന്‍പറ്റിയില്ല. എതായാലും മുട്ടം കഴിഞ്ഞാല്‍ തിരക്ക് കുറയും അപ്പോള്‍ ആരെങ്കിലും കാണുന്നത് പോലെ നില്‍ക്കാമെന്ന് മനസ്സില്‍ വിചാരിച്ചു. പെട്ടന്നതാ എന്‍റെ അടുത്തുള്ളവരെല്ലാം ദൂരെ തള്ളി നില്‍ക്കുന്നു . കൂടെ ചിരിയും ബഹളവും ബസ്സിലുള്ള എല്ലാവരുടെയും നോട്ടം എന്‍റെ മേലാണ്. പലരും എത്തി നോക്കുന്നു. അവരുടെ മുഖത്തൊക്കെ എന്നോടൊരു അറപ്പ് പോലെ. ഞാന്‍ ഞെട്ടി പിറകോട്ട് നോക്കി. അപ്പോള്‍ എനിക്ക് മനസ്സിലായി. എന്‍റെ പാന്‍റ് പിടിച്ച് തള്ളിയ കുട്ടികള്‍ പണിപറ്റിച്ചു. കീശയിലുള്ള പൊതി പൊട്ടി പാന്‍റിലൂടെ ഒലിക്കുന്നു. ഉമ്മ ഒഴിച്ച് തന്ന രാത്രി ബാക്കിയായ കോഴിക്കറിയിലെ ചാറ് ഒഴുകി കാലിനടി വരെ എത്തി. അത് കണ്ട കണ്ടക്ടറുടെ ഒരു ചോദ്യം.. രാവിലെ കക്കൂസിലൊക്കേ പോയി വന്നുടെടാ...വെറുതേ ബസ്സ് നാറിക്കാന്‍..? ഇത് അതല്ല കറിയാണെന്ന് പറയാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ എന്‍റെ ശബ്ദം പുറത്ത് വന്നില്ല. അന്ന് വരെ നോക്കാത്ത എല്ലാ പെണ്‍കുട്ടികളും പരിഹാസത്തോടെ എന്‍റെ മുഖത്തും വെല്‍വെറ്റ് പാന്‍റിലേക്കും നോക്കി. കുക്കാറില്‍ എത്തിയത് കൊണ്ട് തോടിന്‍റെ മുകളിലുള്ള പാലത്തില്‍ ബസ്സ് നിര്‍ത്തി. എന്നെ ഇറക്കി വിട്ടു. തോട്ടില്‍ പോയി കഴുകാന്‍ പറഞ്ഞു. ബസ്സ് പോയി. ഒന്നും പറയാനോ ചെയ്യാനോ പറ്റാതെ ഞാന്‍ ആ ജൈഷാല്‍ ബസ്സിനെ നോക്കി നിന്നു. അന്ന് അതൊരു മാനക്കേടിന്‍റെ സംഭവമായത് കൊണ്ട് ഞാനാരേയും അറീക്കാതെ നിന്നു. ഇന്നാകട്ടെ ഇടക്കിടെ ഞാനാ സംഭവം ഓര്‍ത്ത ചിരിക്കും.